രു മോഷ്ടാവിനെ പ്രണയിച്ച പെൺകുട്ടിയുടെ കഥയാണ് സമൂഹമാധ്യമത്തിൽ ശ്രദ്ധിക്കപ്പെടുന്നത്. അനുകമ്പയിലൂടെയും സ്നേഹത്തിലൂടെയും മോഷ്ടാവിന്റെ മനസ്സുമാറ്റിയ ജഹനാര എന്ന പെൺകുട്ടിയാണ് കഥയിലെ നായിക. പ്രശസ്ത ഫോട്ടോ​ഗ്രാഫർ ജി.എം.ബി ആകാശിന്റെ ഫെയ്സ്ബുക് പേജിലൂടെയാണ് ജഹനാരയുടെ മനോഹരമായ കഥ പുറത്തുവന്നിരിക്കുന്നത്.

ഒരിക്കൽ തന്റെ പണവുമായി കടന്നുകളഞ്ഞയാളെ പിന്നീട് പ്രണയിക്കാനും വിവാഹം കഴിക്കാനുമുണ്ടായ സാഹചര്യം വ്യക്തമാക്കുകയാണ് ജഹനാര. മോഷ്ടാവിനു കുറ്റബോധം തോന്നി ജഹനാരയെ സഹായിക്കുകയും തുടർന്ന് മോഷണം നിർത്തി അധ്വാനിച്ച് ജീവിക്കാൻ ആരംഭിച്ചതുമൊക്കെ പങ്കുവെക്കുക​യാണ് ആകാശ്. 

കുറിപ്പിലേക്ക്...

ഒരു മോഷ്ടാവിനെയാണ് ഞാൻ ‌വിവാഹം കഴിച്ചത്. കേൾക്കുമ്പോൾ ചിരിവരുമായിരിക്കും. പക്ഷേ ഞാൻ തമാശ പറയുകയല്ല. ഒരു സിനിമാക്കഥ പോലെയാണ് എന്റെ ജീവിതം. എന്റെ അച്ഛന് മരുന്നു വാങ്ങാനായി പണവും മരുന്നുചീട്ടുമായി പോകവേ എന്റെ പണം മോഷ്ടിക്കാനെത്തിയപ്പോഴാണ് അയാളെ ഞാൻ ആദ്യമായി കാണുന്നത്. അച്ഛനെ ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. വീട്ടുജോലി കഴിഞ്ഞ് മരുന്നുചീട്ടും പണവുമടങ്ങിയ പഴ്സുമായി തിരികെ വരികയായിരുന്നു ഞാൻ. പെട്ടെന്ന് ഒരാൾ എനിക്ക് മുന്നിലേക്കെത്തി പഴ്സ് അപഹരിച്ച് ഓടിപ്പോയി. എല്ലാം വളരെ പെട്ടെന്നാണ് സംഭവിച്ചത്. റോഡരുകിലിരുന്ന് ഉച്ചത്തിൽ കരയാനേ എനിക്ക് കഴിഞ്ഞുള്ളു. എനിക്ക് ചുറ്റും ആളുകൾ നിറഞ്ഞു. പക്ഷേ ആരും എന്നെ സഹായിച്ചില്ല. എത്രനേരം അങ്ങനെ കരഞ്ഞിരുന്നുവെന്ന് എനിക്കു തന്നെ ഓർമയില്ല. 

ആ രാത്രി എനിക്ക് അച്ഛനെ കാണാൻ ആശുപത്രിയിൽ പോകാൻ കഴിഞ്ഞില്ല. വീട്ടിൽ തിരികെയെത്തി ആ രാത്രി മുഴുവൻ അടുത്ത ദിവസം അച്ഛനെ എങ്ങനെ അഭിമുഖീകരിക്കും എന്നോർത്ത് ഉറങ്ങാതെ കിടന്നു. രാവിലെ ശുചിമുറിയിൽ പോകാനായി പുറത്തേക്കിറങ്ങിയ ഞാൻ ഒരു പാക്കറ്റ് മുഴുവൻ മരുന്നുകളും എന്റെ പണവും മരുന്നുചീട്ടും ഇരിക്കുന്നത് കണ്ട് അത്ഭുതപ്പെട്ടു. എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. എന്റെ വീടിന് സമീപത്തുള്ളവരോടെല്ലാം അതേക്കുറിച്ച് അന്വേഷിച്ചു. പക്ഷേ ആരും അങ്ങനെയൊരാളെ കണ്ടതായി പറഞ്ഞില്ല. 

അടുത്ത ദിവസം രാവിലെയും മുറിക്ക് പുറത്ത് ഒരു പാക്കറ്റ് നിറയെ പഴങ്ങൾ വച്ചിരിക്കുന്നതു കണ്ടു. പിന്നീടുള്ള പതിനഞ്ചു ദിവസവും എന്റെ അച്ഛന്റെ രോ​ഗവുമായി ബന്ധപ്പെട്ട പല സാധനങ്ങളും മുറിക്ക് മുന്നിൽ കണ്ടു. അതാരാണെന്ന് കണ്ടെത്താൻ ഉറങ്ങാതിരിക്കാൻ ഞാൻ‌ തീരുമാനിച്ചു. ഒരു രാത്രി അത്തരത്തിൽ ഉറക്കമിളച്ച് ഇരിക്കവേ അദ്ദേഹം വന്നു. ഞാൻ അദ്ദേഹത്തിന് പുറകിലായി നിന്നു. അപ്പോഴാണ് കഥയെല്ലാം പറയുന്നത്. എന്റെ പണം തട്ടിയെടുത്ത് ഓടിപ്പോയ ആളാണത്. അന്ന് ഉച്ചത്തിൽ കരയുന്നതിനിടെ ആൾക്കൂട്ടത്തിൽ അദ്ദേഹവും ഉണ്ടായിരുന്നു. അന്ന് കുറ്റബോധം തോന്നിയ അദ്ദേഹം അതോടെ മോഷണം ഉപേക്ഷിക്കുകയായിരുന്നു. 

അദ്ദേഹത്തിന്റെ ജീവിതത്തിലുടനീളം അച്ഛൻ എന്തെന്നോ കുടുംബം എന്തെന്നോ അറിഞ്ഞിരുന്നില്ല. രോ​ഗിയായ അച്ഛനു വേണ്ടി കരയുന്ന എന്നെ കണ്ടപ്പോൾ എന്താണ് സ്നേഹമെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. അടുത്തദിവസം തൊട്ട് അദ്ദേഹം തൊഴിലെടുത്ത് ജീവിക്കാൻ തുടങ്ങി. അച്ഛനുവേണ്ടി വാങ്ങിയ സാധനങ്ങളൊക്കെയും താൻ അധ്വാനിച്ച പണം കൊണ്ടു വാങ്ങിയതാണെന്ന് പറഞ്ഞു. എന്നോട് ക്ഷമ ചോദിച്ച ആ രീതിക്ക് മുന്നിൽ മാപ്പു നൽകാനും ആ മോഷ്ടാവിനെ തിരികെ സ്നേഹിക്കാനുമേ എനിക്ക് കഴിഞ്ഞുള്ളു. 

കഴിഞ്ഞ അഞ്ചു വർഷക്കാലം ഞങ്ങൾ‌ സന്തുഷ്ട ദമ്പതിമാരായി ജീവിക്കുകയാണ്. തെരുവിൽ വളർന്ന കുട്ടി എന്ന നിലയ്ക്ക് അദ്ദേഹം സ്നേഹം എന്തെന്ന് അറിഞ്ഞിരുന്നില്ല. ഇന്ന് ഞങ്ങൾ പരസ്പരം ഏറെ സ്നേഹിക്കുന്നു. ഇന്ന് ഞങ്ങൾ ഒരുമിച്ചാണ് ജോലി ചെയ്യുന്നത്. ദയയ്ക്കും സ്നേഹത്തിനും ഏതു മനുഷ്യ ഹൃദയത്തേയും മാറ്റാനാകുമെന്ന് ഞാൻ വിശ്വസിക്കുന്നു. 

Content Highlights: gmb akash facebook note about jahanara