നിറത്തിന്റെയും രൂപത്തിന്റെയുമൊക്കെ പേരിൽ മറ്റൊരാളെ കളിയാക്കുന്നവർ ഇന്നുമുണ്ടെന്ന് പല സോഷ്യൽ മീഡിയാ ട്രോളുകളും കാണുമ്പോൾ വ്യക്തമാവും. കേൾക്കുന്നവരെ സംബന്ധിച്ചിടത്തോളം ഇവ അത്ര പെട്ടെന്ന് തള്ളിക്കളയാവുന്നതുമാവില്ല, ചിലർക്കെങ്കിലും നീണ്ട കാലത്തേക്ക് അപകർഷതാബോധവും സൃഷ്ടിക്കാനിടയായേക്കാം. അത്തരത്തിലുള്ള മാനസികാവസ്ഥയെ അതിജീവിച്ചത് എങ്ങനെയെന്ന് വ്യക്തമാക്കിയ ഒരു പെൺകുട്ടിയുടെ കുറിപ്പാണ് ശ്രദ്ധേയമാവുന്നത്.
വണ്ണത്തിന്റെ പേരിലായിരുന്നു അവളെ ഓരോരുത്തരും കളിയാക്കിയിരുന്നത്. കൂട്ടുകൂടാൻ ശ്രമിച്ചവരെല്ലാം തന്നെ ഓരോ പേരിട്ട് വിളിച്ചപ്പോൾ ആദ്യമൊക്കെ കരഞ്ഞായിരുന്നു അവൾക്ക് ശീലം. പിന്നീട് അതല്ല വേണ്ടതെന്നും അവനവനെ തിരിച്ചറിയലാണ് അത്യാവശ്യമെന്നും അവൾ മനസ്സിലാക്കി. ഹ്യൂമൻസ് ഓഫ് ബോംബെ പേജിലൂടെയാണ് പെൺകുട്ടിയുടെ ഹൃദയസ്പർശിയായ കുറിപ്പ് പുറത്തുവന്നിരിക്കുന്നത്. കളിയാക്കലുകളെ കാറ്റിൽപ്പറത്തി അവനവനെ സ്നേഹിച്ചു തുടങ്ങുന്നതോടെ ബോഡിഷെയിമിങ്ങിനെ അതിജീവിക്കാനാവുമെന്നും പെൺകുട്ടി പങ്കുവെക്കുന്നു...
കുറിപ്പിലേക്ക്...
പത്തു വയസ്സുള്ള സമയത്ത് വീടുമാറി പുതിയ സ്ഥലത്തെത്തിയപ്പോൾ ഞാൻ പുതിയ കൂട്ടുകാരെ ഉണ്ടാക്കാൻ ശ്രമിച്ചിരുന്നു. പക്ഷേ എന്നെ കണ്ടതും ആനക്കുട്ടി എന്നാണവർ വിളിച്ചത്. അന്നെനിക്ക് അവർ അങ്ങനെ വിളിച്ചത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കാനുള്ള പ്രായമായിരുന്നില്ല, വീട്ടിൽ വന്ന് ഏറെനേരം കരഞ്ഞു.
പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ ഡാൻസ് പ്രാക്റ്റീസ് കഴിഞ്ഞ് ക്ലാസ്സിലേക്ക് വരികയായിരുന്ന എന്നെ നോക്കി ദേ ഭൂമികുലുക്കം വരുന്നു എന്നാണ് എല്ലാവരും വിളിച്ചുകൂവിയത്. അന്ന് അവിടെ വച്ചു ഞാൻ കരഞ്ഞില്ല, പക്ഷേ വീട്ടിലെത്തിയതിനുശേഷം ഏറെ കരഞ്ഞു. കുട്ടിക്കാലം തൊട്ടുതന്നെ തുടർച്ചയായി ക്രൂരമായ പരിഹാസങ്ങൾക്ക് ഇരയായിരുന്നു. പറയുന്നവരെ സംബന്ധിച്ച് അവ വെറും വാക്കുകൾ മാത്രമായിരിക്കാം പക്ഷേ അവയെന്റെ അടയാളപ്പെടുത്തലുകളായി മാറി.
സ്കൂളിൽ പരമാവധി സുഹൃത്തുക്കളെ ഉണ്ടാക്കാൻ ശ്രമിച്ചിരുന്നു, പക്ഷേ അവർ എന്നെ കൂട്ടാതാവുമ്പോൾ സ്വയം ഞാൻ കുറ്റപ്പെടുത്തി. കണ്ണാടിയിൽ നോക്കി ഞാൻ നിന്നെ വെറുക്കുന്നു എന്ന് പലവട്ടം പറഞ്ഞു. ഡാൻസ് പ്രാക്റ്റീസ് കഴിഞ്ഞുണ്ടായ ആ സംഭവത്തോടെ നൃത്തവും ഉപേക്ഷിക്കാൻ തീരുമാനിച്ചു.
എനിക്കുള്ള ഏക സാന്ത്വനം മാതാപിതാക്കളും എന്റെ ഡയറിയുമായിരുന്നു. എനിക്കു തോന്നുന്നതെല്ലാം ഞാൻ അതിൽ കുറിച്ചിടും, പക്ഷേ ഞാൻ സ്നേഹിച്ച നൃത്തവും സംഗീതവും ഗിറ്റാർ വായനയും തുടങ്ങി എന്നെ ഞാനാക്കുന്ന എല്ലാം ഉപേക്ഷിക്കുകയും ചെയ്തു. കോളേജിലെത്തിയപ്പോഴാണ് എന്റെ ശരീരപ്രകൃതി ഒരു പ്രശ്നമേയല്ലാത്തവരെ കാണുന്നത്. സഹപാഠികൾക്കു മുന്നിൽ ക്ലാസ്സെടുക്കുമ്പോൾ വീണ്ടും ഇത്തരത്തിലുള്ള കമന്റുകൾ കേൾക്കേണ്ടി വരുമോ എന്നാലോചിച്ച് ആശങ്കപ്പെട്ടിട്ടുണ്ട്. പക്ഷേ ക്ലാസ് കഴിഞ്ഞതും എല്ലാവരും എഴുന്നേറ്റ് കയ്യടിക്കുകയാണുണ്ടായത്. നന്നായിരുന്നുവെന്ന് അധ്യാപകനും പറഞ്ഞു.
അന്നുതൊട്ട് എനിക്കൽപം ആത്മവിശ്വാസം കൈവന്നു. ഗിറ്റാർ പഠനം വീണ്ടും ആരംഭിച്ചു. ഒരിക്കൽ കോളേജ് ഫെസ്റ്റിലെ ജാമിങ് സെഷനിടയിൽ കുട്ടികൾ എന്നെ നോക്കി കളിയാക്കുമെന്നു തന്നെയാണ് കരുതിയത്. പക്ഷേ അവരെല്ലാം പോസിറ്റീവായാണ് സമീപിച്ചത്. പതിയെ എനിക്ക് ആത്മവിശ്വാസം കൈവരുകയും ഞാനിഷ്ടപ്പെട്ട കാര്യങ്ങൾ ചെയ്യാൻ തുടങ്ങുകയും ചെയ്തു. ഗിറ്റാർ പഠനവും സംഗീതവും വായനയും പുതിയ ഭാഷാ പഠനവുമൊക്കെയായി. ഞാൻ എങ്ങനെ കാണപ്പെടുന്നു എന്നതിലുപരിയാണ് എന്റെ കഴിവുകൾ എന്ന് ഞാൻ തിരിച്ചറിഞ്ഞു.
അടുത്തിടെ എന്റെ രണ്ടു സുഹൃത്തുക്കൾ വണ്ണം നോക്കി കളിയാക്കുന്നുണ്ടായിരുന്നു. എന്നെ ബാസ്ക്കറ്റ്ബോൾ എന്നു വിളിക്കണോ അതോ മോമോ എന്നു വിളിക്കണോ എന്നതായിരുന്നു അവരുടെ ചർച്ച. എന്നാൽ ഞാനുടൻ തന്നെ അവരോട് ഇതെനിക്കിഷ്ടമാവുന്നില്ലെന്നും വേദനാജനകമാണെന്നും പറഞ്ഞു. അതോടെ അവർ നിർത്തി.
അന്ന് വീട്ടിലെത്തിയ ഞാൻ അൽപം കരഞ്ഞു. പക്ഷേ പിന്നീട് കണ്ണുതുടച്ച് ഞാൻ എന്തിലെല്ലാമാണ് മിടുക്കിയെന്ന് പട്ടികപ്പെടുത്തി. എന്നിട്ട് കണ്ണാടിയിൽ നോക്കി പറഞ്ഞു, ഐ ലവ് യൂ... ആ മൂന്നുവാക്കുകൾ എല്ലാം മാറ്റിമറിച്ചു.
Content Highlights: girl post on surviving battling body shaming