കേരളത്തിലെ മതനിരപേക്ഷതയെ അങ്ങേയറ്റം ബഹുമാനിക്കുകയും ഇഷ്ടപ്പെടുകയും ചെയ്തിരുന്ന ഒരാളായിരുന്നു ഗൗരി ലങ്കേഷ്. മലയാളികള്‍ ഒരു മനസ്സോടെ ആഘോഷിക്കുന്ന ഓണത്തെ ഐക്യത്തിന്റെയും മതസൗഹാര്‍ദത്തിന്റെയും അടയാളമായിട്ടാണ് അവര്‍ വിലയിരുത്തിയിരുന്നത്. അടുത്ത ഓണത്തിന് കേരളത്തില്‍ വരണമെന്നും കേരളത്തിലെ ബീഫ് കറി കഴിക്കണമെന്നും ആഗ്രഹം പ്രകടിപ്പിച്ച് ഗൗരി എഴുതിയ ഫെയ്‌സ്ബുക്ക് കുറിപ്പ് കേരളത്തോടുള്ള അവരുടെ സ്‌നേഹം വിളിച്ചോതുന്നതാണ്. 

'മലയാളികള്‍ ഓണം ആഘോഷിക്കുകയാണ്, മതപരമായ വ്യത്യാസങ്ങളെ കണക്കിലെടുക്കാതെ. അവര്‍ അവരുടെ 'നാടി'നെ 'ദൈവത്തിന്റെ സ്വന്തം നാട്' എന്ന് വിളിക്കാന്‍ കാരണം മതനിരപേക്ഷതയാണ്. (ഞാന്‍ 'നാട്' എന്ന് പറഞ്ഞത് നിങ്ങള്‍ ശ്രദ്ധിച്ചുകാണുമല്ലോ?) എന്റെ മലയാളി സുഹൃത്തുക്കളെ, ദയവായി നിങ്ങള്‍ നിങ്ങളുടെ മതേതര മൂല്യം കാത്തുസൂക്ഷിക്കുക.

അടുത്ത ഓണത്തിന് ഞാന്‍ ദൈവത്തിന്റെ സ്വന്തം നാട്ടിലുണ്ടാകും, ആരെങ്കിലും എനിക്ക് രുചികരമായ കേരള ബീഫ് കറി നല്‍കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അവര്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ എഴുതി. 

ശശി തരൂര്‍ പോസ്റ്റ് ചെയ്ത കന്യാസ്ത്രീകള്‍ തിരുവാതിര കളിക്കുന്ന വീഡിയോ ഷെയര്‍ ചെയ്തുകൊണ്ടാണ് കേരളത്തെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് ഗൗരി എഴുതിയത്. ഇത്തരത്തിലുള്ള ഐക്യമാണ് കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടാക്കി മാറ്റുന്നത് എന്ന കുറിപ്പോടെയാണ് ശശി തരൂര്‍ വീഡിയോ പങ്കുവെച്ചിരുന്നത്. 

fbpost