ജീവിത്തില്‍ വിജയം നേടാന്‍ പലരും താണ്ടേണ്ടി വരുന്ന ദൂരങ്ങള്‍ ഏറെയാണ്. ഒറ്റ ദിവസം കൊണ്ടാവില്ല പലരും ഉയരങ്ങള്‍ കീഴടക്കുന്നത്. ഇന്ത്യയിലെ അറിയപ്പെടുന്ന ബ്യൂട്ടി കണ്‍സള്‍ട്ടന്റായ പ്രജ്ഞ വേദാന്ത് തന്റെ ജീവിതത്തിലെ തകര്‍ന്നടിഞ്ഞ നിമിഷങ്ങളെ പറ്റിയും അതില്‍ നിന്നുള്ള ഉയര്ത്തെഴുന്നേപ്പിനെ പറ്റിയുമുള്ള അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് ഹ്യൂമന്‍സ് ഓഫ് ബോംബെയുടെ ഫെയ്സ്ബുക്ക് പേജിലൂടെ
ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം
അച്ഛന്റെ മരണശേഷം എന്നെയും സഹോദരങ്ങളെയും അമ്മ ഒറ്റയ്ക്കാണ് വളര്‍ത്തിയത്. അതുകൊണ്ട് തന്നെ സ്വയംപര്യാപ്തയാവേണ്ടതിന്റെ ആവശ്യകത എനിക്ക് നന്നായി അറിയാമായിരുന്നു. ചെറുപ്പം മുതലേ ബ്യൂട്ടി പാര്ലറുകളോട് എനിക്ക് വലിയ കൗതുകമായിരുന്നു. അമ്മയ്ക്കൊപ്പം ഒരോ തവണ പാര്‍ലറില്‍ പോകുമ്പോഴും അവിടെയുള്ള ഓരോ ഉപകരണങ്ങളും ഞാന്‍ വളരെ ശ്രദ്ധയോടെ നോക്കും. വീട്ടില്‍ വന്ന് സ്വന്തം ശരീരത്തില്‍ തന്നെ ത്രെഡ്ഡിങും വാക്സിങും പരീക്ഷിക്കും. പക്ഷേ എന്തെങ്കിലും തീരുമാനങ്ങള്‍ എടുക്കാനാകുന്നതിന് മുമ്പ് പതിനാറാം വയസ്സില്‍ ഞാന്‍ വിവാഹിതയായി.
വിവാഹിതയായി ഞാന്‍ എത്തിയത് മുംബൈയിലെ ഒറ്റമുറി ഫ്ളാറ്റിലാണ്. അവിടെ സ്വന്തമായി എന്തെങ്കിലും സമ്പാദിക്കണമെന്ന ആഗ്രഹമായിരുന്നു എനിക്ക്. ഭര്‍ത്താവ് ജോലിക്കു പോകുമ്പോള്‍ വീട്ടിലെ ഒറ്റമുറി ഞാന്‍ ചെറിയൊരു സലൂണാക്കും. മുടി വെട്ടാനും ത്രെഡ്ഡ് ചെയ്യാനുമൊക്കെ അടുത്തുള്ള സ്ത്രീകള്‍ വരും. അതിനൊപ്പം ഞാന്‍ മെഹന്ദി ക്ലാസുകളും എടുത്തു നല്കി. എങ്കിലും കൂടുതല്‍ പഠിക്കണമെന്നായിരുന്നു എന്റെ ആഗ്രഹം. എന്റെ ചെറിയ വരുമാനം കൊണ്ട് ഞാന്‍ ബ്യൂട്ടി കോഴ്സുകള്‍ പഠിച്ചു. സര്‍ട്ടിഫിക്കറ്റ് നേടി.
അതൊടെ കൂടുതല്‍ ആത്മവിശ്വാസമായി. സ്വന്തമായി ഒരു സലൂണ്‍ തുടങ്ങി. പത്ത് വര്‍ഷം പിന്നിട്ടപ്പോഴേക്കും ധാരാളം ഉപഭോക്താക്കളെ എനിക്കു ലഭിച്ചു. പ്രജ്ഞ കണ്ണുകെട്ടി മുടിവെട്ടിയാലും ഭംഗിയാകുമെന്ന് പല ആളുകളും പറഞ്ഞു.
എന്നാല്‍ 2005 ലെ വെള്ളപ്പൊക്കത്തില്‍ എനിക്ക് എല്ലാം നഷ്ടമായി. വീടും സലൂണും എല്ലാം. അതേല്‍പ്പിച്ച ആഘാതം വളരെ വലുതായിരുന്നു. എനിക്ക് പക്ഷാഘാതം വന്ന് തളര്‍ന്നു കിടപ്പായി. എപ്പോഴും പരിചരണം ആവശ്യമായതിനാല്‍ ശുശ്രൂഷിക്കാനായി ഭര്‍ത്താവിന് ജോലി ഉപേക്ഷിക്കേണ്ടി വന്നു. നിരന്തരമായ ചികിത്സകളും ഫിസിയോതെറാപ്പിയും പതിയെ ഫലിച്ചു തുടങ്ങി. മൂന്ന് മാസം കൊണ്ട് വീല്‍ചെയറില്‍ ഇരിക്കാനാവുന്ന അവസ്ഥയില്‍ ഞാനെത്തി. എന്നാല്‍ ഒരു കണ്ണിന്റെ കാഴ്ചയും ഇടതു കൈയുടെ ചലന ശേഷിയും നഷ്ടമായിരുന്നു.
എനിക്കിനി എന്റെ ജോലിയില്‍ തുടരാനാവില്ലെന്ന ചിന്ത വലിയ നിരാശയാണ് സമ്മാനിച്ചത്. എന്നാല്‍ പിന്നീട് എനിക്ക മനസ്സിലായി; എനിക്ക് ജോലി തുടരാനല്ലേ കഴിയാത്തത്. ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പരിശീലനം നല്കാമല്ലോ എന്ന്.
ബ്യൂട്ടി കണ്‍സള്‍ട്ടന്റായി ഞാന്‍ ക്ലാസുകള്‍ ആരംഭിച്ചു. ആര്‍ക്കും എന്റെ ക്ലാസില്‍ പഠിക്കാന്‍ വരാമായിരുന്നു. 50 വയസ്സുവരെയുള്ള സ്ത്രീകള്‍ വരെ പഠിക്കാനെത്തി. കലാ ഗുരു എന്നാണ് വിദ്യാര്‍ത്ഥികള്‍ എന്നെ വിളിച്ചത്. അത് കേള്‍ക്കുന്നതു തന്നെ സന്തോഷമായിരുന്നു. സെമിനാറുകളില്‍ സംസാരിക്കാനും മറ്റും എനിക്ക് ക്ഷണം ലഭിച്ചു തുടങ്ങി. ഞാന്‍ പതിയെ വാക്കറിന്റെ സഹായത്തോടെ നടന്നു തുടങ്ങി. തട്ടിയും തടഞ്ഞും വീണും ഞാന്‍ വീണ്ടും നടന്നു തുടങ്ങി.
പല പെണ്‍കുട്ടികള്‍ക്കും പഠിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും അതിന് സാധിക്കാറില്ല എന്ന് മനസ്സിലായപ്പോള്‍ ഫീസില്ലാതെയും ചെറിയ ഫീസിലും അത്തരം കുട്ടികള്‍ക്കും ക്ലാസുകള്‍ നല്‍കിത്തുടങ്ങി. ഈ വര്‍ഷങ്ങളില്‍ 35,000 ത്തിലധികം പെണ്‍കുട്ടികളെ എനിക്കു പഠിപ്പിക്കാനായി. പലരും വലിയ ബ്രാന്‍ഡുകളില്‍ ജോലിക്കു ചേര്‍ന്നു, ചിലര്‍ സ്വന്തമായി സലൂണ്‍ തുടങ്ങി. അവര്‍ സലൂണ്‍ ഉദ്ഘാടനം ചെയ്യാന്‍ എന്നെ വിളിക്കും. അവരെ സ്വന്തം കാലില്‍ നില്ക്കാന് പ്രാപ്തരാക്കിയതില്‍ ഓരോ നിമിഷവും ഞാന്‍ അഭിമാനം കൊള്ളും.
Content Highlights: Floods destroyed her salon, stroke left her paralysed, Now she found a successful way