ഗാര്‍ഹികപീഡനവും സ്ത്രീധനമരണവും സ്ത്രീകളുടെ ആത്മഹത്യകളും നിത്യസംഭവങ്ങളാവുകയാണ് ഇപ്പോള്‍. ഭര്‍ത്താവിന്റെയോ വീട്ടുകാരുടെയോ പീഡനമേറ്റ് ഒരു വഴിയുമില്ലാതെ ജീവിതമവസാനിപ്പിക്കുന്ന പെണ്‍കുട്ടിയോട് അവള്‍ക്കങ്ങ് ഇറങ്ങിപൊയിക്കൂടായിരുന്നോ എന്ന് എളുപ്പത്തില്‍ ചോദിക്കുന്ന സമൂഹമാണ് നമ്മുടേത്. എന്നാല്‍ ഇനി അവള്‍ മരിക്കാതെ ധൈര്യം സംഭരിച്ച് ഇറങ്ങിപ്പോന്നാല്‍ അവള്‍ അഹങ്കാരിയും നിഷേധിയുമായി. ഇതെല്ലാം ഭയന്ന് ഒന്നുകില്‍ ജീവിതം അങ്ങനെ തന്നെ ജീവിച്ചു തീര്‍ക്കുകയോ അല്ലെങ്കില്‍ മരിക്കുകയോ ചെയ്യേണ്ടി വരുന്ന സ്ത്രീകളുടെ അവസ്ഥ എത്ര ഭീകരമാണ്. ഇതിനിടയില്‍ തങ്ങള്‍ അനുഭവിക്കുന്നത് പീഡനമാണോ എന്ന് തിരിച്ചറിയാന്‍ പോലും ആകാത്ത ഒരു കൂട്ടം സ്ത്രീകള്‍ക്കൂടിയുണ്ട്. എന്നും തല്ലുകയും അടിക്കുകയും അസഭ്യം പറയുകയും ചെയ്യുന്നത് മാത്രമല്ല ഗാര്‍ഹികപീഡനം എന്ന് സ്ത്രീകള്‍ എപ്പോഴാണ് തിരിച്ചറിയുക? ഒരു വ്യക്തി എന്ന നിലയില്‍ അംഗീകരിക്കപ്പെടാതിരിക്കുകയും ബഹുമാനിക്കപ്പെടാതിരിക്കുകയും ചെയ്യുന്നതും ഗാര്‍ഹികപീഡനം തന്നെയാണ്.  സമൂഹം ഇതിനെയല്ലാം വളരം സ്വഭാവികമായി കരുതുകയും എതിര്‍ പങ്കാളിയുടെ മേല്‍ക്കൈ അംഗീകരിച്ചു കൊടുക്കുകയും ചെയ്യുകയാണ് പതിവ്. എന്നാല്‍ ഗാര്‍ഹികപീഡനത്തിന്റ പല രൂപങ്ങളെ പറ്റി തന്റെ ഫെയ്‌സ് ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുകയാണ് ആശാറാണി ലക്ഷ്മിക്കുട്ടി.

ഫെയ്‌സ് ബുക്ക് കുറിപ്പ് വായിക്കാം

ഗാര്‍ഹിക പീഡനം എന്ന് പറയുന്നത് ഭാര്യയെ തല്ലി പഞ്ചറാക്കുക, ഗ്യാസ് തുറന്ന് കത്തിക്കുക, വീടിന് പുറത്താക്കി വാതിലടക്കുക തുടങ്ങി അക്രമത്തിന്റെ അവസാന എന്‍ഡ് മാത്രമല്ല.

* സഞ്ചാര സ്വാതന്ത്ര്യത്തില്‍ ഇടപെടുക
* വസ്ത്ര സ്വാതന്ത്ര്യത്തില്‍ ഇടപെടുക
* ഡൊമസ്റ്റിക്ക് ലേബറുകള്‍ ചെയ്തിട്ടും ജോലി ഇല്ലാത്ത ആളെന്ന് പരിഹസിച്ച് അവരെ സാമ്പത്തിക അടിമത്തത്തില്‍ ഇടുക
* ജോലി ഉളള സ്ത്രീകള്‍ ആണെങ്കില്‍ ശമ്പളം ചിലവാക്കാനൊ സ്വന്തം നിയന്ത്രണത്തില്‍ വച്ച് ഉപയോഗിക്കാനോ അനുവദിക്കാതിരിക്കുക.
* മാനസികമായി പീഡിപ്പിക്കുക, ഉദാഹരണം നിരന്തരം കഴിവില്ലാത്തവളാണന്നും, കുടുംബത്തില്‍ പ്രശ്‌നം ഉണ്ടാക്കുന്ന ആളാണന്നും ചിത്രികരിക്കുക, ഗ്യാസ് ലൈറ്റിങ്ങ് നടത്തുക.
* രോഗം, മറ്റ് ശാരീരിക അവശതകള്‍ ഇവയൊക്കെ പരിഗണിക്കാതെ വീട്ടുജോലികള്‍ ചെയ്യാന്‍ സ്വമേധയാ എന്ന പോലെ  നിര്‍ബന്ധിതയാകുക.
* വിവാഹ ബന്ധത്തിലെ വിശ്വാസ്യത തകര്‍ക്കും വിധം നുണ പറയുക, മറ്റ് സ്ത്രീകളോട് ബന്ധം സ്ഥാപിക്കുക.
* പ്രത്യുല്പാദന തീരുമാനങ്ങളില്‍ ഒരു റോളും ഇല്ലാതിരിക്കുക.
* കുട്ടികളെ വളര്‍ത്തുന്നതില്‍ കുറ്റം ആരോപിച്ച് മാനസികമായി പീഡിപ്പിക്കുക.
* ഇഷ്ടമുളള ജോലി ചെയ്യാന്‍ അനുവദിക്കാതിരിക്കുക
* ബന്ധങ്ങളിലും സൗഹൃദങ്ങളിലും വിലക്ക് ഏര്‍പ്പെടുത്തുക...
* പ്രസവം, കുട്ടികളെ വളര്‍ത്തല്‍ ഇവ മൂലം ഉണ്ടാകുന്ന ശാരീരിക മാറ്റങ്ങള്‍ ചൂണ്ടി കാണിച്ച് ബോഡി ഷെയ്മിങ്ങ് നടത്തുക.
* അനുവാദം ഇല്ലാത്ത ലൈംഗീക ബന്ധങ്ങള്‍, മറ്റ് ലൈംഗീക ആക്രമണങ്ങള്‍.
* സ്വഭാവഹത്യ.
 
അങ്ങനെ സമൂഹം സ്വാഭാവികമായി കരുതുന്ന നൂറായിരം സംഗതികള്‍ ഗാര്‍ഹിക പീഡനങ്ങളുടെ പരിധിയില്‍ വരും....ഗാര്‍ഹിക പീഡനം അങ്ങേയറ്റത്ത് നടക്കുന്ന ശാരീരിക അതിക്രമങ്ങള്‍ മാത്രമല്ല. ഭൂരിപക്ഷം സ്ത്രീകളും വളരെ സ്വാഭാവികം എന്ന് കരുതി അനുഭവിക്കുന്ന ചിലതാണ്. ചില 'സ്വഭാവീകത' കളെ തിരുത്തി ചിന്തിക്കേണ്ടി വരും.

Content Highlights: Domestic violence isn't about just physical violence