ന്റെ പിതാവിനെ പറ്റി ഇരുപത്തെട്ടുകാരിയായ ശ്രുതി ചതുര്‍വേദി എന്ന പെണ്‍കുട്ടി ട്വിറ്ററില്‍ പങ്കുവച്ച കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. തന്റെ ജീവിതത്തില്‍ ഏറെ തകര്‍ന്നു പോകുന്ന ഒരു ഘട്ടത്തില്‍ തന്നെ ചേര്‍ത്തു പിടിക്കുകയും കരുത്തു പകരുകയും ചെയ്ത അച്ഛനെ പറ്റിയാണ് ശ്രുതിയുടെ പോസ്റ്റ്. പെണ്‍കുട്ടികള്‍ ഏറെ ഭീക്ഷണികള്‍ നേരിടുന്ന ഇന്‍ര്‍നെറ്റ് ലോകത്ത് നിന്നായിരുന്നു ശ്രുതിയുടെ ജീവിതം തകര്‍ന്നു പോകേണ്ട ആ സംഭവം ഉണ്ടായത്. തനിക്ക് 18 വയസ്സുള്ളപ്പോള്‍ കസിനും ഭാര്യയും ചേര്‍ന്ന് തന്റെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചതിനെ കുറിച്ചാണ് ശ്രുതി പറയുന്നത്. സാധാരണയായി ഇങ്ങനെയൊരവസ്ഥയുണ്ടായാല്‍ ആരായാലും തകര്‍ന്നു പോകും. എന്നാല്‍ ഈ അനുഭവം തനിക്ക് കൂടുതല്‍ കരുത്തു പകര്‍ന്നതായും അച്ഛനുമായുള്ള ബന്ധം കൂടുതല്‍ ശക്തമാക്കിയതായും ശ്രുതി പറയുന്നു.

'എന്റെ പേര് ശ്രുതി ചതുര്‍വേദി. മീഡിയ മാര്‍ക്കറ്റിങ് പ്രൊഫഷനലാണ്. ഇത് എന്റെ അച്ഛന്‍ ഹരീഷ് ചതുര്‍വേദിയുടെ കഥയാണ്. മോര്‍ഫ് ചെയ്ത എന്റെ ചിത്രങ്ങള്‍ ഉപയോഗിച്ചുള്ള ബ്ലാക്ക് മെയിലിങില്‍ അദ്ദേഹം വീഴാതിരുന്നത് പ്രതിസന്ധികളെ നിര്‍ഭയമായി നേരിടാന്‍ എന്നെ പ്രാപ്തയാക്കുകയായിരുന്നു. മാതാപിതാക്കളിറിയാതെ ഒളിച്ചോടി വിവാഹം കഴിച്ച എന്റെ ഒരു കസിന്‍ ഞങ്ങളുടെ വീട്ടില്‍ താമസിച്ചിരുന്നു. എന്റെ അമ്മയുടെ ബന്ധുവാണ്. വീട്ടുകാരുമായുള്ള പ്രശ്‌നം തീരുന്നതു വരെ ഞങ്ങളുടെ വീട്ടില്‍ അവന് അഭയം നല്‍കി. രണ്ട് മുറികളുള്ള ചെറിയ വീടായിരുന്നു ഞങ്ങളുടെത്. കസിനും ഭാര്യയും വരുന്നതിനു മുന്‍പു തന്നെ ഞങ്ങള്‍ ആറ് പേര്‍ ആ വീട്ടിലുണ്ടായിരുന്നു. അവിടേക്കാണ് അയാളും ഭാര്യയും വന്നത്. മാസങ്ങളോളം അവര്‍ ഞങ്ങള്‍ക്കൊപ്പം താമസിച്ചു. എന്നാല്‍ കുറച്ചു കാലം കഴിഞ്ഞപ്പോള്‍ വീട്ടുകാരുമായി സംസാരിച്ച് പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും വേറെ എവിടെയെങ്കിലും താമസസ്ഥലം നോക്കണമെന്നും എന്റെ അമ്മ അവരോട് ആവശ്യപ്പെട്ടു. വീട്ടിലെ പരിമിതികള്‍ കൊണ്ടായിരുന്നു അമ്മ അങ്ങനെ ഒരാവശ്യം ഉന്നയിച്ചത്. എന്നാല്‍ അവരുടെ ഭാഗത്തു നിന്ന് വിടുമാറാന്‍ യാതൊരു ശ്രമവും ഉണ്ടായില്ല

ഞാന്‍ പഠിക്കുന്ന കാലമായിരുന്നു അത്. എന്റെ വീട്ടില്‍ ഒരു ലാപ്‌ടോപ്പ് മാത്രമാണ് ഉണ്ടായിരുന്നത്. കസിനും അയാളുടെ ഭാര്യയും ജോലിക്കു ശ്രമിക്കുന്നതിനാല്‍ മിക്കപ്പോഴും അവരാണ് ലാപ്‌ടോപ്പ് ഉപയോഗിച്ചിരുന്നത്. വീട്ടുകാര്‍ മാത്രമാണ് ആ ലാപ്‌ടോപ്പ് ഉപയോഗിക്കുന്നത്. അതുകൊണ്ടു തന്നെ എന്റെ സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ ആ ലാപ്‌ടോപ്പിന്റെ ഡെസ്‌ക്ടോപ്പില്‍ സേവ് ചെയ്തിരുന്നു. കസിനും ഭാര്യയും ആ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്യുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല. എന്നാല്‍ സുഹൃത്തുക്കള്‍ക്കൊപ്പമുള്ള എന്റെ ചിത്രങ്ങള്‍ അവര്‍ മോര്‍ഫ് ചെയ്തു. കസിന്റെ ഭാര്യ കംപ്യൂട്ടര്‍ എന്‍ജിനീയറായതിനാല്‍ അവര്‍ക്ക് ഇക്കാര്യം വളരെ എളുപ്പമായിരുന്നു. ചിത്രങ്ങള്‍ കണ്ട് ഞാന്‍ ഞെട്ടിപ്പോയി. പക്ഷേ, ആ ചിത്രങ്ങള്‍ ഒറിജിനല്ലല്ലെന്ന് മറ്റുള്ളവരെ വിശ്വസിപ്പിക്കാന്‍ എനിക്ക് സാധിക്കുമായിരുന്നില്ല. പ്രത്യേകിച്ച് ഫോട്ടോഷോപ്പിനെ കുറിച്ച് അറിയാത്തവരോട്. പത്തു വര്‍ഷം മുന്‍പാണ് ഇങ്ങനെയൊരു സംഭവമുണ്ടാകുന്നതെന്നോര്‍ക്കണം. 

ആ നിമിഷം ഇപ്പോഴും എന്റെ ഓര്‍മയിലുണ്ട്. ഒരുദിവസം ഞങ്ങള്‍ എല്ലാവരും ഒരുമിച്ചിരുന്ന് അത്താഴം കഴിക്കുകയായിരുന്നു. അപ്പോഴാണ് ഒരുകെട്ട് ഫോട്ടോകളുമായി എന്റെ കസിന്‍ അവിടേക്കു വന്നത്. എന്നെ കുറിച്ച് വലിയ ആശങ്കയുണ്ടെന്ന രീതിയിലാണ് തുടക്കത്തില്‍ അവര്‍ സംസാരിച്ചത്. എന്നാല്‍ എന്റെ മാതാപിതാക്കള്‍ ഇക്കാര്യം അത്ര ഗൗരവത്തില്‍ എടുത്തില്ല. അവര്‍ ഉദ്ദേശിച്ചതു പോലെ കാര്യങ്ങള്‍ നടക്കുന്നില്ലെന്നു ബോധ്യമായപ്പോള്‍ അവര്‍ ഞങ്ങളെ ഭീഷണിപ്പെടുത്താന്‍ തുടങ്ങി. വീടു മാറാന്‍ ആവശ്യപ്പെട്ടാല്‍ ഈ ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്നു പറഞ്ഞു. മാത്രമല്ല, അവര്‍ പണവും ആവശ്യപ്പെട്ടു.

ഈ ചിത്രങ്ങള്‍ എന്റെ അമ്മയെ അസ്വസ്ഥയാക്കി. ചിത്രങ്ങള്‍ യഥാര്‍ഥമാണെന്ന് എന്റെ അമ്മയും വിശ്വസിച്ചു. ഈ ചിത്രങ്ങള്‍ അവളുടേതാണെങ്കില്‍ നിങ്ങള്‍ക്കെന്താ? എന്നായിരുന്നു അച്ഛന്റെ അവരോടുള്ള ചോദ്യം.  അങ്ങനെയൊരു പ്രതികരണം അച്ഛനില്‍ നിന്ന് അവര്‍ പ്രതീക്ഷിച്ചിരുന്നില്ല. എങ്കില്‍ ഈ ചിത്രങ്ങള്‍ പലയിടത്തും പ്രചരിപ്പിക്കുമെന്നും കുടുംബത്തെ നാണം കെടുത്തുമെന്നുമായിരുന്നു കസിന്റെ ഭീഷണി. ഈ ഭീഷണിയൊന്നും അച്ഛന്‍ ചെവിക്കൊണ്ടില്ല. അദ്ദേഹം കസിന്റെയും അയാളുടെ ഭാര്യയുടെയും പെട്ടികള്‍ എടുത്ത് പുറത്തെറിഞ്ഞു. വീടു വിട്ടു പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഞാന്‍ കണ്ട ഏറ്റവും നല്ല ഫെമിനിസ്റ്റ് അന്നും ഇന്നും എന്റെ അച്ഛനാണ്.

ഉത്തര്‍പ്രദേശിലെ വളരെ സാധാരണമായ കുടുംബമാണ് ഞങ്ങളുടെത്. ഞാന്‍ ജനിച്ചപ്പോള്‍ പെണ്‍കുട്ടിയായതിന്റെ പേരില്‍ നിരവധി ഉപദേശങ്ങള്‍ അച്ഛന് കേള്‍ക്കേണ്ടി വന്നു. കുടുംബത്തില്‍ നിന്ന് ഒരു ആണ്‍കുഞ്ഞിനു വേണ്ടിയുള്ള സമ്മര്‍ദം എന്റെ മാതാപിതാക്കള്‍ക്ക് എപ്പോഴും ഉണ്ടായിരുന്നു. എന്നാല്‍ അവരുടെ കുട്ടിയായി ഞാന്‍ മാത്രം മതിയെന്ന തീരുമാനം അച്ഛന്‍ എടുത്തു. എന്റെ തീരുമാനങ്ങളിലെല്ലാം പൂര്‍ണ പിന്തുണ നല്‍കി കൂടെ നിന്നു. ജോലിയിലും ജീവിതത്തിലും എന്റെ ഉയര്‍ച്ചകളുടെ എല്ലാം  പിന്നില്‍ അച്ഛനാണ്. '- ശ്രുതി തന്റെ കുറിപ്പില്‍ പറയുന്നു.

Content Highlights: How My Father Made Me Fearless By Refusing to Be Blackmailed With My Morphed Pics