മാസങ്ങളായി കൊറോണയ്ക്കെതിരായ പോരാട്ടത്തിലാണ് ലോകമെമ്പാടുമുള്ള ജനങ്ങൾ. ലോക്ഡൗണ്‍ പ്രഖ്യാപിച്ചും കർശന സാമൂഹിക അകലം നിർദേശിച്ചുമൊക്കെ കൊറോണയെ ഒരുപരിധിവരെ പ്രതിരോധിച്ചിരുന്നു. ഇപ്പോഴും രോ​ഗികളുടെ എണ്ണവും മരണവുമൊക്കെ കൂടിക്കൊണ്ടിരിക്കുന്ന വാർത്തകളാണ് കേൾക്കുന്നത്. ഈ സാഹചര്യത്തിൽ ജാ​ഗ്രത പാലിക്കേണ്ടതിന്റെ പ്രാധാന്യം പങ്കുവെക്കുകയാണ് ഒരു ഡോക്ടര്‍. 

പാലക് എന്ന ഡോക്ടറാണ് ഹ്യൂമൻസ് ഓഫ് ബോംബെ പേജിലൂടെ തന്റെ കൊറോണ പ്രതിരോധ പ്രവർത്തനത്തെക്കുറിച്ച് പങ്കുവെക്കുന്നത്. ജനങ്ങൾ ഇപ്പോഴും ഈ രോ​ഗത്തെ ​ഗൗരവത്തോടെ സമീപിക്കുന്നില്ലെന്നും സാഹചര്യം വളരെ മോശമാണെന്നും പാലക് പറയുന്നു. ജനങ്ങളോട് മാസ്ക് ധരിക്കാൻ മാത്രമാണ് ആവശ്യപ്പെടുന്നതെന്നും അതു കണക്കിലെടുക്കണമെന്നും പാലക് പറയുന്നു. 

ഫെയ്‌സ്ബുക്ക് കുറിപ്പിലേക്ക്...

കുറച്ചാഴ്ച്ചകൾക്ക് മുമ്പ് എന്റെ സ്റ്റാഫിലെ രണ്ടുപേരും ഒരു ഡോക്ടറും കോവിഡ് പോസിറ്റീവായി. ഇതു പരസ്യമായതോടെ ഞങ്ങളെ പൂട്ടിയിടണമെന്ന് ആവശ്യപ്പെട്ട് സമീപവാസികൾ ​ഗേറ്റിൽ തടിച്ചുകൂടി. ആ ദിവസം ഞാൻ നേരത്തെയാണ് എത്തിയിരുന്നത്, തനിച്ചുമായിരുന്നു. ഭയത്തോടെയാണ് മെഡിക്കൽ ഹെഡിനോട് എന്നെ വീട്ടിലെത്തിക്കാൻ പറഞ്ഞത്. പോകുന്ന വഴിയിൽ, ഇനി പതിനാലു ദിവസത്തേക്ക് തിരിച്ചു വരരുത് എന്നു പറഞ്ഞ് അവിടെയുള്ളവർ അലറുന്നുണ്ടായിരുന്നു. അവരെല്ലാം ദേഷ്യത്തിലായിരുന്നു, അതിനേക്കാളെുപരി ഭയത്തിലായിരുന്നു. അടുത്ത ദിവസം പോലീസും സർക്കാർ ഉദ്യോ​ഗസ്ഥരും അവരെ കാര്യങ്ങൾ പറഞ്ഞ് ശാന്തരാക്കി. 

പക്ഷേ ഇപ്പോഴും ഞങ്ങൾ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട്. അടുത്തിടെ ഡോക്ടർമാരെ കുറ്റപ്പെടുത്തി ഒരു വാട്സാപ് മെസേജ് പ്രചരിക്കുന്നതിനെക്കുറിച്ച് കേട്ടിരുന്നു. ക്വാറന്റൈൻ സെന്ററിലേക്ക് നീക്കുന്ന രോ​ഗികളിൽ നിന്ന് അവയവദാനം നടത്തുന്നുവെന്നും അതുവഴി ഒരുലക്ഷം രൂപ ഞങ്ങൾക്ക് കൈക്കൂലി ലഭിക്കുന്നുവെന്നുമായിരുന്നു അത്. ഓരോസമയവും ആരെങ്കിലും ഇതിനെക്കുറിച്ച് പറയുമ്പോൾ ഞാൻ പറയും ഞാൻ പരീക്ഷയ്ക്ക് പഠിച്ചു കൊണ്ടിരിക്കേണ്ട സമയമാണിത്, അതെല്ലാം വിട്ട് ജോലി ചെയ്യാനായി വന്നതാണ്. ഇപ്പോഴേ ഇതൊരു നന്ദികെട്ട ജോലിയാണ്. 

കഴിഞ്ഞ കുറച്ചാഴ്ച്ചയായി കോവിഡ് നിലനിൽക്കുന്നതേ ഇല്ലെന്ന ഭാവത്തിലാണ് ആളുകൾ പെരുമാറുന്നത്. ഇപ്പോഴും നമ്പറുകൾ കുതിച്ചുയരുകയാണ്. മുൻനിരപോരാട്ടത്തിൽ പ്രവർത്തിക്കുന്ന ഞാൻ പറയുകയാണ്, ഈ യുദ്ധം ഇപ്പോഴും ഉ​ഗ്രമായ അവസ്ഥയിലാണ്. ആളുകൾ മാസ്ക്കില്ലാതെ ഇറങ്ങുന്നു. ഐസൊലേറ്റ് ചെയ്തിരിക്കണമെന്ന് അവരെ പറഞ്ഞു മനസ്സിലാക്കുകയാണ്. മുമ്പത്തേതിനേക്കാൾ ജാ​ഗ്രത പാലിക്കേണ്ട ഈ കാലത്ത് വീണ്ടും തുടങ്ങിയ അവസ്ഥയിലേക്കെത്തി നിൽക്കുകയാണ്. 

“A few weeks ago, 2 members of my staff and a doctor tested positive for COVID-19. When word got around, the nearby...

Posted by Humans of Bombay on Thursday, September 10, 2020

രോ​ഗികളെ കാണുന്നതിൽ നിന്ന് ബന്ധുക്കളെയും പ്രിയപ്പെട്ടവരെയും വിലക്കുകയാണ്. അതു വളരെ വേദനാജനകവും ഹൃദയഭേദകവുമാണ്. ഇനിയൊരിക്കലും അങ്ങനെ സംഭവിക്കരുതെന്നാണ് ഞാൻ ആ​ഗ്രഹിക്കാറുള്ളത്. പക്ഷേ ‍ജനങ്ങൾ ഇതൊരിക്കലും ​ഗൗരവത്തോടെ കാണുന്നില്ല. ദയവു ചെയ്ത് ശ്രദ്ധിക്കണം, സാഹചര്യം വളരെ മോശമാണ്. വൈറസിനെ തോൽപ്പിക്കുന്നതിന്റെ അടുത്തൊന്നും എത്തിയിട്ടില്ല, ഇപ്പോഴും ഒരുകാര്യമേ ഞങ്ങൾ ആവശ്യപ്പെടുന്നുള്ളു, യാചിക്കുന്നുള്ളൂ, ദയവു ചെയ്ത് മാസ്ക് ധരിക്കൂ..

Content Highlights: Content Highlights: Doctor Facebook Note on Coronavirus, India Covid 19, Humans of Bombay