റ്റുനോറ്റിരുന്ന കുഞ്ഞിനെ കയ്യില്‍ കിട്ടുമ്പോള്‍ മുതല്‍ അമ്മമാര്‍ നേരിടേണ്ടി വരുന്ന ചില ചോദ്യങ്ങളും അഭിപ്രായപ്രകടനങ്ങളുമുണ്ട്. ബന്ധുജനങ്ങളും അയല്‍വക്കത്തെ ചേട്ടത്തിമാരും ഒക്കെക്കൂടി ആദ്യമായി അമ്മയാകുന്നവള്‍ക്ക് നല്കുന്ന ആശങ്കയോ മാനസികപിരിമുറുക്കമോ ചില്ലറയല്ല. അമ്മമാര്‍ വെറുക്കുന്ന അല്ലെങ്കില്‍ കേള്‍ക്കാനിഷ്ടപ്പെടാത്ത ഇത്തരം ചോദ്യങ്ങളെക്കുറിച്ച് അവരില്‍ നിന്ന് തന്നെ അഭിപ്രായങ്ങള്‍ ചോദിച്ചറിഞ്ഞ് ലേക് ഷോര്‍ ആശുപത്രിയിലെ ഡോക്ടറായ നെല്‍സണ്‍ ജോസഫ് കുറിച്ച ഫെയ്‌സ്ബുക് പോസ്റ്റ് വൈറലായിരുന്നു. 

അമ്മമാരെ  വലയ്ക്കുന്ന അനാവശ്യമായ ആചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും മുതിര്‍ന്നവരുടെ അഭിപ്രായപ്രകടനങ്ങളെയുമൊക്കെ എങ്ങനെ അനായാസകരമായി നേരിടണമെന്ന ഡോക്ടറുടെ രണ്ടാമത്തെ ഫെയ്‌സ്ബുക് പോസ്റ്റും അമ്മമാര്‍ ഏറ്റെടുത്തിരിക്കുകയാണ്. 'ഒഴിവാക്കേണ്ട പ്രസവ ഡയലോഗുകള്‍ -ഇനി അഥവാ ചോദിച്ചാലുള്ള മറുപടികള്‍' എന്ന തലക്കെട്ടിലാണ് പോസ്റ്റ്. 

nelson joseph

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം...

ഒഴിവാക്കേണ്ട പ്രസവ ഡയലോഗുകള്‍ - ഇനി അഥവാ ചോദിച്ചാലുള്ള മറുപടികളും - season 2
'' സുഖപ്രസവാരുന്നല്ലേ? '
- അത്ര സുഖമൊന്നും ഇല്ലാരുന്നു. നല്ല വേദന ഒണ്ടാരുന്നു..
' ഇങ്ങോട്ട് മാറിക്കേ, കൊച്ചിന് പൊന്നും തേനും അരച്ച് കൊടുത്തില്ല '
- എതിലെയൊക്കെയാ പോയേന്നറിയാത്ത ആ എടത്തേ കയ്യേലത്തെ മോതിരം നാക്കേല്‍ വെക്കുന്നതിലും നല്ലത് അയിനു വയറിളക്കാനുള്ള മരുന്ന് കൊടുക്കുന്നതല്ലേ അമ്മാവാ?
' വെള്ളം കുടിക്കരുത്. വയറ് ചാടും '
- അമ്മാവാ, ഇത് ബാറിലെ വെള്ളം അല്ല. ബാര്‍ലി വെള്ളമാ..
' അയ്യോ , ഇത് ആകെ ഇച്ചിരേ ഒള്ളല്ലോ '
- പിന്നെ നിങ്ങളൊണ്ടായപ്പൊ ആറടി രണ്ടിഞ്ചുണ്ടാരുന്നല്ലോ.
' അരഞ്ഞാണം കെട്ടീല്ലേല്‍ കൊച്ചിനു ചന്തി ഒണ്ടാകത്തില്ലടീ '
- ഓ, ഒത്തിരി ഒണ്ടാക്കീട്ട് തൂക്കി വിക്കാനൊന്നുമല്ലല്ലോ..
' അയ്യോ, കൊച്ചും തള്ളേം ഒറങ്ങുവാരുന്നോ, ഞങ്ങള് ചുമ്മാ ഇതുവഴി പോയപ്പൊ ആളൊണ്ടൊന്നറിയാന്‍ കേറീന്നേ ഒള്ളൂ '
- ഓ, ഇല്ല. രാത്രി മൊത്തം ഒരു പോള കണ്ണടയ്ക്കാഞ്ഞകൊണ്ട് ഞാനും അവനും കൂടെ ബോറടി മാറ്റാന്‍ ചെസ്സ് കളിച്ചോണ്ടിരിക്കുവാരുന്നു.
' കുഞ്ഞിന്റെ കണ്ണെഴുതിയാലേ ശരിക്ക് ഷേപ്പില്‍ വളരത്തൊള്ളൂ '
- കൊറച്ച് കണ്മഷിയെടുത്ത് കരടിനെയ് തപ്പിപ്പോയ നിങ്ങടെ രണ്ടാമത്തെ മോന് ഫോറസ്റ്റുകാരു വീട്ടി വരുന്നേനു മുന്നെ ഒരു താടി കൂടെ വരച്ചുകൊട്. വളരട്ടെ
' ഓ, പാല് കൊണ്ടൊന്നും അയിന് ഒന്നും തെകയത്തില്ല. അവന്റെ അപ്പനു ഭയങ്കര വെശപ്പാര്‍ന്ന്. രണ്ട് മാസം കഴിഞ്ഞാ കുറുക്ക് കൊടുക്കാന്‍ തൊടങ്ങാം '
- കുറുക്കില് നിര്‍ത്തണ്ട..മ്മക്കോരോ ചിക്കന്‍ ബിര്യാണി ആയാലോ
' അവനോട് ഇങ്ങോട്ട് അധികം വരണ്ടാന്ന് പറയണം.. പെറ്റ പെണ്ണ് കെട്ട്യോന്റെ അടുത്ത് ഇരിക്കാമ്പാടില്ല '
- ...ഇപ്പൊ ഗര്‍ഭനിരോധനമാര്‍ഗങ്ങളൊക്കെ ഒണ്ട്...ഒടനേ ഒന്നും ഒണ്ടാകത്തില്ലമ്മച്ചീ..അമ്മച്ചി പേടിക്കണ്ട
' കട്ടിയാഹാരം ഒന്നും കൊടുത്തില്ലേല്‍ കൊച്ചിന്റെ അന്നനാളം ഒണങ്ങിപ്പോകും പെണ്ണേ...'
- ഒണങ്ങാതിരിക്കാന്‍ ഇടയ്ക്കിടയ്ക്ക് മുലപ്പാല്‍ വച്ച് നനച്ചുകൊടുക്കുന്നുണ്ട് അമ്മച്ചീ...
' നിനക്കൊക്കെ എന്തറിയാം. ഞങ്ങള് നോക്കിയപോലൊക്കെ നോക്കാന്‍ ഇപ്പഴത്തെ പിള്ളേര്‍ക്കറിയുവോ? '
- ഓഹോ...അമ്മച്ചി പറഞ്ഞത് അപ്പച്ചന്‍ നാല് മക്കളേം തിരിഞ്ഞുപോലും നോക്കീട്ടില്ലെന്നാല്ലോ.. :/
' ഹോ, പെട്ടെന്ന് പ്രസവം കഴിഞ്ഞല്ലേ, ഞങ്ങള് എത്തുന്നേയുണ്ടാരുന്നുള്ളൂ '
- സ്ലോ മോഷനില്‍ പ്രസവിക്കാന്‍ എനിക്ക് അറിഞ്ഞൂടാ അമ്മച്ചീ..