ത്തരാഖണ്ഡിലെ തപോവനിലും നന്ദ ദേവി നാഷണല്‍ പാര്‍ക്കിലും പെട്ടെന്നുണ്ടായ പ്രളയം വലിയൊരു ദുരന്തമായിരുന്നു. നിരവധി ജീവനുകള്‍ നഷ്ടമാകുകയും നിരവധിപ്പേരെ കാണാതാകുകയും ചെയ്തു. ദുരന്ത ഭൂമിയില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ പോലീസ് ഉദ്യോഗസ്ഥയെ ആരും മറന്നിട്ടുണ്ടാവില്ല. ദക്ഷിണ ധ്രുവം കീഴടക്കിയ ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിലെ ആദ്യ വനിതാ ഉദ്യോഗസ്ഥ കൂടിയായ ഡി.ഐ.ജി അപര്‍ണ കുമാറായിരുന്നു ആ ധീര നായിക. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കേണ്ടെന്നും വിവാഹം കഴിച്ചയക്കാന്‍ മാത്രമുള്ളവരാണെന്നും ബാധ്യതയാണെന്നും കരുതിയിരുന്ന ഒരു സമൂഹത്തില്‍ തന്നെ പിന്തുണച്ച അമ്മയെക്കുറിച്ചും താന്‍ ഇനി മാതൃകയാവേണ്ട മകളെപ്പറ്റിയും അപര്‍ണ പറയുന്നു, ഹ്യൂമന്‍സ് ഓഫ് ബോംബെയുടെ ഫേസ്ബുക്ക് പേജില്‍

ഫേസ്ബുക്ക് കുറിപ്പില്‍ നിന്ന്

എന്റെ മാതാപിതാക്കള്‍ക്ക് ഞാന്‍ ഒറ്റമകളായിരുന്നു. അതുകൊണ്ടു തന്നെ ഒരിക്കലും ഞാന്‍ ആണ്‍കുട്ടികളേക്കാള്‍ താഴെയാണ് എന്നരീതിയില്‍ അമ്മ എന്നെ വളര്‍ത്തിയിട്ടില്ല. അമ്മയ്ക്ക് ഉയര്‍ന്ന വിദ്യാഭ്യാസമൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ ഞാന്‍ നന്നായി പഠിക്കണമെന്നായിരുന്നു ആഗ്രഹം. ആണ്‍കുട്ടികളില്ലാത്തതിന്റെ പേരില്‍ അമ്മയെ പലരും പരിഹസിച്ചിരുന്നു. എന്നാല്‍ 'എന്റെ മകളെന്താ മോശക്കാരിയാണോ' എന്നാണ് അമ്മ അവരോട് തിരിച്ചു ചോദിച്ചിരുന്നത്. 

കോളേജ് പഠനത്തിനുശേഷം എനിക്ക് സിവില്‍ സര്‍വീസിന് പോകണമെന്നായിരുന്നു ആഗ്രഹം. ഞാനത് അമ്മയോട് പറഞ്ഞപ്പോഴെ അമ്മയ്ക്ക് വലിയ സന്തോഷമായി. എന്നാല്‍ ബന്ധുക്കള്‍ കരുതിയത് മറിച്ചായിരുന്നു. പെണ്‍കുട്ടിയെ ഇത്രയും പഠിപ്പിച്ചിട്ട് എന്ത് ചെയ്യാനാണ് എന്നായിരുന്നു അവരുടെ അടുത്ത ചോദ്യം. 

women

അമ്മയുടെ കഠിനാധ്വാനം ഫലം കണ്ടു. 2005 ല്‍ ഞാന്‍ പരീക്ഷയും ഇന്റര്‍വ്യൂവും പാസ്സായി, ഐ.പി.എസ് ഉദ്യോഗസ്ഥയായി. ഞാന്‍ എന്റെ വീട്ടില്‍ നിന്ന് മാറി രാജ്യത്തിന് വേണ്ടി സേവനം ചെയ്യുമ്പോള്‍ അമ്മ എനിക്കു വേണ്ടി നിന്നു, വിമര്‍ശനങ്ങളില്‍ എന്നെ പിന്തുണച്ചു. ഞാനെന്റെ മകളെ ഒറ്റയ്ക്ക് വളര്‍ത്താന്‍ തീരുമാനിച്ചപ്പോഴും അമ്മ എനിക്കൊപ്പം നിന്നു. 

എന്റെ ജോലിയും മകള്‍ക്കൊപ്പമുള്ള സമയങ്ങളും പലപ്പോഴും ഒന്നിച്ചുകൊണ്ടുപോകാന്‍ പറ്റിയിരുന്നില്ല. മകള്‍ മിറായക്ക് പലപ്പോഴും അതിഷ്ടമായിരുന്നില്ല. ഒരിക്കല്‍, അവള്‍ക്ക് അഞ്ച് വയസ്സോ മറ്റോ ഉള്ളപ്പോഴാണ്, ഞാന്‍ ജോലിത്തിരക്കിലായിരുന്നു. രാത്രി ഉറങ്ങുന്നതിന് മുമ്പ് അവള്‍ എന്നെ വിളിച്ച് ഞാന്‍ എപ്പോഴാണ് വീട്ടിലെത്തുന്നതെന്ന് ചോദിച്ചു. ഞാന്‍ തിരക്കിലാണെന്ന് പറഞ്ഞപ്പോള്‍ അവള്‍ പറഞ്ഞ മറുപടി എന്നെ കുറച്ചൊന്നുമല്ല സങ്കടപ്പെടുത്തിയത്. 'ഞാനും ഇനി വലിയ തിരക്കിലാണ്' എന്നാണ് അവള്‍ പറഞ്ഞത്. 

ഞങ്ങള്‍ കൂട്ടുകാരെപ്പോലെയായിരുന്നു. എപ്പോഴും പരസ്പരം തമാശപറഞ്ഞ്, കളിയാക്കി. എനിക്ക് ഒഴിവുള്ളപ്പോള്‍ ഞങ്ങള്‍ ആക്ഷന്‍ സിനിമകള്‍ കാണാന്‍ പോകും. ഒരിക്കല്‍ ഞാന്‍ രണ്ട് നായ്ക്കുട്ടികളെയും ഒരു പൂച്ചയെയും വളര്‍ത്താനായി വീട്ടില്‍ കൊണ്ടുവന്നു. മിറായ്ക്ക് അത് വലിയ സന്തോഷമായി. അതോടെ വീട്ടിലെ അംഗങ്ങളുടെ എണ്ണം അഞ്ചായി.

women

ഡെറാഡൂണിലേക്ക് എനിക്ക് ജോലിമാറ്റമായപ്പോള്‍ മിറായക്ക് എന്റെ ഒപ്പം വരാനാകുമായിരുന്നില്ല. അവളുടെ സ്‌കൂള്‍ സെമസ്റ്ററിന്റെ നടുവിലായിരുന്നു എന്റെ മാറ്റം. അവള്‍ അമ്മയ്‌ക്കൊപ്പവും ഞാനൊറ്റയ്ക്കുമായി. രണ്ട് സ്ഥലങ്ങളിലായി ഞങ്ങള്‍ ചിതറിപ്പോയെന്നും പറയാം. 

ഫെബ്രുവരി ഏഴിനാണ് എനിക്ക് ആ അടിയന്തര സന്ദേശം ലഭിച്ചത്. ഉത്തരാഖണ്ഡിലെ വെള്ളപ്പൊക്കത്തെപ്പറ്റി. പോകുന്നതിന് മുമ്പ് ഞാന്‍ അവളെ വിളിച്ചു.' ആളുകള്‍ക്ക് സഹായം വേണം മോളേ.. അമ്മയ്ക്ക് പോയേപറ്റൂ..' അവളുടെ പ്രതികരണം എന്താകും എന്ന് എനിക്ക് ഭയമുണ്ടായിരുന്നു. എന്നാല്‍ അമ്മ എന്നെയോര്‍ത്ത് വിഷമിക്കേണ്ട, പൊയ്‌ക്കോളൂ എന്നായിരുന്നു മറുപടി. 

അവിടെ ഗ്രാമങ്ങളെല്ലാം തുടച്ചു മാറ്റപ്പെട്ടിരുന്നു. മരിച്ചവരുടെ മൃതദേഹങ്ങളാണ് വെള്ളത്തില്‍ ഒഴുകി നടക്കുന്നത്. കഴുത്ത് മൂടുന്ന ആ വെള്ളത്തില്‍ ഇറങ്ങി ഞാനെന്റെ ജോലി ചെയ്യുമ്പോഴും മിറായയുടെ ആ വാക്കുകളാണ് എനിക്ക് പ്രചോദനമായത്. അവളെ എനിക്ക് പിന്നെ വിളിക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല. വീട്ടില്‍ തിരിച്ചെത്തുമ്പോള്‍ അവളെന്നോട് ദേഷ്യം കാണിക്കുമോ എന്നായിരുന്നു എന്റെ ഭയം. പത്ത് ദിവസങ്ങള്‍ക്ക് ശേഷം എല്ലാം ശാന്തമായപ്പോള്‍ ഞാന്‍ തിരിച്ച് വീട്ടിലെത്തി. 

എന്നെ കണ്ടയുടനേ മിറായ ഓടിയെത്തി എന്നെ കെട്ടിപ്പിടിച്ചു. ' ഞാന്‍ വളരുമ്പോള്‍ അമ്മയെപ്പോലെ ധീരയാവും.' അവള്‍ പറഞ്ഞു. ആ നിമിഷം ഞാന്‍ മനസ്സിലാക്കി ഒരു അമ്മയെന്ന നിലയില്‍ ഞാന്‍ വിജയിച്ചിരിക്കുന്നു. അവള്‍ക്ക് ജന്മം നല്‍കിയതു മുതല്‍ എനിക്ക് ഒരു ആഗ്രഹമേ ഉണ്ടായിരുന്നുള്ളു, എന്റെ അമ്മ എന്നെ വളര്‍ത്തിയതുപോലെ മിറായയെ എനിക്കു വളര്‍ത്തണം. എന്റെ അമ്മ ഒരു പോരാളിയാണ്, അമ്മ എന്നെ ഒരു പോരാളിയായി വളര്‍ത്തി, ഞാന്‍ എന്റെ മകളെയും അങ്ങനെ വളര്‍ത്തും.

Content Highlights: DIG Aparna Kumar led the rescue operation in Uttarakhand share her life story