ഫോട്ടോഷൂട്ടുകളില്ലാത്ത വിവാഹമോ, ഇപ്പോളത് ചിന്തിക്കാനാവില്ല.. സേവ് ദി ഡേറ്റും വിവാഹ ഫോട്ടോയും, അതുകഴിഞ്ഞുള്ള ഷൂട്ടുമായി വിവാഹം മാത്രമല്ല ചിത്രങ്ങളും വ്യത്യസ്തമാക്കാനായി പണിപ്പെടുകയാണ് ഇപ്പോൾ മിക്കവരും. അപ്പോഴാണ് തങ്ങളുടെ 58 വർഷത്തെ വിവാഹജീവിതത്തിന്റെ ഓർമകളിൽ ഒരു ഫോട്ടോഷൂട്ടുമായി രണ്ടുപേരെത്തിയത്. 85 വയസ്സുള്ള കുഞ്ഞൂട്ടിയും 80-കാരി ചിന്നമ്മയും. ഫോട്ടോഗ്രാഫറായ ഇവരുടെ കൊച്ചുമകനാണ് ചിത്രങ്ങളെടുത്തത്. ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ വൈറലായി. രണ്ടാളും താരങ്ങളുമായി. 1962 ലായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹദിനത്തിലേതു പോലെ തന്നെ ചിന്നമ്മ വെള്ളസാരിയും തലയിൽ നെറ്റും എല്ലാം അണിഞ്ഞ് സുന്ദരിയായ മണവാട്ടിയായി. കുഞ്ഞൂട്ടി സ്യൂട്ടിലും. അന്നെടുക്കാൻ പറ്റാതിരുന്ന ചിത്രങ്ങൾ കാലമിത്രയും കഴിഞ്ഞ് കൊച്ചുമകൻ പകർത്തുമ്പോൾ ചിന്നമ്മയ്ക്കും കുഞ്ഞൂട്ടിക്കും ഓർത്തെടുക്കാൻ ഏറെയുണ്ട്. ഫോട്ടോഷൂട്ടിനെ പറ്റിയും ജീവിത്തെ പറ്റിയും രണ്ടാളും മനസ്സു തുറക്കുകയാണ് ഹ്യൂമൻസ് ഓഫ് ബോംബെയുടെ ഫേസ്ബുക്ക് പേജിൽ

ഫേസ്ബുക്ക് കുറിപ്പിൽ നിന്ന്

മാതാപിതാക്കളാണ് എന്നെയും ചാച്ചനെയും ആദ്യമായി പരസ്പരം പരിചയപ്പെടുത്തിയത്. അന്ന് എനിക്ക് 23 വയസ്സാണ് പ്രായം. അക്കാലത്ത് 23 വയസ്സായിട്ടും വിവാഹം നടക്കാത്ത പെൺകുട്ടി എന്നത് നാട്ടിൽ കേട്ടുകേഴ്വിയുള്ള കാര്യമല്ല. അതുകൊണ്ട് തന്നെ എന്റെ മാതാപിതാക്കൾ എനിക്കുവേണ്ടി വരനെ അന്വേഷിക്കുന്ന തിരക്കിലായിരുന്നു. മാതാപിതാക്കൾ കാര്യങ്ങൾ തീരുമാനിക്കുന്ന തിരക്കിൽ ഞങ്ങളെ തനിയെ സംസാരിക്കാനായി വിട്ടു. എനിക്കൊന്നും പറയാൻ ഉണ്ടായിരുന്നില്ല, മാത്രമല്ല ഞാൻ ഭയങ്കര നാണം കുണുങ്ങിയായിരുന്നു. എന്നാൽ ഞങ്ങൾക്ക് രണ്ടാൾക്കും കൂടിയുള്ളത് അദ്ദേഹം സംസാരിച്ചു. യാത്രയോടുള്ള ഇഷ്ടത്തെ പറ്റി, സിനിമ, വോളിബോൾ.. അങ്ങനെ താൽപര്യങ്ങളെ പറ്റി. 30 മിനിറ്റ് സംസാരിച്ചിട്ടുണ്ടാവും. അത്രസമയം കൊണ്ട് ഞങ്ങൾ അപരിചിതരല്ലാതായി. മാതാപിതാക്കളോട് സമ്മതം മൂളാൻ എനിക്ക് പിന്നെ ആലോചിക്കേണ്ടി വന്നില്ല.

രണ്ട് മാസം കഴിഞ്ഞു. 1962 ന്റെ തുടക്കത്തിൽ തന്നെ ഞങ്ങൾ വിവാഹിതരായി. കേരളാരീതിയിൽ പരമ്പരാഗതമായ വിവാഹചടങ്ങുകളായിരുന്നു. കോട്ടയത്ത് വച്ചായിരുന്നു വിവാഹം. ഞാൻ സെറ്റ് മുണ്ട് സാരിയും ചാച്ചൻ ത്രീപീസ് സ്യൂട്ടുമായിരുന്നു വേഷം. ചെറിയ ചടങ്ങുകൾ മാത്രം. അക്കാലത്തൊക്കെ അങ്ങനൊയിരുന്നു. ക്യാമറയും ഫോട്ടോയുമൊക്കെ വലിയ ആഡംബരമായിരുന്നു അന്ന്.

എന്നാൽ വൈകുന്നേരം എല്ലാവരും ഒന്ന് ചേർന്ന് നൃത്തമൊക്കെ ചെയ്തു. പിറ്റേന്നാണ് ഞങ്ങൾ മൂന്നാറിലേക്ക് ഹണിമൂൺ ട്രിപ്പിന് പോയത്. അന്നുവരെ എന്റെ വീടിനപ്പുറത്തേയ്ക്ക് ഒരിടത്തും പോകാത്ത ഞാൻ യാത്രകൾ തുടങ്ങിയത് അന്നുമുതലാണ്. ചാച്ചൻ ഒരു ഇവന്റ് മാനേജറായിരുന്നു. അതായത് ഞങ്ങളുടെ ജീവിതവും ഒരുതരം ആഘോഷം പോലെയായി എന്ന് ചുരുക്കം. യാത്രകളും ആഘോഷങ്ങളും ചാച്ചൻ മുടക്കിയിരുന്നില്ല. സൗത്ത് ഇന്ത്യ മുഴുവൻ കറങ്ങി കഴിഞ്ഞപ്പോൾ വിദേശയാത്രകളായി. ന്യൂയോർക്കിലേയക്കായിരുന്നു അടുത്ത യാത്ര. ചാച്ചന് അമേരിക്കൻ സംസ്കാരത്തോട് ഒരു പ്രത്യേക ഇഷ്ടമുണ്ടായിരുന്നു, ഒപ്പം അവരുടെ പ്രഭാതഭക്ഷണത്തോടും. എന്നാൽ ഏറ്റവും ഇഷ്ടമുള്ള ഭക്ഷണം ഞാനുണ്ടാക്കുന്ന മീൻ കറിയായിരുന്നു. അത് ഞായറാഴ്ച സ്പെഷ്യൽ ആണ്. ഞായറാഴ്ചകളിൽ ഇപ്പോഴും ഞങ്ങളുടെ മൂന്നു മക്കളും ആറ് കൊച്ചുമക്കളും വീട്ടിലെത്തും, മീൻകറികൂട്ടി ഭക്ഷണം കഴിക്കാൻ.

കൊറോണക്കാലമായതോടെ എല്ലാവരും ഒന്നിച്ച് എപ്പോഴും വീട്ടിൽ തന്നെയായി. ഈ സമയത്താണ് ഞാൻ ഞങ്ങളുടെ വിവാഹകഥ കൊച്ചുമക്കളോട് പറഞ്ഞത്. ഫോട്ടോഗ്രാഫറായ ഒരു കൊച്ചുമകനാണ് വീണ്ടും ഞങ്ങളുടെ വെഡ്ഡിംങ് ഷൂട്ട് നടത്തിയാലോ എന്ന് പറഞ്ഞത്.

എനിക്ക് ആദ്യം തമാശയായാണ് തോന്നിയത്. 80 കഴിഞ്ഞ രണ്ടാളും വീണ്ടും വരന്റെയും വധുവിന്റെയും വേഷമിട്ടാൽ എങ്ങനെ ഉണ്ടാവും. ആളുകൾ കളിയാക്കില്ലെ. പക്ഷേ എല്ലാവരും ഒറ്റകെട്ടായി നിന്നു, ചാച്ചനടക്കം. അതോടെ ഞാനും സമ്മതം മൂളി.

ഒരു വൈകുന്നേരം, വിവാഹം കഴിഞ്ഞ് 58 വർഷത്തിന് ശേഷം ഞാൻ വീണ്ടും സെറ്റ് മുണ്ട് അണിഞ്ഞു, ചാച്ചൻ സ്യൂട്ടും. വീടിന് പിന്നിലെ സ്ഥലത്ത് ഞങ്ങളുടെ വെഡ്ഡിംങ് ഫോട്ടോഷൂട്ട് നടന്നു. ഞങ്ങൾ ഇപ്പോൾ 80 കളിൽ എത്തിയവരാവാം, എങ്കിലും ഞങ്ങൾ വീണ്ടും അന്നത്തെ 23-കാരായി, അരമണിക്കൂർ കൊണ്ട് ജീവിതകാലം മൊത്തം ഒന്നിച്ചു ജീവിക്കാം എന്ന് തീരുമാനിച്ചവരായി...

Content Highlights:Elderly Couple Poses for First Wedding Photoshoot 58 Years after Marriage