നാലുവയസ്സില്‍ ബാധിച്ച അലോപേഷ്യ എന്ന അസുഖം തകര്‍ത്തത് ദിപികയുടെ ആത്മവിശ്വാസമാണ്. എല്ലാവരും ഒറ്റപ്പെടുത്തുമ്പോഴും അവഗണിക്കുമ്പോഴും മനസ്സ് മടുത്ത് ജീവിതത്തില്‍ നിന്ന് ഓടിയൊളിക്കാന്‍ ശ്രമിച്ചവള്‍. എന്നാല്‍ യാഥാര്‍ഥ്യത്തെ ആദ്യം അംഗീകരിക്കേണ്ടത് സ്വയമാണെന്ന തിരിച്ചറിവില്‍ പിന്നീട് ലോകത്തെ ധൈര്യപൂര്‍വം അഭിമുഖീകരിച്ചു. ആ ആത്മവിശ്വാസം അവളെ ഫാഷന്‍ റാമ്പില്‍ വരെയെത്തിച്ചു. ഹ്യൂമന്‍സ് ഓഫ് ബോംബെ എന്ന ഫെയ്സ്ബുക്ക് പേജാണ് ദിപികയുടെ ജീവിതത്തെ ലോകത്തിന് പരിചയപ്പെടുത്തിയത്.
'ഞാന്‍ ഒരു ഗ്രാമത്തില്‍ നിന്നുള്ളവളാണ്. നാലുവയസ്സുള്ളപ്പോഴാണ് എനിക്ക അലോപേഷ്യയാണെന്ന് രോഗനിര്‍ണയം നടത്തുന്നത്. പത്താംതരത്തിലെത്തുമ്പോഴേക്കും എന്റെ മുടി മുഴുവന്‍ പൊഴിഞ്ഞ് ഞാന്‍ കഷണ്ടിയായി. എനിക്കുചുറ്റുമുണ്ടായിരുന്ന പലരും എനിക്ക് പകരുന്ന അസുഖമാണെന്ന് കരുതി എന്നെ അകറ്റി നിര്‍ത്തി. മറ്റുചിലര്‍ എന്നെ അസുഖം ഭേദമാകുന്നതിന് വേണ്ടി നിരവധി മതാനുഷ്ഠാനങ്ങളില്‍ പങ്കെടുപ്പിച്ചു. പക്ഷേ ആരും ഇതൊന്നും എന്റെ നിയന്ത്രണത്തില്‍ നില്ക്കുന്ന കാര്യമല്ലെന്ന് മനസ്സിലാക്കിയില്ല. എന്റെ മുടിയെല്ലാം പൊഴിയണമെന്നും ഇന്നു കാണുന്ന രൂപത്തില്‍ എത്തണമെന്നോ ഞാന്‍ ആഗ്രഹിച്ചതോ, തിരഞ്ഞെടുത്തതോ അല്ല. പക്ഷേ ഇന്നല്ലെങ്കില്‍ നാളെ ജീവിതത്തിന് മാറ്റമുണ്ടാകുമെന്ന് ഞാന്‍ ഉറപ്പിച്ചിരുന്നു, ചിന്തിച്ചിരുന്നു.
പക്ഷേ എനിക്ക് തെറ്റുപറ്റി. ഹൈസ്കൂളിന് ശേഷം കോളേജ് പഠനത്തിന് വേണ്ടി ഞാന്‍ അഹമ്മദാബാദില്‍ എത്തിയപ്പോള്‍ എന്നെ കാത്തിരുന്നത് ഏറ്റവും മോശം ദുഃസ്വപ്നമായിരുന്നു. ക്ലാസില്‍ എനിക്ക് തൊട്ടടുത്തിരിക്കാന്‍ ഒരു കുട്ടി പോലും തയ്യാറായില്ല. ഞാന്‍ ഒറ്റപ്പെട്ടു, കീഴ്പ്പോട്ടുനിന്ന് കീഴ്പ്പോട്ടേക്ക് അതെന്നെ തള്ളിവിട്ടു. ആരോടെങ്കിലും സംസാരിക്കാന്‍ ശ്രമിച്ചാല്‍ തന്നെ അവര്‍ മുഖം തിരിച്ച് പോവുമായിരുന്നു. എനിക്കതെല്ലാം താങ്ങാനായില്ല. ഞാന്‍ പകുതിക്കുവെച്ച് കോളേജ് ഉപേക്ഷിച്ച് വീട്ടിലേക്ക് തിരിച്ചു. എന്റെ കുടുംബം എന്നെ ആശ്വസിപ്പിക്കാനും എനിക്ക പ്രചോദനമേകാനും ശ്രമിച്ചു. പക്ഷേ അതൊന്നും ഫലവത്തായില്ല.
ഈ ലോകം എന്നെ അംഗീകരിക്കുന്നില്ലെന്നുള്ളത് എന്നെ അലട്ടിക്കൊണ്ടേയിരുന്നു. ഞാനോര്‍ക്കുന്നു ഏകദേശം ഇതേ സമയത്താണ് ഞാന്‍ എന്റെ കസിന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നത്. എല്ലാവരും നല്ല സന്തോഷത്തിലായിരുന്നു. അതിനെല്ലാം നടുവില്‍ ഞാന്‍ മാത്രമായിരുന്നു അസ്വസ്ഥയായിരുന്നത്. എനിക്കറിയില്ല എന്തുകൊണ്ടെന്ന്, പക്ഷേ ആ സമയത്താണ് എന്നിലെന്തോ മാറ്റം സംഭവിക്കുന്നത്. അവിടെയുള്ള ജനക്കൂട്ടത്തിനൊപ്പം നില്ക്കുമ്പോള് ഞാന്‍ തിരിച്ചറിഞ്ഞു, ഞാന്‍ എന്നെ സ്വയം അംഗീകരിക്കുന്നതിലേക്കെത്തിയിട്ടില്ല, എന്നിട്ട് മറ്റുള്ളവര്‍ അംഗീകരിക്കണമെന്ന് ഇപ്പോഴും ആഗ്രഹിക്കുന്നു. ഞാനൊരിക്കലും എന്നെ സ്നേഹിച്ചിരുന്നില്ല, യാഥാര്‍ഥ്യത്തെ അംഗീകരിച്ചിരുന്നില്ല. അതുകൊണ്ടാണ് മറ്റാരും അത് ചെയ്യാതിരുന്നത്. ഞാനിങ്ങനെ തുടരുകയാണെങ്കില്‍ ജീവിതത്തില്‍ എനിക്കൊന്നിനും സാധിക്കില്ലെന്ന് ഞാന്‍ മനസ്സിലാക്കി.
ഈ ലോകത്ത് ആരും പൂര്‍ണരായി ജനിക്കുന്നില്ല. എല്ലാവര്ക്കും എന്തെങ്കിലും കുറവുകള്‍ ഉണ്ടാകും. ഒരു ജീവിതകാലം മുഴുവന്‍ ഇതേക്കുറിച്ച് ആലോചിച്ച് വിഷമിച്ച് ജീവിക്കുന്നതില്‍ യാതൊരു കാര്യവുമില്ല. അതുകൊണ്ട് ഞാന്‍ എന്നെ സ്വയം തട്ടിയുണര്‍ത്തി. ലോകത്തോട് പോരാടാന്‍ ഒരുങ്ങി. ഞാന്‍ തയ്യാറായി, കണ്ണാടിയില്‍ നോക്കാനും എന്താണോ പ്രതിഫലിക്കുന്നത് ആ രൂപത്തെ സ്നേഹിക്കാനും, എന്തെങ്കിലും എന്റെ പ്രകാശത്തെ നിഷ്പ്രഭമാക്കുന്നതിനോ, എന്റെ കുറവുകള്‍ എന്നെ അടിച്ചമര്‍ത്തുന്നതിനോ അനുമതി കൊടുക്കാതിരിക്കാനും. അതേസമയം എന്റെ അപൂര്‍ണതയെ ആഘോഷിക്കാനും ഈ ലോകവും അതുചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും.'
courtesy: Humans of Bombay
Content highlights: Inspirational life of Dipika