Athira darsanപൊതുനിരത്തുകള്‍ ഉപയോഗപ്പെടുത്തുന്ന പരിപാടികള്‍, ആരാധനാലയങ്ങളിലേത് ഉള്‍പ്പെടെയുള്ളവ പൊതുജനങ്ങള്‍ക്ക് സൃഷ്ടിക്കുന്ന തലവേദനകള്‍ ചെറുതല്ല. ഗതാഗത തടസ്സമാണ് അതില്‍ ഒന്നാമത്തെത്. കൊച്ചുകുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കുമൊന്നും അതില്‍നിന്ന് മോചനവുമില്ല.

വീട്ടിലേക്കുള്ള യാത്രയില്‍ ക്ഷേത്ര ഘോഷയാത്രയെ തുടര്‍ന്ന് റോഡില്‍ കുടുങ്ങിപ്പോവുകയും പോലീസില്‍ സഹായം അഭ്യര്‍ഥിച്ച ശേഷം മുന്നോട്ടു നീങ്ങിയപ്പോള്‍ ക്ഷേത്ര കമ്മറ്റിക്കാരുടെ മര്‍ദനത്തിനു വിധേയയാകുകയും ചെയ്തുവെന്നാരോപിച്ച് വനിതാഡോക്ടര്‍ എഴുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറലാകുന്നു.

കോട്ടയം ബിഷപ്പ് ജേക്കബ് മെമ്മോറിയല്‍ ആശുപത്രിയിലെ വനിതാഡോക്ടറാണ് ആതിര."ഇന്നലെ ജീവിതത്തില്‍ ആദ്യമായി ഒരു പറ്റം മനുഷ്യത്ത്വമില്ലാത്ത ജന്തുക്കളുടെ ഇടയില്‍ പെട്ടുപോയി"...എന്നാണ് ആതിര പോസ്റ്റ് തുടങ്ങുന്നത്.

ആതിരയുടെ പോസ്റ്റിലേക്ക്

ഇന്നലെ ജീവിതത്തില്‍ ആദ്യമായി ഒരു പറ്റം മനുഷ്യത്വ​മില്ലാത്ത ജന്തുക്കളുടെ ഇടയില്‍ പെട്ടുപോയി...രാത്രി 8.30 യോടെ ചങ്ങനാശ്ശേരി ടൗണില്‍ നിന്ന് വീട്ടിലേക്ക്‌ പോകും മദ്ധ്യേ ആണ് സംഭവം. റോഡ് മുഴുവന്‍ ബ്ലോക്ക്‌ ആക്കി ശ്രീ ഗുരു ഗുഹാനന്ത ക്ഷേത്രത്തിലെ താലപ്പൊലി കടന്നു പോകുകയാണ്. ഗതാഗതം പൂര്‍ണമായി സ്തംഭിപ്പിച്ചിട്ടാണ് ഈ ഏര്‍പ്പാട് എന്ന ഓര്‍ക്കണം.... 2 മണിക്കൂറോളം ക്ഷമയോടെ ഘോഷയാത്ര തീരുവാനായി​ കാത്തു കിടന്നു. വണ്ടിയില്‍ ഞാനും ഭര്‍ത്താവും 3 ചെറിയ കുട്ടികളും എന്റെ അമ്മയും ഉണ്ടായിരുന്നു.

2 മണിക്കൂര്‍ വാഹനത്തിനുള്ളില്‍ ഇരുന്ന് മക്കള്‍ കരച്ചിലും തുടങ്ങി. എന്നാല്‍ ഘോഷയാത്ര കടന്നു പോയ ശേഷവും ഗതാഗതം പഴയപടി ആയില്ല.. ആളുകള്‍ റോഡില്‍ കുത്തിയിരുന്ന് വീണ്ടും ബ്ലോക്ക്‌ സൃഷ്ടിച്ചപ്പോള്‍ 100 ഇല്‍ വിളിച്ചു വിവരം അറിയിച്ചു. അവര്‍ തന്ന number വെച്ച് പോലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചപ്പോള്‍ ഘോഷയാത്ര നിയന്ത്രിക്കുവാനായി പോലീസ് അവിടെ തന്നെയുണ്ട്, അവരോടു വിവരം പറയുവാന്‍ പറഞ്ഞു. അത് പ്രകാരം ഭര്‍ത്താവ് ഇറങ്ങിപ്പോയി മുന്നില്‍ നിന്ന ഏമാനോട് കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ വാഹനങ്ങള്‍ പോകുവാനുള്ള നീക്കുപോക്ക് പുള്ളി ഉണ്ടാക്കി.

മുന്നിലുള്ള വാഹനങ്ങള്‍ പോയ പുറകെ ഞങ്ങളുടെ കാര്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ ആരംഭിച്ചതും അസഭ്യവര്‍ഷവുമായി ഒരു പറ്റം സാമൂഹികദ്രോഹികള്‍ കാര്‍ വളഞ്ഞു. ഡ്രൈവിംഗ് സീറ്റില്‍ നിന്ന് ഭര്‍ത്താവിനെ കഴുത്തില്‍ പിടിച്ചുവലിച്ചു ഇറക്കാന്‍ നോക്കി.

'നിനക്ക് മാത്രം എന്താ ഡാ ക#പ്പ.. &^#*%×മോനെ' എന്നൊക്കെ ആക്രോശിച്ചു കൊണ്ട് ബലമായി കാറിന്റെ ചാവി ഊരി എടുക്കുവാനും നോക്കി.. ഈ സമയം മുന്‍സീറ്റിലിരുന്ന എന്റെ ഡോര്‍ ഒരാള്‍ വലിച്ചു തുറക്കുകയും തടയാന്‍ ശ്രമിച്ചപ്പോള്‍ എന്റെ കയ്യില്‍ കടന്നു പിടിച്ചുതിരിക്കുകയും സീറ്റില്‍നിന്നും വലിച്ചിഴച്ച് റോഡില്‍ ഇറക്കാന്‍ ശ്രമിക്കുകയും ചെയ്ത. ഈ കാഴ്ചകള്‍ ഒക്കെ കണ്ടു ഭീതിയിലായി എന്റെ മകളും ചേച്ചിയുടെ കുഞ്ഞുങ്ങളും വാവിട്ട്‌ കരയാന്‍ തുടങ്ങി. ഈ അക്രമിസംഘത്തിലെ എല്ലാ നാരാധമന്‍മാരും ശ്രീ ഗുരു ഗുഹാനന്ത ക്ഷേത്ര കമ്മിറ്റി ബാഡ്ജ് ധരിച്ചിരുന്നു.

റോഡ് അരികില്‍ നിന്ന മറ്റു പൊതു ജനങ്ങളും, കടകളിലെ ജീവനക്കാരും കാഴ്ചക്കാരായി നിന്നതല്ലാതെ ഈ അക്രമിച്ചവരെ പിടിച്ചുമാറ്റാന്‍ ആരും ശ്രമിച്ചില്ല. അവിടുന്ന് ഒരു വിധം വണ്ടി മുന്നിലേക്ക് എടുത്ത് 200 മീറ്റര്‍ ചെന്നപ്പോള്‍ പൊലീസുകാര്‍ കയ്യുംകെട്ടി നില്‍ക്കുന്നത് കണ്ടു. അവരോടു വിവരം ബോധിപ്പിക്കുവാനായി വണ്ടി നിര്‍ത്തിയപ്പോള്‍ അക്രമി സംഘം വീണ്ടും കാര്‍ വളഞ്ഞു അതിക്രമങ്ങള്‍ തുടര്‍ന്നു. നിങ്ങള്‍ വേഗം ഇവിടുന്നു പോക്.. വേഗം പോ 'എന്നൊക്കെ പോലീസ് ഏമാന്‍മാര്‍ പറയുന്നത് കേട്ട്... ഒരു വിധത്തില്‍ അവിടുന്ന് വണ്ടി വിട്ട് വീട്ടില്‍ എത്തി.

പിന്നീട് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനാല്‍ തിരിച്ചു ചങ്ങനാശ്ശേരിയില്‍ എത്തി ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷമാണു വീട്ടിലേക്ക് മടങ്ങിയത്.. 34 ആഴ്ച ഗര്‍ഭിണി കൂടി ആണ് ഞാന്‍ എന്ന കാര്യം കൂടി ഓര്‍ക്കണം... ശരീരത്തിന് ഏറ്റ മുറിവുകള്‍ നിസ്സാരം ആയിരിക്കാം.. പക്ഷെ ഇത് മൂലം അനുഭവിച്ച മാനസീകസംഘര്‍ഷം അത് ഏല്‍പിച്ച മുറിവുകളും ഒരുപാട് ആഴം ഏറിയതാണ്..

ഇത് എന്റെ ഒരാളുടെ മാത്രം അനുഭവം അല്ല എന്നറിയാം..പൊതു വഴിയിലെ ഈ ആഭാസപ്രകടനം ഒരു മതത്തിന്റെയോ പാര്‍ട്ടിയുടേയോ മാത്രം കുത്തക അല്ല എന്നും അറിയാം.. പക്ഷെ ഇത്തരം സന്ദര്‍ഭങ്ങള്‍ ഇനിയെങ്കിലും ഒരു അറുതി വരണം.. നമ്മുടെ ഈ പ്രബുദ്ധകേരളത്തില്‍ ഒരു പൊതുസ്ഥലത്ത് വെച്ച് സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും എന്ത് സുരക്ഷയാണ് ഉള്ളതെന്ന് നോക്കണം... നിയമപരമായി തന്നെ ഇതിനെ നേരിടാന്‍ ആണ് തീരുമാനം... ഇതിനായി എല്ലാ സുഹൃത്തുക്കളുടെയും പിന്തുണ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.

Photo: Facebook/Athira Darsan