ശാരീരിക വളര്‍ച്ചയെ കുറിച്ചും, ശരീരത്തിലും മാനസികാവസ്ഥയിലും വളരുന്തോറുമുണ്ടാകുന്ന മാറ്റങ്ങളെ കുറിച്ചും ആണ്‍കുട്ടികളെയും പറഞ്ഞുബോധ്യപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ഡോ.ഷിംന അസീസ് എഴുതിയ പോസ്റ്റ് ശ്രദ്ധേയമാകുന്നു.'ആണ്‍കുട്ടികളേക്കാള്‍ പെണ്‍കുട്ടികള്‍ക്ക് ശരീരത്തെയറിയാം, ലോകത്തെയറിയാം. ശരിയും തെറ്റും വലിയൊരു പരിധി വരെയറിയാം. പെണ്‍കുട്ടികളെ സുരക്ഷിതരാക്കാന്‍ കച്ച കെട്ടിയിറങ്ങുന്ന നമ്മള്‍ സൗകര്യപൂര്‍വ്വം നമ്മുടെ ആണ്‍മക്കളെ അവഗണിക്കുന്നുണ്ടോ? '  ഡോ.ഷിംനയുടെ ഈ സംശയം തീര്‍ച്ചയായും ചര്‍ച്ച ചെയ്യപ്പെടേണ്ടതു തന്നെയാണ്. 

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

'രാവിലെ ഉണ്ടാക്കിയ പുട്ട് ഇഷ്ടമില്ലെന്ന് പറഞ്ഞ് ഉമ്മയോട് വഴക്കിട്ടിറങ്ങിയപ്പോ നിങ്ങളറിഞ്ഞിരുന്നോ ഉമ്മച്ചി മെന്‍സസിന്റെ വയറുവേദന സഹിക്ക വയ്യാതെയാണ് അത് നിങ്ങള്‍ക്ക് വെച്ചു വിളമ്പിയതെന്ന്?'

ഒരു സദസ്സിന്റെ മുക്കാലും നിറഞ്ഞ് കവിഞ്ഞ പ്ലസ് വണ്ണിലെ ആണ്‍കുട്ടികളുടെ ക്ഷണനേരം കൊണ്ടുണ്ടായ മൗനം കണ്ണ് മിഴിച്ച് എന്നെ നോക്കി. എന്നോ വരാന്‍ പോകുന്ന ഭാര്യയെക്കുറിച്ച് പറയാന്‍ മാത്രമല്ലല്ലോ ഞാന്‍ ചെന്നത്. മുന്നിലുള്ള അമ്മയും പെങ്ങളുമെല്ലാം അനുഭവിക്കുന്നത് ആരും അവര്‍ക്കിന്ന് വരെ പറഞ്ഞ് കൊടുത്തിരുന്നില്ല. ആയുഷ്‌കാലം മുഴുവന്‍ മനസ്സും ശരീരവും പരീക്ഷിക്കപ്പെടുന്ന പെണ്ണിനെ കുറിച്ച് പറഞ്ഞു കൊടുത്തിരുന്നില്ല. ജനിക്കുമ്പോള്‍ മുതല്‍ പെണ്ണറിയുന്ന നോവുകള്‍ പറഞ്ഞു കൊടുത്തിരുന്നില്ല. പെണ്ണിനെ ബഹുമാനിക്കേണ്ടതിന്റെ ആവശ്യകത പറഞ്ഞ് കൊടുത്തിരുന്നില്ല. ആര്‍ത്തവവും പ്രസവവും അറിയില്ല, പാഡ് കളയാനും മൂത്രമൊഴിക്കാനും സ്ഥലം തിരഞ്ഞ് കഷ്ടപ്പെടുന്ന സുഹൃത്തിന്റെ വേദന അവരോര്‍ത്തിട്ടില്ല.

എന്തിന് പറയുന്നു, വര്‍ഷങ്ങളായി അവര്‍ക്ക് സ്വന്തം ശരീരത്തിലുള്ള ഉദ്ധാരണസമയത്ത് എന്ത് സംഭവിക്കുന്നു എന്നറിയില്ല, അവര്‍ ചോദിക്കാത്തതുമാകാം. അവര്‍ സ്വയം സുഖമനുഭവിക്കുന്നത് തെറ്റാണോ എന്ന ഭയം അവരാരോടും ഇത് വരെ ചോദിച്ചിട്ടില്ല. ലഹരിമരുന്ന് കൊണ്ട് ലൈംഗികശേഷി നഷ്ടപ്പെടുമോ എന്ന് ഇതിന് മുന്നേ അവന്‍ നേരിട്ട് ചോദിച്ചത് ഒരു കഞ്ചാവ് കച്ചവടക്കാരനോടായിരിക്കണം. ആ ഉത്തരം പറയുമ്പോള്‍ സദസ്സിലുണ്ടായ ഭീതിപ്പെടുത്തുന്ന മൗനം കുറച്ചൊന്നുമല്ല എന്നെ അസ്വസ്ഥയാക്കിയത്. അവരുടെ കൂട്ടത്തില്‍ എത്ര പേര്‍...ആവോ, അറിയില്ല.

അവന് അബോര്‍ഷന്‍ എന്താണെന്നറിയാമായിരുന്നു. ഗര്‍ഭസമയത്ത് അമ്മക്ക് മാനസിക അസ്വാസ്ഥ്യമുണ്ടാകുന്നതിനെ കുറിച്ച് അവന് അറിയണമായിരുന്നു. ശൈശവ ഗര്‍ഭധാരണം കൊണ്ട് അമ്മക്ക് ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ അറിയണമായിരുന്നു.

ഇന്ന് പ്ലസ് വണ്ണിലെ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒന്നിച്ച് reproductive health ക്ലാസ്സെടുത്തപ്പോള്‍ മനസ്സിലാക്കിയത് ഇതാണ്; നമ്മള്‍ പെണ്‍കുട്ടികള്‍ക്ക് ഏറെ പറഞ്ഞു കൊടുക്കുന്നു. അവര്‍ക്ക് തെറ്റിദ്ധാരണകള്‍ ഇല്ലെന്നല്ല, എന്നാലും ആണ്‍കുട്ടികളേക്കാള്‍ അവര്‍ക്ക് ശരീരത്തെയറിയാം, ലോകത്തെയറിയാം. ശരിയും തെറ്റും വലിയൊരു പരിധി വരെയറിയാം.

പക്ഷേ, നമ്മുടെ ആണ്‍കുട്ടികള്‍ ഇപ്പോഴും ആ വികലധാരണകളുടെ ഈറ്റില്ലങ്ങളിലാണ്. അവര്‍ സുരക്ഷിതരല്ല, അവര്‍ക്കൊന്നും അറിയുകയുമില്ല. അവരെ പഠിപ്പിക്കേണ്ടത് നീലച്ചിത്രങ്ങളും കൊച്ചുപുസ്തകങ്ങളും ലഹരിവില്‍പ്പനക്കാരനുമല്ല. അവരാണ് കൂടുതല്‍ അറിവ് നേടേണ്ടത്. പെണ്‍കുട്ടികളെ സുരക്ഷിതരാക്കാന്‍ കച്ച കെട്ടിയിറങ്ങുന്ന നമ്മള്‍ സൗകര്യപൂര്‍വ്വം നമ്മുടെ ആണ്‍മക്കളെ അവഗണിക്കുന്നുണ്ടോ? അരുത് !
നമ്മളല്ലാതെ ആരാണവര്‍ക്ക് ?

Content Highlights: Dr.Shimna Azeez, Reproductive Health, Menustration, Facebook Post, Viral Facebook Post