കൊറോണ രണ്ടാം വരവില്‍ ഉലയുകയാണ് നമ്മുടെ നാടും ആരോഗ്യരംഗവും. ആളുകള്‍ സ്വയം കരുതിയില്ലെങ്കില്‍ ഇനിയും കൈവിട്ടുപോകാവുന്ന അവസ്ഥ. വീട്ടില്‍ തന്നെ സുരക്ഷിതമായി ഇരിക്കാനും മാസ്‌ക് ധരിക്കാനുമെല്ലാം ആവശ്യപ്പെടുമ്പോഴും ചിലരുടെ അശ്രദ്ധകള്‍ വലിയ വിലയാണ് നല്‍കേണ്ടി വരുന്നത്. മുന്‍നിര പോരാളികള്‍ തളര്‍ന്നു തുടങ്ങിയിരിക്കുന്നു എന്നാണ് ആരോഗ്യപ്രവര്‍ത്തകരുടെയും മറ്റും വൈറലാകുന്ന സോഷ്യല്‍മീഡിയ പോസ്റ്റുകള്‍ തെളിയിക്കുന്നത്.  വനിതാ ഡോക്ടര്‍  താന്‍ ജോലി ചെയ്യുന്ന ആശുപത്രിയിലെ ഹൃദയം തകര്‍ക്കുന്ന അനുഭവങ്ങള്‍ തുറന്നെഴുതുകയാണ് ഹ്യൂമന്‍സ് ഓഫ് ബോംബെയുടെ ഫേസ്ബുക്ക് പേജിലൂടെ.

ഫേസ്ബുക്ക് കുറിപ്പില്‍ നിന്ന്

എന്റെ ഡോക്ടര്‍ സേവനത്തിന്റെ ആദ്യ വര്‍ഷമാണ് ഒരാളുടെ മരണം നേരിട്ട് കാണുന്നത്. 30 മാര്‍ച്ച് 2021- ല്‍, കോവിഡ് പോസിറ്റീവായ ആ രോഗി തലേ രാത്രി ഐ.സി.യുവില്‍ പ്രവേശിപ്പിക്കപ്പെട്ടതേ ഉണ്ടായിരുന്നുള്ളു. അയാളുടെ നില അതീവഗുരുതരമായിരുന്നു. നാല്‍പതുകള്‍ മാത്രമായിരുന്നു അയാളുടെ പ്രായം. ആ രോഗി രക്ഷപ്പെടുമെന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ പിറ്റേദിവസം അാള്‍ മരിച്ചപ്പോള്‍ ഞാന്‍ വിതുമ്പിപ്പോയി. തീവ്രരോഗപരിചരണ വിഭാഗത്തില്‍ ഞാന്‍ ജോലി ചെയ്തു തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളു അപ്പോള്‍. 2020 വളരെ മോശമായിരിക്കും, 2021 ലേക്ക് അതികം നീണ്ടുനില്‍ക്കുകയൊന്നുമില്ല എന്ന് പറഞ്ഞ് എന്റെ സീനിയേഴ്‌സ് എന്നെ ആശ്വസിപ്പിച്ചു. എന്നാലിപ്പോള്‍ കുറഞ്ഞത് അഞ്ച് രോഗികളെങ്കിലും എന്റെ മുന്നില്‍ ഗുരുതരാവസ്ഥയില്‍ എത്തുന്നുണ്ട്. അതില്‍ രണ്ടോ മൂന്നോ പേര്‍ ദിവസവും മരിക്കുന്നു.

ഏപ്രില്‍ ആദ്യവാരത്തിലാണ് ഒരു ഇരുപത്തിരണ്ട് വയസ്സുള്ള രോഗി കൊറോണ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ അഡ്മിറ്റായത്. ഗുരുതരാവസ്ഥയിലായിരുന്നു അയാള്‍. നാല് ദിവസം അയാള്‍ ഐ.സി.യുവില്‍ കിടന്നു. ബോധത്തിലേക്ക് ഒരിക്കലും തിരിച്ചു വരാതെ. അയാള്‍ രക്ഷപ്പെടാനുള്ള സാധ്യത വളരെ കുറവാണെന്ന് എനിക്ക് അറിയാമായിരുന്നു.

എല്ലാ ദിവസവും അയാളുടെ അമ്പതുകള്‍ കഴിഞ്ഞ മാതാപിതാക്കള്‍ ചോദിച്ചിരുന്നു മകന്‍ രക്ഷപ്പെടുമോ എന്ന്. അവന് പഴങ്ങളും പച്ചക്കറികളും കഴിക്കാന്‍ കൊടുക്കട്ടേ എന്ന്. പിന്നീട് അവര്‍ സ്വയം തിരുത്തും. പ്രാര്‍ത്ഥിച്ചാല്‍ അത്ഭുതങ്ങള്‍ നടക്കും, അവന്‍ ഒരിക്കലും ഞങ്ങളെ ഒറ്റയ്ക്കാക്കി പോകില്ല.' അവര്‍ പ്രതീക്ഷിച്ചിരുന്നു. 

കോവിഡ് വാര്‍ഡില്‍ ജോലി ചെയ്യുമ്പോഴുള്ള ഏറ്റവും വലിയ ബുദ്ധിമുട്ട് എന്താണെന്ന് ഞാന്‍ അറിയുകയായിരുന്നു. നാലാം ദിനം അയാള്‍ മരിച്ചു. അയാളുടെ മാതാപിതാക്കളുടെ തകര്‍ച്ച് കണ്ട് എന്റെ ഹൃദയവും തകര്‍ന്നു. ഞാന്‍ മരിച്ചതുപോലെ ആയിരുന്നു അപ്പോള്‍. അന്നുമുതല്‍ ഞാന്‍ ഇത്തരത്തില്‍ വരുന്ന ഓരോ കുടുംബത്തിനും വേണ്ട നിര്‍ദേശങ്ങള്‍ നല്‍കാന്‍ തീരുമാനിച്ചു. രോഗിയുടെ അവസ്ഥ, ഹൃദയമിടിപ്പ് കുറയുന്നത്.. അങ്ങനെ എല്ലാം ശരിയായ കാര്യങ്ങള്‍. തെറ്റായ പ്രതീക്ഷ അവര്‍ക്ക് നല്‍കേണ്ടല്ലോ.

ഇപ്പോള്‍ എന്റെ രോഗികളോട് നുണ പറയാനും ഞാന്‍ പഠിച്ചു കഴിഞ്ഞു. തങ്ങള്‍ രക്ഷപ്പെടുമോ എന്ന് സംശയത്തില്‍ കിടക്കുന്ന രോഗികള്‍ക്ക് പ്രതീക്ഷ നല്‍കാനായി എന്റെ ശ്രമം, അവര്‍ മരിക്കുമെന്ന് ഉറപ്പാണെങ്കില്‍ പോലും. വെറുതേ എന്തിനാണ് ഒരാളുടെ അവസാന നിമിഷങ്ങള്‍ അവരെ ഉത്കണ്ഠയിലേക്ക് തള്ളിവിടുന്നത്. 

കഴിഞ്ഞ രണ്ടാഴ്ച ഏറ്റവും മോശമായ അവസ്ഥക്കാണ് ഞാന്‍ സാക്ഷിയാവുന്നത്. തീവ്രപരിചരണ വിഭാഗത്തിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് എന്റെ ഒരു രോഗി പറഞ്ഞ വാക്കുകള്‍.. ' വീട്ടില്‍  പതിനൊന്നും നാലും വയസ്സുള്ള രണ്ട് കുഞ്ഞുങ്ങളുണ്ട്, എനിക്ക് ജീവിക്കണം.' എന്നാല്‍ കുറച്ചു കഴിഞ്ഞപ്പോല്‍ തന്നെ ആ കുഞ്ഞുങ്ങളോട് നിങ്ങളുടെ അമ്മയെ ഇനിയൊരിക്കലും കാണാനാവില്ല എന്നെനിക്ക് പറയേണ്ടി വന്നു. അമ്മയെ കാണണം എന്നാവശ്യപ്പെട്ട് ഇളയകുഞ്ഞ് നിലവിളിക്കുന്നുണ്ടായിരുന്നു. ഒരു മാര്‍ഗവുമില്ലാതെ എനിക്കവരെ അവിടെ നിന്ന് ബലമായി കൊണ്ടുപോകേണ്ടി വന്നു. അപ്പോഴെന്താണ് ചെയ്യേണ്ടതെന്ന് എനിക്കും അറിയില്ലായിരുന്നു.

മോര്‍ച്ചറിയില്‍ ശരീരങ്ങള്‍ കുന്നുകൂടുകയാണ്. ചില സമയങ്ങളില്‍ ഞാനൊരിക്കലും ജനിക്കാതിരുന്നെങ്കില്‍ എന്ന് വരെ തോന്നാറുണ്ട്. ചില സമയങ്ങളില്‍ ഞാന്‍ മാനസികമായി തകര്‍ന്നു പോകുകയാണ്. മരണം വരെ സ്വപ്‌നം കണ്ടു തുടങ്ങിയിരിക്കുന്നു. ഞാന്‍ ഇവിടെയുള്ളപ്പോള്‍ ഒരു ജീവിതമെങ്കിലും രക്ഷിക്കാനാവും എന്ന പ്രതീക്ഷയാണ് എന്നെ മുന്നോട്ട് പോകാന്‍ പ്രേരിപ്പിക്കുന്നത്. 

എനിക്ക് കഴിയുന്നതുപോലെ ഞാന്‍ കഠിനാധ്വാനം ചെയ്യുന്നുണ്ട്. അമ്പതുകള്‍ കടന്ന എന്റെ മാതാപിതാക്കള്‍ കേരളത്തിലെ ആശുപത്രിയിലുണ്ട്. അവിടെ അവരെ ആരോഗ്യപ്രവര്‍ത്തകര്‍ നോക്കുന്നതുപോലെ ഇവിടെ ഞാനും എന്റെ രോഗികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയാണ്. ചിലപ്പോള്‍ ഞാന്‍ ആലോചിക്കും, കോവിഡ് പിടിപെട്ട് എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ എന്റെ മാതാപിതാക്കളെ ആര് നോക്കുമെന്ന്.

അതുകൊണ്ടാണ് ഞാന്‍ നിങ്ങളോട് പറയുന്നത് പുറത്തിറങ്ങുന്നത് ഇപ്പോള്‍ എത്ര അപകടകരമാണെന്ന്. മാസ്‌ക് കൃത്യമായി ധരിക്കണം. അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുത്. വീടിനുള്ളില്‍ ഇരിക്കാന്‍ കഴിയുക എന്നതൊരു അനുഗ്രഹമാണ് ഇപ്പോള്‍, അത് ദയവായി മനസ്സിലാക്കൂ.

Content Highlights: Doctor share her experience in Covid ward During Corona second wave