പെണ്‍കുഞ്ഞുങ്ങള്‍ ബാധ്യതയാണെന്ന് വിശ്വസിക്കുന്ന ഒരു സമൂഹത്തിന് പെണ്‍കുട്ടികള്‍ പുലിക്കുട്ടികളാണെന്ന് സ്വന്തം പ്രവൃത്തിയിലൂടെ കാണിച്ചുകൊടുത്തിരിക്കുകയാണ് പൂജ. വെര്‍ച്വല്‍ ലോകത്തിന് പൂജയെ പരിചയപ്പെടുത്തിയത് ഡോ.രചിത് ഭൂഷണ്‍ ശ്രീവാസ്തവ എന്ന ഡോക്ടറാണ്. കരള്‍ മാറ്റ ശസ്ത്രക്രിയയുടെ മുറിവുകാണിച്ച് അച്ഛനൊപ്പം നില്‍ക്കുന്ന പൂജയുടെ ചിത്രത്തിനൊപ്പമാണ് പൂജയുടെ കഥ രചിത് ഫെയ്‌സ്ബുക്കിലൂടെ സമൂഹത്തെ അറിയിച്ചത്. 

Pooja
image: Screen Shot, Dr.Rachit Bhushan Srivastava

രചിത് എഴുതിയ കുറിപ്പ് വായിക്കാം

ധീരയായ മകള്‍:  ഭാഗ്യം, ഭയം, അസാധ്യം എന്നീ വാക്കുകളില്‍ വിശ്വാസമില്ലാത്ത ചില യഥാര്‍ഥ ഹിറോകളുണ്ട്. പെണ്‍കുട്ടികളെ കൊണ്ട് യാതൊരു പ്രയോജനവുമില്ലെന്ന് പറയുന്നവര്‍ക്കുളള ഉത്തരമാണിവള്‍. ഈ പെണ്‍കുട്ടി, വ്യക്തിപരമായി എനിക്കീ പെണ്‍കുട്ടിയെ പരിചയമില്ല, പക്ഷേ ഇവള്‍ ഒരു യഥാര്‍ഥ ഹീറോയാണ്. അച്ഛന്റെ ജീവന്‍ രക്ഷിക്കുന്നതിന് വേണ്ടി കരള്‍ ദാന ശസ്ത്രക്രിയക്ക് വിധേയയായവളാണ് ഈ കുട്ടി. നിന്നെ കുറിച്ചോര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നു കുട്ടി, ഇവളെ പോലുള്ള പെണ്‍കുട്ടികളില്‍ നിന്ന് ആളുകള്‍ക്ക് പലതും പഠിക്കാനുണ്ട്. ദൈവം നിന്നെ അനുഗ്രഹിക്കട്ടെ പൂജ ബിജര്‍ണിയ . 

നവംബര്‍ അഞ്ചിന് രചിത് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഈ കുറിപ്പ് വൈറലായത് നിമിഷനേരങ്ങള്‍ കൊണ്ടാണ്. ഇതിനോടകം ഒമ്പതിനായരത്തില്‍ അധികം ആളുകളാണ് പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്. നിരവധി പേര്‍ പൂജയെ അഭിനന്ദിച്ചും രംഗത്തെത്തി.

പൂജയെന്ന കൊച്ചു ഹീറോക്ക് പിന്തുണ നല്‍കിയവര്‍ക്ക് നന്ദി അറിയിച്ച് രചിത് വീണ്ടും ഒരു കുറിപ്പ് ഇട്ടിരുന്നു. ' ഈ കൊച്ചു ഹീറോക്ക് സ്‌നേഹവും പിന്തുണയും നല്‍കിയ എല്ലാവര്‍ക്കും നന്ദി. ഇന്ന് അവള്‍ നിരവധി പേര്‍ക്ക് പ്രചോദനമാണ്. ഈ പോസ്റ്റ് വായിക്കുന്നവര്‍ ഇനി ധൈര്യത്തോടെ അവയവ ദാനത്തിന് മുന്നോട്ട് വരും.' 

Content Highlights: Donating Organs, Pooja Bijarnia, Liver Transplant, Facebook Post, Viral Post