കൊറോണയെ തുരത്താന്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ് പല രാജ്യങ്ങളിലും. ഇതിനിടയിലും രാപകലില്ലാതെ കഷ്ടപ്പെടുന്ന വിഭാഗമാണ് ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍. സ്വന്തം ജീവനേക്കാളും മുന്നിലിരിക്കുന്ന രോഗിയെ ഏതുവിധേനയും രക്ഷിക്കാനാണ് അവര്‍ പരിശ്രമിക്കുന്നത്. ഇതിനിടയില്‍ കൊറോണ ബാധിക്കുന്നവരുമുണ്ട്. കൊറോണ വാര്‍ഡിലെ അനുഭവം പങ്കുവച്ച നിരവധി നഴ്‌സുമാരും ഡോക്ടര്‍മാരുമൊക്കെ രംഗത്തു വന്നിരുന്നു. അത്തരത്തില്‍ താന്‍ കൊറോണയെ അതിജീവിച്ച കഥ പറയുകയാണ് ലണ്ടനില്‍ നിന്നുള്ള ഒരു മലയാളി നഴ്‌സ്. ഇംഗ്ലണ്ടിലെ ഷെംസ്ഫോഡിലെ ബ്രൂംഫീൽഡ് എന്‍എച്ച്എസ് ആശുപത്രിയില്‍ ജോലി ചെയ്യുന്ന രശ്മി പ്രകാശ് രാജേഷ് എന്ന നഴ്‌സാണ് ഹൃദയംതൊടുന്ന അനുഭവം പങ്കുവെക്കുന്നത്.

കൊവിഡ് ലക്ഷണങ്ങളെ നിസ്സാരമായി തള്ളിക്കളയരുതെന്നു പറയുകയാണ് രശ്മി. കൊവിഡ് രോഗികളെയും രോഗസാധ്യതയുള്ളവരെയും ചികിത്സിക്കുന്ന വാര്‍ഡിലായിരുന്നു രശ്മിക്ക് ഡ്യൂട്ടി. മൂന്നുനാലാഴ്ച്ച കഴിഞ്ഞതോടെ കൊവിഡ് ലക്ഷണങ്ങള്‍ തലപൊക്കിത്തുടങ്ങി. സിക്ക് ലീവെടുത്ത് വീട്ടില്‍ കഴിയുന്നതിനിടെയാണ് അതിയായ നെഞ്ചുവേദനയും ശ്വാസതടസ്സവും അനുഭവപ്പെടുന്നത്. രക്തസമ്മര്‍ദവും ഹൃദയമിടിപ്പും ക്രമാതീതമായി വര്‍ധിച്ചതോടെ മറുത്തൊന്നു ചിന്തിക്കാതെ എമര്‍ജന്‍സി നമ്പറായ 999ലേക്ക് വിളിക്കുകയായിരുന്നുവെന്നും അതാണ് തന്റെ ജീവന്‍ രക്ഷിച്ചതെന്നും രശ്മി കുറിക്കുന്നു.

നഴ്‌സാണല്ലോ അത്യാഹിതം വന്നാല്‍ എന്തൊക്കെ ചെയ്യണമെന്ന് അറിയാമല്ലോ എന്ന ധാരണയോടെ ഇരിക്കരുതെന്നും എമര്‍ജന്‍സി നമ്പറിലേക്ക് വിളിക്കാന്‍ മറക്കരുതെന്നും പറയുകയാണ് രശ്മി. ജാഗ്രതയ്‌ക്കൊപ്പം ഭയം കൂടിയുണ്ടെങ്കിലേ കൂടുതല്‍ ശ്രദ്ധിക്കുകയുള്ളൂവെന്നും രശ്മി കുറിക്കുന്നു.

reshmi

Content Highlights: corona ward nurse reshmi prakash sharing experience