ലിംഗസമത്വത്തെക്കുറിച്ചും സ്ത്രീശാക്തീകരണത്തെക്കുറിച്ചുമൊക്കെ ചർച്ചകളും സംവാദങ്ങളും നടക്കുന്ന ഈ കാലത്തും പെണ്ണായി പിറന്നതിന്റെ പേരിൽ കൊല്ലപ്പെടുകയും ഉപേക്ഷിക്കപ്പെടുകയും ചെയ്യുന്ന കുഞ്ഞുങ്ങൾ നിരവധിയാണ്. ഇത്തരത്തിലുള്ള പെൺകുട്ടികൾക്കെല്ലാം അമ്മയായി മാറിയ പ്രകാശ് കൗറിനെക്കുറിച്ച് അറിയാത്തവരുണ്ടാകില്ല. ജലന്ധറിൽ യൂണിക് ഹോം എന്ന പേരിൽ ഒരുക്കിയിട്ടുള്ള വീട്ടിൽ നിരവധി പെൺകുട്ടികളെയാണ് ഈ അമ്മ പരിപാലിച്ചുവരുന്നത്. അവരിൽ പിഞ്ചുകുഞ്ഞുങ്ങൾ മുതൽ യൗവനത്തിലെത്തിയവർ വരെയുണ്ട്. ഇപ്പോഴിതാ ഹ്യൂമൻസ് ഓഫ് ബോംബെ പേജിലൂടെ അനാഥക്കുഞ്ഞുങ്ങൾക്ക് അമ്മയായ തന്റെ ജീവിതത്തെക്കുറിച്ച് പങ്കുവെക്കുകയാണ് പ്രകാശ് കൗർ.
പെണ്ണായിപ്പിറന്നതിന്റെ പേരിൽ ഉപേക്ഷിക്കപ്പെട്ട തന്റെ ബാല്യത്തെപ്പോലെയാകരുത് ഇനിയുള്ള പെൺകുട്ടികളുടേതെന്നുറപ്പിച്ചാണ് പ്രകൗശ് കൗർ ഈ ഉദ്യമത്തിനു മുതിരുന്നത്. തെരുവുകളിൽ നിന്നു ലഭിക്കുന്ന ചോരക്കുഞ്ഞുങ്ങൾ തൊട്ട് ഇപ്പോഴും ഈ അമ്മയ്ക്കരികിലേക്ക് പുതിയ കുഞ്ഞുങ്ങൾ എത്തുന്നുണ്ട്. പ്രകാശ് കൗറിന്റെ വാക്കുകളിലേക്ക്....
ആറുമാസം മുമ്പാണ് നായ കടിച്ചുപിടിച്ച പ്ലാസ്റ്റിക് കൂടിനുള്ളിൽ നിന്ന് ഒരു പെൺകുട്ടിയെ ഞങ്ങൾക്കു കിട്ടുന്നത്. അതിലേ നടന്നുപോയ ആരോ കവറിനുള്ളിൽ അനക്കം കാണുകയും ഞങ്ങളെ വിവരം അറിയിക്കുകയുമായിരുന്നു. ഞങ്ങൾ കുഞ്ഞിനെയുമെടുത്ത് ആശുപത്രിയിലേക്ക് പായുകയായിരുന്നു. അവൾക്ക് ശ്വാസമെടുക്കാൻ കഴിയുന്നുണ്ടായിരുന്നില്ല, വിഷം ഉള്ളിലെത്തിയ നിലയിലായിരുന്നു. ഏഴുമാസത്തോളം നീണ്ട ചികിത്സയ്ക്കൊടുവിലാണ് അവൾക്ക് ഭേദമായത്.
ഓരോ ദിവസവും ഞാൻ അവളെ സന്ദർശിക്കാൻ പോവും. ഇൻക്യൂബേറ്ററിൽ കിടക്കുന്നതു കാണുമ്പോൾ ഹൃദയം തകരും. കുറച്ചു ദിവസങ്ങൾക്കു മുമ്പ് അവളെ ഡിസ്ചാർജ് ചെയ്യുകയും ചെയ്തു. അന്നുതൊട്ട് ദിവസവും എനിക്കരികിലാണ് അവൾ ഉറങ്ങുന്നത്.
1993ലാണ് ഞാൻ യൂണിക് ഹോം ആരംഭിക്കുന്നത്. അനാഥരായ പെൺകുട്ടികൾക്കും മാതാപിതാക്കൾ ഉപേക്ഷിച്ചവർക്കുമൊക്കെ ഒരഭയം എന്ന നിലയിൽ. ആ വർഷം ഒരു കുപ്പത്തൊട്ടിയിൽ നിന്ന് ഞങ്ങൾക്കൊരു പെൺകുഞ്ഞിനെ കിട്ടി. ഉറുമ്പ് അരിക്കുന്നുണ്ടായിരുന്നു അവളുടെ ശരീരത്തിൽ, ബോധമില്ലാതെ കിടന്ന ആ കുഞ്ഞിനെയും കൊണ്ട് ഉടൻ ആശുപത്രിയിലെത്തി. ഒരുമാസത്തോളം നീണ്ട ചികിത്സയ്ക്കൊടുവിൽ പെട്ടെന്നു തന്നെ അവൾ ഉഷാറായി. വീട്ടിലേക്കു കൊണ്ടുവരുമ്പോൾ അവൾ പൊടിക്കുഞ്ഞായിരുന്നു. ഇരുപത്തിയഞ്ചു വർഷത്തോളം ഞാൻ അവളെ വളർത്തി. പ്രീ സ്കൂൾ തൊട്ട് കോളേജ് വരെ. ഇന്ന് അവൾ വിദേശത്ത് പിഎച്ച്ഡി ചെയ്യുകയാണ്.
അന്നു ഞാൻ തീരുമാനിച്ചതാണ് ഈ പെൺകുട്ടികൾക്ക് ഇനിയൊരിക്കലും തങ്ങൾ അനാഥരാണെന്ന് തോന്നിപ്പിക്കരുതെന്ന്. അങ്ങനെ കഴിഞ്ഞ ഇരുപത്തിയേഴു വർഷത്തോളമായി നൂറോളം പെൺകുട്ടികളെ ഞാൻ രക്ഷിച്ചു. അതിലെല്ലാമുപരി ഒരുപാടുപേർക്ക് അമ്മയാണ് ഇന്നു ഞാൻ.
സാധാരണ അമ്മ-മക്കളെപ്പോലെ തന്നെയാണ് ഞങ്ങളുടെ ബന്ധവും. അവർ ജങ്ക് ഫൂഡ് കഴിച്ചാലോ മുറി വൃത്തികേടാക്കിയാലോ ഞാൻ അവരെ വഴക്കു പറയും. പെട്ടെന്നു തന്നെ ഒരു ചായ ഉണ്ടാക്കിത്തന്നോ ക്ഷമ ചോദിച്ചോ അവരാ സാഹചര്യത്തെ മാറ്റും.
എന്നെ കുലുക്കുന്ന കേസുകളും ഉണ്ടായിട്ടുണ്ട്. അടുത്തിടെ അഞ്ചു സഹോദരിമാരെ ഏറ്റെടുത്തിരുന്നു. അവരുടെ അമ്മയെ അച്ഛൻ മർദിച്ച് കൊല്ലുകയായിരുന്നു. പേപ്പറിൽ അതിനെക്കുറിച്ച് വായിച്ച രാത്രി എനിക്ക് ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല. അങ്ങനെ അധികാരികളുമായി സംസാരിച്ച് ഞാൻ അവരെ വീട്ടിലേക്ക് കൊണ്ടുവന്നു.
ആദ്യദിവസങ്ങളിൽ അവർ ഭക്ഷണം കഴിക്കുകയോ ഉറങ്ങുകയോ സംസാരിക്കുകയോ ഒന്നും ചെയ്തിരുന്നില്ല. എന്നെ വീട്ടിലേക്ക് കൊണ്ടുപോകൂ എന്നാണ് മൂത്തയാൾ എപ്പോഴും പറഞ്ഞിരുന്നത്. ഞാനാണ് നിങ്ങളുടെ അമ്മയെന്നും ഇതാണ് കുടുംബമെന്നും നിങ്ങളുടെ അമ്മ പറഞ്ഞിട്ടുണ്ടെന്നു പറഞ്ഞ് അവരെ സമാധാനിപ്പിക്കും. പതിയെ കൗൺസലിങ്ങുകളും പെയിന്റിങ്ങിലും പഠനത്തിലുമൊക്കെ കേന്ദ്രീകരിച്ചതുമെല്ലാം അവരെ മറ്റുകുട്ടികളുമായി ഇടപഴകാൻ സഹായിച്ചു. ഇപ്പോൾ മൂത്തയാൾ പറയുന്നത് എനിക്കിവിടം വിട്ടു പോവുകയേ വേണ്ടെന്നാണ്.
സത്യമെന്തെന്നാൽ ഞാൻ എന്റെ കുട്ടികൾക്കിഷ്ടമുള്ള കാര്യങ്ങൾക്ക് തടസ്സം നിൽക്കാറില്ല. ഏതു പ്രതിബന്ധങ്ങളെയും തരണം ചെയ്യാൻ അവർക്കു കഴിയുമെന്നാണ് ഞാൻ പഠിപ്പിക്കാറുള്ളത്. ലിംഗസമത്വത്തെക്കുറിച്ച് സംസാരിക്കുന്ന ഈ കാലത്ത് ഞാനൊരു കാര്യം ചോദിക്കട്ടെ? ഒരു അവസരം കൊടുക്കാതെ എങ്ങനെയാണ് അവർ അവിടെ എത്തിച്ചേരുന്നത്? പെൺകുട്ടികളായിപ്പോയതിന്റെ മാത്രം പേരിൽ അവരെ മരിക്കാൻ വിടുന്ന ഈ ലോകത്ത്?''
Content Highlights: inspiring life of prakash kaur and unique home