രുപത്തിമൂന്നു വർഷങ്ങൾക്കിപ്പുറം ഞാൻ കരുത്തയായെങ്കിൽ നിങ്ങൾക്കെല്ലാം അതിനു കഴിയും.- പറയുന്നത് കൊടിയ ശാരീരിക പീഡനങ്ങൾ നേരിട്ട വിവാഹബന്ധത്തിൽ നിന്ന് പുറത്തുകടന്ന പൂർണിമ എന്ന സ്ത്രീയാണ്. ഇന്ന് ​ഗാർഹിക പീഡനങ്ങളെ അതിജീവിക്കുന്ന സ്ത്രീകൾക്ക് കൗൺസിലിങ്ങും മറ്റു സേവനങ്ങളും നൽകുന്ന പൂർണിമയ്ക്കും ഒരു ഇരുണ്ടകാലത്തെക്കുറിച്ച് പങ്കുവെക്കാനുണ്ട്. പതിനാറാം വയസ്സിൽ അമ്മയായതും ആദ്യഭർത്താവിന്റെ മരണവും തുടർന്നുണ്ടായ പ്രണയവിവാഹം ​ഗാർഹിക പീഡനത്തിലേക്ക് നയിച്ചതുമെല്ലാം പങ്കുവെക്കുകയാണ് പൂർണിമ. 

ഇരുപത്തി മൂന്നു വർഷത്തിനുശേഷമാണ് തനിക്ക് ഭർത്താവിൻെ പീഡനങ്ങളിൽ നിന്ന് പുറത്തുകടക്കണമെന്ന തോന്നൽ ഉണ്ടായതെന്നും ഇന്നു മക്കൾക്കൊപ്പം പുതിയ ജീവിതം നയിക്കുകയാണ് താനെന്നും പൂർണിമ പറയുന്നു. മഹാരാഷ്ട്ര സ്വദേശിയായ പൂർണിമയുടെ ജീവിതകഥ ഹ്യൂമൻസ് ഓഫ് ബോംബെ പേജിലൂടെയാണ് പുറത്തുവന്നത്. 

കുറിപ്പിലേക്ക്

പതിനാറാം വയസ്സിലാണ് ഞാൻ സിം​ഗിൾ മദറാകുന്നത്. ​ഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞ ദിവസമാണ് എന്റെ ഭർത്താവ് മരിക്കുന്നത്. പക്ഷേ മകൻ മരിച്ചതോടെ ഭർത്താവിന്റെ മാതാപിതാക്കൾ അവനെ അവർക്കൊപ്പം കൊണ്ടുപോയി. സ്വാധീനമുള്ള കുടുംബമായിരുന്നു അവരുടേത്. എനിക്കൊന്നും ചെയ്യാൻ കഴിഞ്ഞിരുന്നില്ല. എനിക്കവനെയൊന്ന് ചേർത്തുപിടിക്കാൻ പോലും കഴിഞ്ഞില്ല. ആശുപത്രിയിൽ ഉപേക്ഷിക്കപ്പെട്ടതുപോലെയായിരുന്നു ഞാൻ. 

മാതാപിതാക്കൾ എന്നെ വീട്ടിലെത്തിച്ചെങ്കിലും ഞാൻ വിഷാ​ദത്തിലേക്ക് വഴുതിവീണു. എന്റെ അവസ്ഥ കണ്ടതോടെ മാതാപിതാക്കൾ പ്ലസ്ടുവിൽ ചേർത്തു, അവിടെ വച്ചാണ് ഞാൻ സഞ്ജിവിനെ കണ്ടുമുട്ടുന്നത്. സഞ്ജിവ് നേരത്തേയും എന്നെ പ്രൊപോസ് ചെയ്തിരുന്നു, പക്ഷേ അപ്പോഴേക്കും എന്റെ വിവാഹം നിശ്ചയിക്കപ്പെട്ടിരുന്നു. പക്ഷേ നമ്മൾ ഒറ്റക്കെട്ടായി നിന്ന് പോരാടുമെന്നും കുഞ്ഞിനെ നേടിയെടുക്കുമെന്നും എന്നെ വിശ്വസിപ്പിച്ചു. അതോടെ ഞാൻ അവനോട് സമ്മതം മൂളി. 

പതിനെട്ടാം വയസ്സിൽ ഞാൻ പുതിയൊരു ജീവിതത്തിന് തുടക്കമിട്ടു. പക്ഷേ ആദ്യരാത്രി തന്നെ സഞ്ജിവ് എന്നെ മർദിക്കുകയും കീഴ്പ്പെടുത്തുകയും ചെയ്തു. തുടർന്നങ്ങോട്ട് ദിവസവും എന്നെ ഉപദ്രവിക്കുമായിരുന്നു. സഞ്ജിവിന്റെ കുടുംബം പോലും എന്നോട് മോശമായാണ് പെരുമാറിയത്. ഭക്ഷണം പോലും മര്യാദയ്ക്ക് ലഭിച്ചിരുന്നില്ല, അവർ ബാക്കിവച്ചിരുന്ന ഭക്ഷണമാണ് കഴിച്ചിരുന്നത്. അവിടെ നിന്ന് രക്ഷപ്പെടുന്നതിനെക്കുറിച്ച് ഞാൻ ചിന്തിച്ചിരുന്നു. പക്ഷേ മറ്റൊരു പരാജയ വിവാഹബന്ധം ഇനി വേണ്ടെന്ന് കരുതിയിരുന്നു. മൂന്നുമാസം കഴിഞ്ഞതോടെ ഞാൻ ​ഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞു. പക്ഷേ അപ്പോഴും അവർ ഉപദ്രവം നിർത്തിയില്ല. 

​ഗർഭകാലത്തുടനീളം വെളുപ്പിനെ നാലുമണിവരെയൊക്കെ അവർ എന്നെക്കൊണ്ട് ജോലി ചെയ്യിച്ചിട്ടുണ്ട്. ഒടുവിൽ‌ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയപ്പോൾ ആരും എന്നെ അഭിനന്ദിക്കുകയോ മധുരം വിതരണം ചെയ്യുകയോ ഉണ്ടായില്ല. ആശുപത്രിയിൽ നിന്ന് തനിച്ചാണ് ഞാൻ തിരികെയെത്തിയത്. 

അവിടെ നിന്നങ്ങോട്ട് മകൾ ആരതി മാത്രമായി എന്റെ ജീവിതം. ആരതിക്ക് രണ്ടുവയസ്സായപ്പോൾ സഞ്‍ജിവ് അവളെ മർദിക്കുകയുണ്ടായി. പക്ഷേ എനിക്കൊന്നും ചെയ്യാൻ കഴിഞ്ഞിരുന്നില്ല. രണ്ടുവർഷം കഴിഞ്ഞ് മകൻ പിറന്നപ്പോഴും ഇതുതന്നെ തുടർന്നു. ഇതിനിടെ കുട്ടികൾ എനിക്ക് വേണ്ടി നിൽക്കുമ്പോഴും അവരെ അയാൾ മർദിച്ചിരുന്നു. ഇരുപത്തിയഞ്ചാം വയസ്സിൽ ഞാൻ പുതിയൊരു തുടക്കമിട്ടു. മെഹന്ദി ബിസിനസ് ആരംഭിക്കുകയും ജോലിക്കായി ശ്രമിക്കുകയും ചെയ്തു. അധ്യാപികയാവാനുള്ള ജോലിക്ക് അപേക്ഷിച്ചെങ്കിലും അപ്പോഴൊക്കെ സഞ്ജിവ് പ്രതിബന്ധവുമായി നിന്നു. 

2012ൽ മക്കളുടെ പ്രോത്സാഹനത്തോടെയാണ് ഞാൻ രാഷ്ട്രീയത്തിലേക്ക് കടക്കുന്നത്. വളരെപെട്ടെന്നു തന്നെ എനിക്ക് അം​ഗീകാരങ്ങൾ ലഭിച്ചു. പക്ഷേ അവിടെയും വിടാൻ ആവശ്യപ്പെട്ട് സഞ്ജിവ് എത്തി. ഞാൻ പറ്റില്ലെന്ന് പറഞ്ഞപ്പോൾ അതുവരെ കാണാത്തതുപോലെ എന്നെ മർദിച്ചു. വയറിൽ ആഞ്ഞു ചവിട്ടിയതിന്റെ വേദനയിൽ ഞാൻ കുഴഞ്ഞുവീണു. അന്ന് ഞാൻ തീരുമാനിച്ചു, തൊഴിലിടത്തിൽ ആത്മവിശ്വാസമുള്ള ഞാൻ വീട്ടിലും കരുത്തയായേ പറ്റൂ. എനിക്ക് അത്രത്തോളം മടുത്തിരുന്നു. 

അങ്ങനെ 23 വർഷങ്ങൾക്കിപ്പുറം ഞാൻ ധൈര്യം വീണ്ടെടുത്ത് മക്കളെയുമായി ഇറങ്ങി. ഇടയ്ക്കെല്ലാം അയാൾ വീട്ടിലേക്ക് വരികയും ഇപ്പോഴും മോശം സന്ദേശങ്ങൾ അയക്കുകയും ചെയ്യുന്നുണ്ട്. പക്ഷേ ഇപ്പോൾ എനിക്ക് ഭയമില്ല. ഇനിയൊരു തിരിച്ചുപോക്കില്ലെന്ന് ഞാൻ തീരുമാനിച്ചു. 

നാൽപത്തിയാറാം വയസ്സിൽ ഞാനും മക്കളും പുതിയൊരു ജീവിതം കെട്ടിപ്പടുക്കുകയാണ്. മോശം വിവാഹബന്ധങ്ങളിൽ നിന്ന് പുറത്തേക്കുവരുന്ന സ്ത്രീകളെ കോച്ച് ചെയ്യാൻ പരിശീലിക്കുകയാണ്. ഇരുപത്തിമൂന്നു വർഷത്തോളം അനുഭവിച്ചതിനുശേഷമാണ് ഞാൻ പുറത്തേക്കുവന്നത്. എനിക്ക് അതിനുള്ള ധൈര്യം ലഭിച്ചെങ്കിൽ നിങ്ങൾക്കും അതിനു കഴിയും എന്ന സന്ദേശം പകരുകയാണ് ലക്ഷ്യം. 

Content Highlights: domestic violence, surviving unhappy marriage, inspiring women, purnima life coach, humans of bombay