മുംബൈ നഗരം സ്വപ്‌നങ്ങളുടേതാണ്. മുംബൈ സ്വദേശികളുടെ ജീവിതം ലോകത്തിന് മുന്നില്‍ അനാവരണം ചെയ്യുകയാണ് ഹ്യൂമന്‍സ് ഓഫ് ബോംബെ എന്ന ഫെയ്സ്ബുക്ക് പേജ്. മുംബൈ നഗരത്തിലെ പ്രമുഖരും സാധാരണക്കാരുമെല്ലാം ഈ പേജില്‍ സ്വന്തം ജീവിതം പങ്കുവെച്ച് എത്തിയിട്ടുണ്ട്. ഹ്യൂമന്‍സ് ഓഫ് ബോംബെ പരിചയപ്പെടുത്തിയ ഏറ്റവും പുതിയ മുഖമാണ് സക്കിറ. ഭര്‍ത്താവില്‍ നിന്നുളള ആസിഡ് ആക്രമണത്തെ മനോധൈര്യത്താല്‍ അതിജീവിച്ച വനിത. 

സക്കിറയുടെ ജീവിതം 

എനിക്ക് പതിനേഴ് വയസ്സുള്ളപ്പോഴാണ് ഞാന്‍ വിവാഹിതയായത്. എന്നെ വിവാഹം കഴിച്ച ആള്‍ക്ക് 24 വയസ്സായിരുന്നു പ്രായം. ആദ്യദിനം മുതല്‍ തന്നെ പൊരുത്തക്കേടുകള്‍ ഉണ്ടായിരുന്നു. അതുകൊണ്ട് എന്റെ കാര്യം ഞാന്‍ തന്നെ നോക്കണമെന്ന് എനിക്ക് മനസ്സിലായി. ഞാന്‍ തുണിത്തരങ്ങള്‍ വില്‍ക്കുന്ന ഒരു ചെറിയ ബിസിനസ് ആരംഭിച്ചു. അതെന്റെ ഭര്‍ത്താവിന് ക്ഷീണമായി. അദ്ദേഹം ഒരു ഓട്ടോ ഡ്രൈവറായിരുന്നു. പക്ഷേ ഒന്നും സമ്പാദിച്ചിരുന്നില്ല. അയാള്‍ ആളുകളില്‍ നിന്ന് പണം പിടിച്ചു വാങ്ങുകയായിരുന്നു. പലരേയും വീട്ടില്‍ കൊണ്ടുവന്ന് മദ്യസല്‍ക്കാരം നടത്തും. രാവേറും വരെ അത് തുടരും. അയാളുടെ വഴിക്ക് ഞാന്‍ വന്നില്ലെങ്കില്‍ എന്നെ കൊല്ലുമെന്ന് ഭര്‍ത്താവ് ഭീഷണിപ്പെടുത്തി. 

ഒരിക്കല്‍ വാക്കുതര്‍ക്കത്തിനിടയില്‍ ഭര്‍ത്താവ് കത്തിയെടുത്ത് എന്റെ മുഖത്ത് മുറിവേല്‍പ്പിച്ചു. ഞാന്‍ ഭയാനാകമായ അവസ്ഥയിലായിരുന്നു. പക്ഷേ തിരികെ വീട്ടിലേക്ക് പോകാന്‍ എനിക്ക് കഴിഞ്ഞില്ല. അമ്മ അതിന് അനുവദിച്ചില്ല. ഞാന്‍ തിരികെ ചെന്നാല്‍ എന്റെ സഹോദരിമാരുടെ വിവാഹം നടക്കില്ലെന്നായിരുന്നു ഭയം. 

കുറച്ച് മാസങ്ങള്‍ക്ക് ശേഷം ഞാന്‍ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. ഒരിക്കല്‍ കുഞ്ഞ് വല്ലാതെ കരഞ്ഞപ്പോള്‍ അയാള്‍ക്ക് ദേഷ്യം സഹിക്കാനാകാതെ കുഞ്ഞിനെ അവശിഷ്ടങ്ങളാക്കുന്ന ബാഗിലാക്കി  ദൂരെ കളയാനൊരുങ്ങി. ഞാന്‍ പോലീസിനെ വിളിക്കുമെന്ന് ഭീഷണിപ്പെടുത്തിയപ്പോഴാണ് അയാള്‍ അടങ്ങിയത്. രണ്ടാമത്തെ കുഞ്ഞ് ജനിച്ചതോടെ അയാളുടെ പെരുമാറ്റം അത്യന്തം മോശമായി. അയാള്‍ എന്നെയും എന്റെ കുട്ടികളെയും മര്‍ദിക്കാന്‍ തുടങ്ങി. 

ഒരു രാത്രി അയാള്‍ എന്നോട് പറഞ്ഞു. പണം സമ്പാദിക്കുന്നുണ്ടെന്ന അഹന്തയാണ് നിനക്കെന്ന്. ഒരിക്കല്‍ പുറത്തിറങ്ങാന്‍ ലജ്ജിക്കുന്ന തരത്തില്‍ നിന്നെ ഞാന്‍ മാറ്റുമെന്നും.

ഞാന്‍ എന്റെ അമ്മയുടെ സമീപത്തേക്ക് പോയി സഹായിക്കണമെന്ന് അഭ്യര്‍ഥിച്ചു. പക്ഷേ അമ്മ എന്നോട് പ്രതികരിക്കരുതെന്നും വീട്ടിലേക്ക് മടങ്ങാനും ആവശ്യപ്പെട്ടു. വേറെ എങ്ങും പോകാനുണ്ടായിരുന്നില്ല. ഞാന്‍ അയാള്‍ക്കരികിലേക്ക് മടങ്ങി. അന്നുരാത്രി, ഞാന്‍ ഉറങ്ങിക്കിടക്കുമ്പോള്‍ അയാള്‍ എന്റെ മുഖത്ത് ആസിഡ് ഒഴിച്ചു. ഞാന്‍ ഞെട്ടിയെണീറ്റു. തീയിലകപ്പെട്ട പ്രതീതിയായിരുന്നു എനിക്ക്. എന്റെ ചര്‍മം ഉരുകുകയായിരുന്നു. ഞാന്‍ പകുതി മരിച്ചുകഴിഞ്ഞിരുന്നു. എന്റെ വേദനയാല്‍ ഞാന്‍ കരയുന്നത് അയല്‍ക്കാര്‍ കേട്ടു. അവരെത്തി എ്‌ന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പക്ഷേ സംഭവിക്കാനുള്ളത് സംഭവിച്ചുകഴിഞ്ഞിരുന്നു. 

നാലുമാസത്തോളം ഞാന്‍ ആശുപത്രിയില്‍ കിടന്നു. എന്റെ വീട്ടില്‍ നിന്ന് ആരും എന്നെ സഹായിക്കാന്‍ എത്തിയിരുന്നില്ല. അവര്‍ക്ക് ചുറ്റും എന്നപോലെയുള്ള ഒരാളെ കാണാന്‍ പോലും അവര്‍ ആഗ്രഹിച്ചിരുന്നില്ല. ഭാഗ്യത്തിന് അപ്പോഴാണ് ആസിഡ് ആക്രമണം അതിജീവിച്ചവര്‍ക്ക് വേണ്ടിയുള്ള സാഹസ് ഫൗണ്ടേഷന്‍ എന്നെ കണ്ടെത്തുന്നതും എന്റെ ചികിത്സക്കാവശ്യമായ പണം അവര്‍ നല്‍കി. 

ഞാന്‍ പോലീസില്‍ പരാതിപ്പെട്ടു. എന്റെ ഭര്‍ത്താവിനെ ജയിലില്‍ അടച്ചു. പക്ഷേ മരിക്കണമെന്ന ചിന്തയിലൂടെയാണ് ഓരോ ദിവസവും ഞാന്‍ കടന്നുപോയിരുന്നത്. എന്റെ മക്കള്‍ പോലും എന്നെ കാണാന്‍ ആഗ്രഹിച്ചിരുന്നില്ല. എന്റെ നാട്ടിലുളളവര്‍ എന്നോട് സംസാരിക്കാന്‍ മടിച്ചു. എനിക്ക് തങ്ങാന്‍ ഒരിടം നല്‍കാന്‍ പോലും അവര്‍ തയ്യാറായില്ല. എന്റെ വികൃതമായ രൂപമായിരുന്നു അതിന് കാരണം. ഞാന്‍ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തപ്പോള്‍ എന്‍ജിഒ എന്നെ സഹായിച്ചു. അവരെന്റെ കുട്ടികളെ ബോര്‍ഡിങ് സ്‌കൂളില്‍ അയച്ചു. അവരെ നോക്കാന്‍ എനിക്ക് സാധിക്കുമായിരുന്നില്ല. 

എന്റെ കുടുംബവും ഭര്‍ത്താവും എന്താണോ അവര്‍ക്ക് വേണ്ടത് അത് ചെയ്തു. എന്റെ ജീവിതം നശിപ്പിച്ചു, ഇനിയൊന്നും അവര്‍ക്ക് ചെയ്യാനുണ്ടായിരുന്നില്ല. എന്നാല്‍ ഒരു കാര്യം അവര്‍ക്ക് തകര്‍ക്കാന്‍ സാധിച്ചിരുന്നില്ല. എന്റെ ധര്‍മധീരത. ഒരു സ്‌കാര്‍ഫ് ധരിക്കാതെ എനിക്ക് പുറത്തിറങ്ങാന്‍ സാധിക്കില്ലായിരുന്നു. എനിക്ക് ഒരു ജോലിയോ താമസിക്കാന്‍ ഒരിടമോ ലഭിക്കുന്നുണ്ടായില്ല. ഈ യുദ്ധം ഞാന്‍ തനിച്ചാണ് പോരാടിയത്. 

പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം ഇതല്ല അവസാനം. ഞാനെന്റെ ജീവിതത്തില്‍ എന്നും വലിയ കാര്യങ്ങള്‍ ചെയ്യണമെന്നാണ് ആഗ്രഹിച്ചിട്ടുളളത്. ഇന്നും ഞാനത് ചെയ്യാന്‍ തന്നെയാണ് പോകുന്നത്. എന്റെ മുഖത്തെ പാടുകള്‍ എന്നെ എന്നും ഓര്‍മിപ്പിച്ചുകൊണ്ടിരിക്കും...പിന്തിരിയരുതെന്ന്..

Courtesy: Humans Of Bombay 

Content highlights: An acid attack suvivor's inspiring life story