പ്രണയം അതിമനോഹരമായ ഒരുവികാരമാണ്..പക്ഷേ അത് സ്വവര്‍ഗാനുരാഗമാണെങ്കില്‍ സിനിമയിലായാലും ജീവിതത്തിലായാലും ഉള്‍ക്കൊള്ളന്‍ നമ്മുടെ സമൂഹത്തിന് എത്രത്തോളം സാധിക്കുന്നുണ്ട് എന്നുള്ളത് ഇന്നും ഒരു ചോദ്യമാണ്. ഹ്യൂമന്‍സ് ഓഫ് ബോംബെ എന്ന ഫെയ്‌സ്ബുക്ക് പേജ് പരിചയപ്പെടുത്തിയിരിക്കുന്ന ഈ രണ്ടുപെണ്‍കുട്ടികള്‍ പരസ്പരം തിരിച്ചറിഞ്ഞവരാണ്, പ്രണയിക്കുന്നവരാണ്..അവരിലൊരാള്‍ പങ്കുവെച്ച അവരുടെ കഥ വായിക്കാം.

ഒരു ഡേറ്റിങ് വെബ്‌സൈറ്റിലൂടെയാണ് ഞാന്‍ അവളെ ആദ്യമായി കാണുന്നത്. അവളിലുള്ള എന്തോ എന്നെ അവളിലേക്ക് അടുപ്പിച്ചു. എന്നാല്‍ അതേസമയം ഞങ്ങളെ രണ്ടുപേരെയുമറിയുന്ന കുറച്ചുപേര്‍ എനിക്ക് മുന്നറിയിപ്പുനല്‍കി. അവള്‍ ഒരു പ്ലെയറാണെന്ന്. അടുക്കരുതെന്ന് അവര്‍ എന്നോട് എത്ര പറഞ്ഞോ അത്രത്തോളം എനിക്ക് അവളോട് ആകര്‍ഷണം തോന്നിക്കൊണ്ടിരുന്നു. അവളെനിക്ക് വിലക്കപ്പെട്ട കനിയായിരുന്നു. രണ്ടുവര്‍ഷങ്ങള്‍ക്ക് ശേഷം, മറ്റൊരു ബന്ധത്തില്‍ നിന്ന് ഇറങ്ങിപ്പോന്നപ്പോള്‍ ഞാന്‍ വീണ്ടും അവളെ ആ വെബ്‌സൈറ്റില്‍ കണ്ടു. 

പരിചയപ്പെട്ടു, ഞങ്ങളുടെ സംഭാഷണം മണിക്കൂറുകളോളം നീണ്ടു. സൂര്യന് കീഴിലുള്ള എന്തിനെ കുറിച്ചും ഞങ്ങള്‍ സംസാരിക്കുമായിരുന്നു. രസകരമായ സംഭാഷണമായിരുന്നു എപ്പോഴുമത്. കുറച്ചുദിവസങ്ങള്‍ക്ക് ശേഷം തമ്മില്‍ കാണാമെന്ന നിര്‍ദേശം അവള്‍ മുന്നോട്ട് വെച്ചു. അല്പം പരിഭ്രമം എനിക്കുണ്ടായിരുന്നു. 

ഞങ്ങള്‍ ഒന്നിച്ചു കാപ്പി കുടിക്കാന്‍ കയറി, സംഭാഷണം പത്തുനിമിഷങ്ങള്‍ പിന്നിട്ടപ്പോഴേക്കും ഇത് സംഭവിക്കാന്‍ പോകുന്ന ഒന്നല്ലെന്ന് ഞാന്‍ മനസ്സിലാക്കി. അതിനാല്‍ തന്നെ ഞങ്ങളുടെ ഡേറ്റ് അല്പം മോശമായിട്ടാണ് അവസാനിച്ചത്. ഞങ്ങള്‍ വീണ്ടും സംസാരിക്കുമെന്ന് പോലും അന്ന് ഞാന്‍ കരുതിയിരുന്നില്ല. ഒരു രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ എനിക്ക് അവളുടെ ഒരു മെസേജ് ലഭിച്ചു. ഒഴിവുണ്ടോ ഒരു കൂടിക്കാഴ്ചക്കെന്നായിരുന്നു അതിന്റെ ചുരുക്കം. അതിനുശേഷം ഞങ്ങള്‍ ഒന്നിച്ചു ചെലവഴിക്കുന്ന മണിക്കൂറുകള്‍ ദിവസങ്ങളായി മാറി. അരോചകമായി അനുഭവപ്പെട്ടിരുന്ന പരിഭ്രമം നിറഞ്ഞ സംഭാഷണങ്ങളിക്കിടയിലെപ്പോഴോ ഞങ്ങള്‍ പ്രണയബദ്ധരായി. 

ഞാനോര്‍ക്കുന്നു, പരസ്പരം യാത്ര പറഞ്ഞ് പിന്നീട് വീണ്ടും കാണുമ്പോള്‍ അവള്‍ ഒന്നു ആലിംഗനം ചെയ്യാന്‍ കൊതിച്ചു നില്‍ക്കുകയാകും. പക്ഷേ എനിക്ക് വല്ലാത്ത നാണമായിരുന്നു. ഞാനതില്‍ നിന്ന് ഒഴിഞ്ഞുമാറും. ഒരിക്കല്‍ അവള്‍ എന്നോട് ചോദിച്ചു എന്താണ് നിനക്ക് എന്നെ ഒന്ന് കെട്ടിപ്പിടിക്കാന്‍ പോലും സാധിക്കാത്തത്. എന്നിട്ട് ദീര്‍ഘമേറിയ ഒരു ആലിംഗനം നല്‍കി. അപ്പോഴാണ് എത്ര വിഡ്ഢിയാണെന്ന് ഞാനെന്ന് എനിക്ക് മനസ്സിലാക്കിയത്. ഇക്കണ്ട നാള്‍ ഇത്രയും നല്ല ഒരു അനുഭവം ഞാന്‍ നഷ്ടപ്പെടുത്തി. 

ഞങ്ങളുടെ ബന്ധം മഹത്തായ ഒന്നായിരുന്നു. പേരില്ലാത്ത ഒന്ന്. ഒരു വര്‍ഷത്തിന് ശേഷം അവള്‍ക്ക് മറ്റൊരു നഗരത്തില്‍ ജോലി ശരിയായപ്പോള്‍ ഞാന്‍ മാനസികമായി തയ്യാറെടുത്തു. ഈ ബന്ധം അവസാനിക്കാന്‍ പോവുകയാണ്. അവള്‍ ഒരു പുതിയ ജീവിതത്തിന് തുടക്കം കുറിക്കുമ്പോള്‍ ചുമലിലെ ഭാരമേറിയ ഒരു ഭാണ്ഡക്കെട്ടാകാന്‍ ഞാന്‍ ആഗ്രഹിച്ചില്ല. അവള്‍ പോകുന്നതിന് തൊട്ടുമുമ്പത്തെ ദിവസം അവള്‍ എന്നെ കണ്ടു, തികച്ചും സാധാരണമായി അവള്‍ എന്നോട് ചോദിച്ചു,' എന്റെ പെണ്‍സുഹൃത്താകാമോ?'

ഞാന്‍ ഞെട്ടിപ്പോയി. അത് നടക്കാന്‍ സാധ്യത കുറവാണെന്ന് അവളോട് കാരണങ്ങള്‍ നിരത്തി വിശദീകരിക്കാന്‍ ശ്രമിച്ചുവെങ്കിലും അവള്‍ എന്നെ നിശബ്ദയാക്കി. 'ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു, എനിക്കിത് വേണം, മറ്റൊന്നും,മറ്റാരും പ്രശ്‌നമല്ല. ഇത് നടക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. നീ ആകെ ചെയ്യേണ്ടത് എന്റെ കൈ പിടിച്ച് ഒപ്പം നില്‍ക്കുകയാണ്.' അവള്‍ പറഞ്ഞു. 

ഒരു ചുഴലിക്കാറ്റിന്റെ വ്യക്തിത്വമുള്ള, ആരുമായും യാതൊരു പ്രതിജ്ഞാബദ്ധതയ്ക്കും മിനക്കെടാത്ത എന്റെ മുന്നില്‍ നില്‍ക്കുന്ന അവള്‍ എന്നോട് പറയുകയാണ് എന്നെ സ്‌നേഹിക്കുന്നുണ്ടെന്ന്..

അതുകഴിഞ്ഞ് രണ്ടുവര്‍ഷമായിരിക്കുന്നു..ഞങ്ങള്‍ എല്ലാ ആഴ്ചാവസാനവും പരസ്പരം സന്ദര്‍ശിക്കും. ഒരുമിച്ച് ചെലവഴിക്കാന്‍ കഴിയുന്ന ഒരു നിമിഷവും പാഴാക്കില്ല. കരുത്തരില്‍ നിന്ന് കരുത്തരായി ഞങ്ങള്‍ വളര്‍ന്നുകൊണ്ടിരിക്കുകയാണ്. വ്യക്തികളെന്ന നിലയിലും ഞങ്ങള്‍ വളര്‍ന്നുകഴിഞ്ഞു. ഒരോ സമയവും ഞാന്‍ അവളെ നോക്കുമ്പോള്‍ എന്റെ ജീവിതത്തില്‍ അവളേക്കാള്‍ മറ്റൊന്നുമില്ലെന്ന് എനിക്ക് തോന്നാറുണ്ട്. 

Courtesy : Humans Of Bombay 

Content Highlights: Lesbian, Homosexuality