രു വ്യക്തിയുടെ അഴകളവുകളെ പുറംമോടി നോക്കി കണ്ടെത്തുന്നവരുണ്ട്. എന്നാൽ ബാഹ്യസൗന്ദര്യത്തേക്കാൾ വലുതാണ് ആന്തരിക സൗന്ദര്യം എന്ന തിരിച്ചറിവിനെക്കുറിച്ച് പങ്കുവെക്കുകയാണ് ഷുരോവി എന്ന പെൺകുട്ടി. ദരിദ്ര പശ്ചാത്തലമായിരുന്നിട്ടും കൂടുതൽ സുന്ദരിയാകുമെന്ന് കരുതി സൗന്ദര്യ വർധക ഉത്പന്നങ്ങൾക്കായി അമ്മയോട് വഴക്കിട്ടതിനെക്കുറിച്ചും അമ്മയുടെ മരണത്തോടെ തിരിച്ചറിവുണ്ടായതിനെക്കുറിച്ചുമൊക്കെ പങ്കുവെക്കുകയാണ് ഷുരോവി. പ്രശസ്ത ഫോട്ടോ​ഗ്രാഫർ ജി.എം.ബി ആകാശിന്റെ ഫേസ്ബുക് പേജിലൂടെയാണ് ഷുരോവിയുടെ കഥ പുറത്തുവന്നിരിക്കുന്നത്. 

കുറിപ്പിലേക്ക്...

ഞങ്ങളുടെ പ്രദേശത്തെ ഏറ്റവും സുന്ദരിയായ പെൺകുട്ടിയായിരുന്നു ഞാൻ. പക്ഷേ എപ്പോഴും ഞാൻ കൂടുതൽ സുന്ദരിയാകണമെന്ന് ആ​ഗ്രഹിച്ചു. സൗന്ദര്യ വർധക ഉത്പന്നങ്ങൾ ഉപയോ​ഗിക്കാനും നല്ല വസ്ത്രങ്ങളിടാനും ഞാനിഷ്ടപ്പെട്ടു. എല്ലാ മാസവും അമ്മയിൽ നിന്ന് പണം വാങ്ങി വ്യത്യസ്തമായ കോസ്മെറ്റിക് ഉത്പന്നങ്ങൾ വാങ്ങുമായിരുന്നു. അമ്മ എത്ര കഷ്ടപ്പെട്ടുണ്ടാക്കുന്ന പണമാണ് അതെന്നോ അതുപയോ​ഗിച്ച് സൗന്ദര്യവർധക ഉത്പന്നങ്ങൾ വാങ്ങുന്നതിനെക്കുറിച്ചോ ഞാൻ ചിന്തിച്ചില്ല. ഞാൻ വിചാരിച്ചിരുന്നത് കോസ്മെറ്റിക്സ് ഉപയോ​ഗിച്ച് സുന്ദരിയാകുന്നതാണ് യഥാർഥ സൗന്ദര്യം എന്നായിരുന്നു. 

ചിലപ്പോഴൊക്കെ അമ്മയ്ക്ക് എനിക്ക് ഫെയർനെസ് ക്രീമുകൾ വാങ്ങിനൽകാൻ കഴിയുമായിരുന്നില്ല. അമ്മയുടെ കയ്യിൽ പണമില്ലാത്തതുകൊണ്ടാണെന്ന് തിരിച്ചറിയാതെ ഞാൻ വളരെ അസ്വസ്ഥയാവും. അവ എനിക്ക് വാങ്ങിനൽകാത്തതിന്റെ പേരിൽ പലപ്പോഴും അമ്മയോട് മോശമായി സംസാരിച്ചിട്ടുമുണ്ട്.

ഒരിക്കൽ ഞങ്ങളുടെ വീടിനു പുറകിൽ ഒരു കച്ചവടക്കാരൻ കോസ്മെറ്റിക് ഷോപ്പ് ഇട്ടു. എനിക്ക് അവ വാങ്ങിത്തരാൻ പറഞ്ഞപ്പോൾ ഇപ്പോൾ അതിനുള്ള പണമില്ല എന്നാണ് പറഞ്ഞത്. അന്ന് ഞാൻ വളരെ ദേഷ്യപ്പെടുകയും മോശമായി പെരുമാറുകയും ചെയതു. നിങ്ങൾക്ക് ഇതൊന്നും വാങ്ങിത്തരാൻ കഴിയില്ലെങ്കിൽ പിന്നെന്തിനാണ് എനിക്ക് ജന്മം നൽകിയതെന്നു ചോദിച്ചു. പക്ഷേ പിന്നീടാണ് ഞാൻ തിരിച്ചറിഞ്ഞത് അന്നത്തെ ദിവസം അമ്മ യാതൊന്നും കഴിച്ചിരുന്നില്ല എന്ന്. 

അമ്മ അൾസർ രോ​ഗിയായിരുന്നു. മിക്ക ദിവസങ്ങളിലും വയ്യാതാവും. ആ സംഭവം കഴിഞ്ഞ് അധികം വൈകുംമുമ്പേ അമ്മ മരിച്ചു. കുഞ്ഞനുജത്തിയെ എന്നെ ഏൽപ്പിച്ച് അമ്മ പോയി. അമ്മയുടെ മരണം എന്റെ ജീവിതത്തിലെ വലിയൊരു പാഠമായിരുന്നു. ആ ദിവസം പറഞ്ഞ ഓരോ വാക്കുകളും എനിക്കോർമയുണ്ട്. അമ്മ മരിക്കുന്ന ദിവസമാകെ മഴയായിരുന്നു. മഴ നിൽക്കാനായി എല്ലാവരും കാത്തുനിൽക്കുകയായിരുന്നു. മഴ നിന്നതോടെ അമ്മയെ എത്രയും വേ​ഗം ദഹിപ്പിക്കാനായി എല്ലാവരുടെയും ധൃതി. കുറച്ചാഴ്ചകളോടെ എല്ലാവരും അമ്മയെ മറന്നു. 

അമ്മയുടെ മരണത്തിന് ശേഷം ഞാൻ സൗന്ദര്യ വർധക ഉത്പന്നങ്ങൾ വാങ്ങിയിട്ടേയില്ല. എന്റെ അമ്മയുടെ മരണം എന്നെ ഒരു കാര്യം പഠിപ്പിച്ചു. നമ്മുടെ ശരീരത്തിന് യാതൊരു വിലയുമില്ല. ബാഹ്യസൗന്ദര്യത്തിലും അർഥമില്ല. ഇന്ന് ഞാൻ പണത്തിന്റെ മൂല്യം തിരിച്ചറിയുന്നുണ്ട്. ഞാൻ ജോലി ചെയ്തുണ്ടാക്കുന്ന പണം കൊണ്ട് സഹോദരിയെ പഠിപ്പിക്കുകയും വളർത്തുകയും ചെയ്യുന്നു. അവളെ എപ്പോഴും ഒരുകാര്യം പഠിപ്പിക്കാൻ ഞാൻ ശ്രമിക്കാറുണ്ട്. നമ്മുടെ ആത്മാവാണ് യഥാർഥമായ കാര്യം എന്നാണത്. നമ്മുടെ ആത്മാവിനെ പരി​ഗണിക്കാനും മനോഹരമാക്കാനുമാണ് ശ്രമിക്കേണ്ടത്. കാരണം ഒരിക്കൽ ഈ ആത്മാവ് വെടിയുമ്പോൾ ശരീരത്തിന് യാതൊരു വിലയുമില്ലാതാകുന്നു. പക്ഷേ മനോഹരമായ ആത്മാവ് ഓർമകളിലുണ്ടാവും.