അല്പ സമയം മുമ്പ് ചിരിച്ച് വര്‍ത്തമാനം പറഞ്ഞിരുന്ന ആള് പെട്ടന്നാകും ബള്‍ബ് ഫ്യൂസാകുന്ന പോലെ മൂഡ് ഓഫ് ആകുന്നത്. എന്താണെന്ന് ചോദിച്ചാല്‍ പലപ്പോഴും നിര്‍വികാരമായിരിക്കും മറുപടി. ദേഷ്യവും സങ്കടവും മാറി മാറി വരും. കണ്ടുനില്ക്കുന്നവര് കാര്യമറിയാതെ പരുങ്ങും. അവനവനെ വരുതിയില്‍ കിട്ടാത്ത ഈ അവസ്ഥയെ നാം വിളിക്കുന്നത് മൂഡ് സ്വിങ്സ് എന്നാണ്. പലപ്പോഴും സ്ത്രീകളാണ് ഇതിന് ഇരകളാകുന്നത്.
ശരീരത്തിലുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനം മുതല്‍ അര്‍ഹിക്കുന്ന പരിഗണന തനിക്ക് ലഭിക്കുന്നില്ലെന്ന തോന്നലുകള്‍, എനര്‍ജി ലെവലില്‍ ഉണ്ടാകുന്ന വ്യതിയാനം, ഉറക്കമില്ലായ്മ, ആത്മാഭിമാനം, ലഹരി വസ്തുക്കളുടെ ഉപയോഗം എന്നിവയെല്ലാം മൂഡ് സ്വിങ്സിലേക്ക് നയിച്ചേക്കാം.
കൗണ്സിലിങ്ങിനിടയില് തനിക്കുണ്ടായ അനുഭവം വിവരിച്ച് മൂഡ് സ്വിങ്സിനെ കുറിച്ച് എഴുതുകയാണ് സൈക്കോളജിസ്റ്റായ കല ഷിബു ഇവിടെ.
കല ഷിബുവിന്റെ കുറിപ്പ് വായിക്കാം.
എപ്പോ നോക്കിയാലും കരച്ചില്, സങ്കടം, ദേഷ്യം..!അസഹ്യതയോടെ ഭാര്യയുടെ കുറ്റം അഴിച്ചു വെയ്ക്കുന്ന ഭര്‍ത്താവ്. ഈ പറഞ്ഞ കക്ഷിയുടെ ഭാര്യയ്ക്ക് എന്റെ പ്രായം ആണ്, നാല്‍പ്പത്തി ഒന്ന്. അതുകൊണ്ട് തന്നെ പ്രൊഫണല്‍ എന്ന നിലയ്ക്ക് മാത്രമല്ല. സമനിലയ്ക്കുള്ള സ്ത്രീ എന്ന തരത്തിലും കാര്യങ്ങള്‍ തിരിച്ചറിയാം. ഭാര്യയുടെ സ്വഭാവത്തിലെ ന്യൂനതകള്‍ ആണ് മറ്റൊരു ബന്ധത്തിലേക്ക് തന്നെ നയിച്ചതെന്ന് നിഷ്കളങ്കനായ അദ്ദേഹം. നിങ്ങളുടെ സ്വഭാവത്തിലെ ന്യൂനതകള്‍ മൂലം അവര്‍ മറ്റൊരു ബന്ധത്തില്‍ ചാടിയാലോ? ആ ഒരു ചോദ്യം പോലും, കൗണ്‍സിലറോടുള്ള സ്നേഹം മാറിയെന്നു തോന്നുന്നു. മുഖത്ത് അനിഷ്ടം..
'അവളുടെം പിള്ളേരുടേം കാര്യം അന്തസ്സായി നോക്കുന്നുണ്ട്..വീട് വെച്ചു, കാര്‍ വാങ്ങി , അവള് തയ്യാറായാല്‍ ഇനി ഒരു കുഞ്ഞിനെ കൂടി ഉണ്ടാക്കാനും ഞാന്‍ റെഡി..'പുരുഷത്വം ഉറപ്പിച്ചു അയാള്‍ സംസാരം തുടര്‍ന്നു.
ആരോപിക്കുന്ന കുറ്റങ്ങള്‍ പ്രധാനമായും ഭാര്യയുടെ സ്വഭാവത്തിലെ mood swings ആണ്. ഇന്ന് ഭാഗ്യവശാല്‍ മുപ്പത്തിയഞ്ചു വയസ്സ് കഴിഞ്ഞു ഭൂരിപക്ഷം സ്ത്രീയും സ്വയം മനസ്സിലാക്കുകയും അതിനെ ചെറുക്കന് വേണ്ടുന്ന കരുതലുകള്‍ എടുക്കുകയും ചെയ്യുന്ന ഒന്നാണ് ഈ mood swings. വായിച്ചും അറിഞ്ഞും ഒക്കെ ഞങ്ങള്‍, സ്ത്രീകള്‍ ഇതിനെ കുറിച്ച് ബോധവതികള്‍ ആണ്. സ്നേഹിക്കപ്പെടുന്നതും അംഗീകരിക്കപ്പെടുന്നതും പോരാ..എന്ന കൊഞ്ചല് മനസ്സില്‍ കിടന്നു ഊഞ്ഞാലാടും..അവിടെ, സൈക്കോളജിസ്റ് ഇല്ല, ബാങ്ക് ഓഫീസര്‍ ഇല്ല, വീട്ടമ്മ ഇല്ല, ഞങ്ങള്‍ സ്ത്രീകള്‍ ! അത്രേയുള്ളു..
ഭൂരിപക്ഷം ആളുകളോടും പക്വതയോടെ, സൗമ്യമായി ഇടപെടുന്ന ഞങ്ങള്‍, തന്റേതെന്ന് തോന്നുന്ന ചിലരില്‍ ചില്ലറ ആക്രമണങ്ങള്‍ കാണിച്ച് കൂട്ടിയേക്കാം..അവിടെ, ഒരല്പം, കരുതല്‍ വിങ്ങുന്ന നോവിന് ഒരല്പം' മരുന്ന് 'പുരട്ടിയാല്‍, ഇരട്ടി ശക്തിയില്‍ ഉയര്ത്തെഴുന്നേല്ക്കില്ലേ..? സംശയം ഉണ്ടോ..?
ഇവിടെ, പുള്ളിക്കാരന്റെ ഭാര്യ, ഒരു ബാങ്ക് ഓഫീസര്‍ ആണ്.. ആ ജോലിയില്‍ അവര്‍ അങ്ങേയറ്റം നൈപുണ്യം ഉള്ളവര്‍ ആണ്.. വീട്ടില്‍, സ്വന്തം ഭര്‍ത്താവിന്റെ മുന്നില്‍ ആണ് ഭര്‍ത്താവ് ആരോപിക്കുന്ന ഈ കുട്ടിത്തങ്ങള്‍..
ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ ഒരു പ്രധാന കാരണം ആണ്. സ്ത്രീയുടെ സ്വഭാവത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ക്ക്..!പലപ്പോഴും അവള് പോലും തിരിച്ചറിയാത്ത അടിയൊഴുക്കുകള്‍ ആണ് സംഭവിക്കുന്നത്..
അകാരണമായ വിഷാദം, പിരിമുറുക്കം , ദേഷ്യം ഒക്കെ അതിരുകടക്കുന്നില്ല എങ്കില്‍..,പങ്കാളിക്ക് കൈകാര്യം ചെയ്യാം. ഈ കുറുമ്പുകളെ..!ഏതൊരു വ്യക്തിയ്ക്കും, സ്വന്തമായ ഒരു ഇടം ആവശ്യമാണ്..സ്ത്രീകള്‍ക്ക് , സ്വകാര്യത എന്നത് പലപ്പോഴും വിലക്കപ്പെട്ട കനി ആണെന്ന് തോന്നാറുണ്ട്..ചിന്തിക്കാന്‍ കഴിവുള്ളവര്‍ ചിന്തിക്കട്ടെ..വായിക്കട്ടെ..എഴുതട്ടെ.. അവളുടേതായ ഒരിത്തിരി സമയം നല്കിക്കൂടെ..?
സ്വപ്ങ്ങള് മരിയ്ക്കാതെ നോക്കിയാല്‍ തന്നെ ജീവിതത്തോട് ആസക്തി ഉണ്ടാകും. വ്യക്തിപരമായി പറഞ്ഞാല്‍ കണ്ണെഴുതാനും പൊട്ടും തൊടാനും ഒരല്പം പിച്ചിപൂവ് തലയില്‍ ചൂടാനും ഉള്ള സമയം, അതെനിക്കു വിലപ്പെട്ടതാണ്..! ഇടുന്ന വസ്ത്രത്തിനു യോജിക്കുന്ന കുപ്പിവളകള്‍ മാറ്റിയിടുമ്പോള്‍ ഉള്ള സന്തോഷം...അതിനു പകരം വെയ്ക്കാന്‍ മറ്റൊന്നില്ല..ഞാന്‍ എന്നെ സ്നേഹിക്കുകയാണ്.
യാന്ത്രികമായി തീരാത്ത ,ജീവിതത്തില്‍ നിന്ന് കൊണ്ട് മാത്രമേ എനിക്ക് മറ്റൊരാളെ സ്നേഹിക്കാനും സന്തോഷിപ്പിക്കാനും, കരുതല്‍ നല്‍കാനും സാധിക്കൂ. മനസ്സും ശരീരവും തമ്മില്‍ ഉള്ള ബന്ധം. അത് പുരുഷന് മാത്രമല്ല. സ്ത്രീയ്ക്കും ബാധകമാണ് എന്ന മനസ്സിലാക്കിയാല്‍. അവളെ കുറിച്ചുള്ള പരാതികള്‍ ഒന്ന് കുറഞ്ഞു കിട്ടും.അവളുടെ ലൈംഗികതയെ ചോദ്യം ചെയ്യല്‍ അവസാനിപ്പിക്കും. ഇത് ഫെമിനിസം അല്ല..യാഥാര്‍ഥ്യം.
കൊടുക്കുന്ന സ്നേഹത്തിനും തിരിച്ചു കിട്ടുന്ന സ്നേഹത്തിനും കൊടുംകാറ്റിന്റെ ശക്തി വേണമെന്ന് ആഗ്രഹിക്കുന്ന സ്ത്രീകളെ, കീഴ്പ്പെടുത്താന്‍ ഭര്‍ത്താവിനോ കാമുകനോ സാധിച്ചെന്നു വരില്ല..പക്ഷെ ഒരു പുരുഷന് സാധിക്കും.കരുത്തുള്ള സ്ത്രീത്വം എന്ന് ഉദ്ദേശിക്കുന്നതെന്താ..?
പരാതി പാടില്ല.പരിഭവം പാടില്ല.എന്നാണോ..?സ്ത്രീ എന്നാല്‍, അത് മാത്രമല്ല..
ശരി തന്നെ!
പക്ഷെ, കരയാനും മനസ്സിലെ നോവുകള്‍ പ്രകടിപ്പിക്കാനും ഞങ്ങള്‍ക്കും അവകാശമുണ്ട്..
Content Highlights: Mood Swings, Depression