രുപതുകളിൽ ഉല്ലസിച്ചു നടക്കേണ്ട പ്രായത്തിൽ വീൽചെയറിലായ പെൺകുട്ടി. പക്ഷേ വിധിയെ പഴിച്ച് ജീവിതം തള്ളിനീക്കുകയല്ല മറിച്ച് ജീവിതത്തോട് പൊരുതി അതുല്യനേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ശതാബ്ദി എന്ന യുവതി. വീടിന്റെ മട്ടുപ്പാവിൽ നിന്ന് താഴേക്ക് വീഴുകയും ശരീരം അരയ്ക്കു താഴേ തളരുകയും ചെയ്തപ്പോൾ സ്വപ്നങ്ങളെ കുഴിച്ചുമൂടാൻ ശതാബ്ദി തയ്യാറായില്ല. വീൽചെയറിലിരുന്നുകൊണ്ട് കായികപരിശീലനം നേടി. ദേശീയ അന്തർദേശീയ മത്സരങ്ങളിൽ മെഡലുകൾ വാരിക്കൂട്ടി. ഇന്ന് തന്റെ രാജ്യത്തിനു വേണ്ടി പേരെടുക്കുന്നതിന്റെ ആനന്ദത്തോടെ ജീവിക്കുകയാണ് ശതാബ്ദി. ഹ്യൂമൻസ് ഓഫ് ബോംബെ പേജിലൂടെയാണ് ശതാബ്ദിയുടെ ജീവിതകഥ പുറത്തുവന്നത്.

കുറിപ്പിലേക്ക്..

എന്റെ മാതാപിതാക്കൾ ഏറ്റവും വേ​ഗതയേറിയ ട്രെയിൻ എന്ന നിലയിൽ എനിക്ക് ശതാബ്ദി എന്ന പേരാണ് നൽകിയത്, കാരണം ഞാനൊരിടത്തും അടങ്ങിയിരിക്കുന്ന കുട്ടിയായിരുന്നില്ല. എനിക്ക് വലിയ സ്വപ്നങ്ങളുണ്ടായിരുന്നു. സൈനിക ഉദ്യോ​ഗസ്ഥയാവണമെന്നും രാജ്യത്തെ സേവിക്കണമെന്നും ഞാൻ ആ​ഗ്രഹിച്ചു. പക്ഷേ ഇരുപത്തിയൊന്നാം വയസ്സിൽ‌ ഞാൻ ടെറസിൽ നിന്ന് വഴുതിവീണു. എന്റെ നിലവിളി കേട്ട മാതാപിതാക്കൾ എന്നെയുമെടുത്ത് ആശുപത്രിയിലേക്ക് പാഞ്ഞു. അഞ്ചുമണിക്കൂറിനു ശേഷം ഞാൻ എഴുന്നേൽക്കുമ്പോൾ ഡോക്ടർമാർ പറഞ്ഞ കാര്യം എന്റെ ലോകം തലകീഴായ് മറിച്ചു. അരയ്ക്കു താഴേക്ക് തളർന്നുവെന്നും ഇനിയൊരിക്കലും എഴുന്നേറ്റു നടക്കാൻ കഴിയില്ല എന്നുമായിരുന്നു അത്. 

ഞാൻ തകർന്നുപോയിരുന്നു. എനിക്ക് പരസഹായമില്ലാതെ ടോയ്ലറ്റിൽ പോകാൻ പോലും കഴിഞ്ഞിരുന്നില്ല. നാണക്കേട് തോന്നി. എന്റെ ആത്മവിശ്വാസം പാടേ നഷ്ടപ്പെട്ടു. ബന്ധുക്കളെല്ലാം ഇങ്ങനെയൊരു മകൾ ഉണ്ടാവുന്നതിലും ഭേദം മരിച്ചുപോകുന്നതാണെന്ന് മാതാപിതാക്കളോട് പറഞ്ഞു. പക്ഷേ കുടുംബം എനിക്കൊപ്പം നിന്നു. എന്റെ മകൾ ഇതിനെയെല്ലാം അതിജീവിച്ച് വലിയവളാകും എന്ന് അച്ഛൻ അവർക്ക് മറുപടി നൽകി. 

പക്ഷേ പിന്നീടുള്ള ആറുവർഷക്കാലം ആശുപത്രിയായിരുന്നു എന്റെ വീട്. എന്റെ കുടുംബം സാമ്പത്തിക പരാധീനതയിലായിരുന്നു. അവർ ബന്ധുക്കളിൽ നിന്നും മറ്റും കടംവാങ്ങിയും അമ്മയുടെ പെൻഷൻ പണം കൊണ്ടുമാണ് ജീവിച്ചത്. എന്റെ ചികിത്സ പൂർത്തിയായതോടെ ഞാനൊരു കാര്യം ഉറപ്പിച്ചു. ഈ സംഭവത്തിൽ ഞാൻ ഒതുങ്ങിക്കൂടില്ല, ഞാൻ പരാശ്രയമില്ലാതെ നിൽക്കും. 

ഞാൻ ബാങ്കിങ് പരീക്ഷകൾക്കു വേണ്ടി തയ്യാറെടുത്തു തുടങ്ങി. ആദ്യശ്രമത്തിൽ തന്നെ അതു നേടിയെടുക്കുകയും ചെയ്തു. അതോടെ അച്ഛൻ അഭിമാനത്തോടെ മാനേജറുടെ അച്ഛനാണ് ഞാൻ എന്ന് പറയാൻ തുടങ്ങി. പക്ഷേ ആ സന്തോഷം അധികനാൾ നീണ്ടില്ല. ആറുമാസത്തിനുള്ളിൽ അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിക്കുകയും മരിക്കുകയും ചെയ്തു. എനിക്ക് ടെറസിൽ നിന്ന് വീണപ്പോൾ അനുഭവിച്ചതിനേക്കാൾ വലിയ വേദനയായിരുന്നു അത്. 

അദ്ദേഹത്തിന്റെ നഷ്ടം നികത്താനായി ഞാൻ സാമൂഹിക പ്രവർത്തനം തുടങ്ങി. അതെന്നെ ആശ്വസിപ്പിച്ചു, സത്യത്തിൽ രാജ്യത്തിനേയും ജനങ്ങളേയും സേവിക്കലാണ് എന്റെ ആത്യന്തികലക്ഷ്യമെന്നും തിരിച്ചറിഞ്ഞു. വർഷങ്ങൾക്കുശേഷം പാരാലിമ്പിക്സ് കാണുന്നതിനിടേ ദീപാ മാലികിന്റെ പ്രകടനം എന്നെ പ്രചോദിപ്പിച്ചു. അവർക്ക് കഴിയുന്നുണ്ടെങ്കിൽ എന്തുകൊണ്ട് എനിക്കായിക്കൂടാ എന്നു ചിന്തിച്ചു. 

അങ്ങനെ മുപ്പത്തിയൊന്നാം വയസ്സിൽ ഞാൻ പരിശീലകനെ തേടുകയും ഷോട്ട്പുട്ട്, ജാവലിൻ ത്രോ, ഡിസ്കസ് ത്രോ എന്നിവയിൽ പരിശീലനം തുടങ്ങുകയും ചെയ്തു. അഞ്ചുമണിക്ക് എഴുന്നേറ്റ് പരിശീലനം തുടങ്ങും. ഒമ്പതു മുതൽ ആറുവരെ ബാങ്കിലായിരിക്കും. തിരികെയെത്തിയാൽ വീണ്ടും പരിശീലനം തുടങ്ങും. ആദ്യമൊക്കെ ഭാരം ഉയർത്തുന്നത് വേദനാജനകമായിരുന്നു, പക്ഷേ ഞാൻ വിടാൻ ഒരുക്കമായിരുന്നില്ല. 

ശേഷം സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിനെക്കുറിച്ച് കേട്ടപ്പോൾ ഞാൻ പങ്കെടുക്കാൻ തീരുമാനിച്ചു. കഠിനമായി പരിശീലിച്ചു. മൂന്നുമാസത്തിനു ശേഷം ഷോട്ട് പുട്ടിലും ഡിസ്കസ് ത്രോയിലും ജാവലിൻ ത്രോയിലും സ്വർണം നേടി. അമ്മ വളരെ വികാരഭരിതയായി. ആ ദിവസം ഞങ്ങൾ പപ്പയെ ശരിക്കും മിസ് ചെയ്തിരുന്നു. അന്ന് പത്രങ്ങളിൽ എന്റെ വാർത്തകൾ വന്നപ്പോൾ ഇങ്ങനെയൊരു മകൾ ഉണ്ടായിട്ട് എന്താണ് കാര്യം എന്നു ചോദിച്ചവർക്ക് ഉത്തരം നൽകിയതായി എനിക്ക് തോന്നി. അതിനുശേഷം വിവിധ ദേശീയ അന്തർദേശീയ മത്സരങ്ങളിലും ഞാൻ പങ്കെടുത്തു. 

ആ വീഴ്ച എന്റെ ചലനവും ആറുവർഷത്തെ ജീവിതവും ഉൾപ്പെടെ ഒരുപാടു കാര്യങ്ങൾ കവർന്നു, പക്ഷേ അതെന്നെ പൂർണമായും തകർത്തില്ല എന്നതിൽ ഞാൻ സന്തോഷിക്കുന്നു. എന്റെ രാജ്യത്തെ സേവിക്കണമെന്ന സ്വപ്നവും ഞാൻ പൂവണിയിച്ചു, അതു വീൽചെയറിൽ ഇരുന്നാണെങ്കിൽപ്പോലും. 

Content Highlights: inspiring life of Shatabdi Avasthi