നിരായുധയായ സ്ത്രീയെ അവരുടെ വീടിനുള്ളില്‍ കയറി വെടിവെച്ചുകൊല്ലുന്നത് പേനയെ ഭയക്കുന്ന ഭീരുത്വമാണെന്ന് ഡോ.പി.എസ്.ശ്രീകല. ഗൗരി ലങ്കേഷിന് അഭിവാദ്യമര്‍പ്പിച്ച് എഴുതിയ കുറിപ്പിലാണ് അവര്‍ ഇങ്ങനെ അഭിപ്രായപ്പെട്ടത്. ശബ്ദിക്കുന്നവരെ ഭീതി പരത്തി നിശബ്ദരാക്കാന്‍ ശ്രമിക്കുകയാണെന്നും അവര്‍ കുറിപ്പില്‍ പറയുന്നു.

പോസ്റ്റ് വായിക്കാം.

പൊതുസ്ഥലങ്ങള്‍ സ്ത്രീകള്‍ക്ക് സുരക്ഷിത ഇടങ്ങളല്ലെന്നും വീടാണ് സുരക്ഷിതമെന്നും അതുകൊണ്ട് സ്ത്രീകള്‍ വീട്ടിനുള്ളിലിരിക്കണമെന്നും സ്ത്രീ സംരക്ഷണ വാദം. വീട്ടിലേക്കു കടന്നു വന്ന് ഒരു സ്ത്രീയെ വെടിവെച്ചു കൊന്നിരിക്കുന്നു.
 
ആശയങ്ങളെ നേരിടാന്‍ ശേഷിയില്ല എന്നത് കുറ്റകരമല്ല. എന്നാല്‍ ആശയങ്ങളെ കൊലപ്പെടുത്താന്‍ കഴിയില്ല എന്ന തിരിച്ചറിവില്ലായ്മ ശുദ്ധ വിവരക്കേടാണ്. നിരായുധയായ ഒരു സ്ത്രീയെ അവരുടെ വീടിനുള്ളില്‍ കടന്നു കയറി വെടിവെച്ച് കൊല്ലുന്നത് പേനയെ ഭയക്കുന്ന ഭീരുത്വമാണ്.
പേനയും വെടിയുണ്ടയും ഏറ്റുമുട്ടിയാല്‍ വിജയം ആരുടെ പക്ഷത്തെന്ന് മനസ്സിലാക്കാന്‍ കഴിയാതെ പോകുന്നവര്‍ വിഡ്ഢികളാണ്. 
ഭീതി പരത്തി നിശബ്ദരാക്കാനാണ് ശ്രമം. ചരിത്രത്തില്‍ അത്തരം ശ്രമങ്ങള്‍ക്ക് പരാജയം മാത്രമാണ് അനുഭവം. 

യഥാര്‍ത്ഥ ഇന്ത്യന്‍ ദേശീയതയ്ക്കു വേണ്ടി വാക്കും എഴുത്തും ആയുധമാക്കി അമരയായി മാറിയ ഗൗരിലങ്കേഷിന് അഭിവാദ്യം ..തളംകെട്ടിനില്‍ക്കുന്ന രക്തത്തില്‍ നിശ്ചലമായി കിടക്കുന്നത് നിങ്ങളുടെ ശരീരം മാത്രമാണ്. വെടിയുണ്ടയേറ്റ നിങ്ങളുടെ തലച്ചോറും ഹൃദയവും മരിച്ചിട്ടില്ല. അവ ഞങ്ങളില്‍ സജീവമാണ്. നിങ്ങള്‍ തുടര്‍ന്നു വന്ന സമരവുമായി ഞങ്ങള്‍ മുന്നോട്ട്..