പ്രായത്തിന്റെ അവശതകള്‍ മറന്ന് ആവേശത്തോടെ നൃത്തം ചെയ്യുന്ന അമ്മൂമ്മമാരുടെ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ഗുവഹാട്ടിയിലെ മദര്‍ ഓള്‍ഡ് ഏജ് ഹോമിലെ അന്തേവാസികളാണ് വൈറലായ ഈ വീഡിയോയിലെ താരങ്ങള്‍.
വൃദ്ധമന്ദിരത്തിലെ ആഘോഷത്തോട് അനുബന്ധിച്ച് നടന്ന പരിപാടിയിലാണ് അമ്മൂമ്മമാര് ആവേശത്തോടെ നൃത്തം ചെയ്തത്. ആഘോഷത്തിനായി മന്ദിരത്തിന്റെ സ്വീകരണ മുറി അതിമനോഹരമായി അലങ്കരിച്ചിട്ടുണ്ട്. അതിഥികളായെത്തിയ ഗായകര്‍ പാടുന്ന ആസാമീസ് ഗാനത്തിന് അനുസരിച്ച് അമ്മൂമ്മമാര് ചുവടുവെക്കുകയായിരുന്നു.
ആവേശത്തില്‍ പലരും സീറ്റില്‍ നിന്ന് എണീറ്റ് ചുവടുവെക്കുമ്പോള്‍ മറ്റുചിലര്‍ സീറ്റിലിരുന്ന് തന്നെ കൈവീശിയും കൈയടിച്ചും ഇതില്‍ പങ്കാളികളാകുന്നുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ച മദര്‍ ഓള്‍ഡ് ഏജ് ഹോമിന്റെ ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ച വീഡിയോ ഇതിനകം അഞ്ചുലക്ഷത്തിലധികം പേര് കണ്ടുകഴിഞ്ഞു. അമ്മൂമ്മമാരുടെ ആവേശത്തെയും ജീവിതത്തോടുള്ള അവരുടെ സമീപനത്തെയും പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.
Content highlights: Guwahati old age home inmates' dancing during a celebration went viral