വിവിധ മുഖങ്ങളെയും അവരുടെ ജീവിതങ്ങളെയും പരിചയപ്പെടുത്തുന്ന ഹ്യൂമന്‍സ് ഓഫ് ബോംബെ എന്ന ഫെയ്‌സ്ബുക്ക് പേജ് ഇത്തവണ പരിചയപ്പെടുത്തിയത് സുപരിചിതമായ ഒരു മുഖമാണ്. കര്‍ണാടകക്കാരിയായ അക്കായ് പദ്മശാലിയുടെ. പുരുഷനായ് ജനിച്ച് സ്വത്വം തിരിച്ചറിഞ്ഞപ്പോള്‍ പന്ത്രണ്ടാം വയസ്സുമുതല്‍ സ്ത്രീയായി ജീവിച്ചവളാണ് അക്കായ് പദ്മശാലി. ജഗദീഷില്‍ നിന്നും അക്കായ് പദ്മശാലിയിലേക്കുള്ള അവരുടെ യാത്ര എളുപ്പമായിരുന്നില്ല. സാഹചര്യങ്ങള്‍ ആദ്യം ലൈംഗികതൊഴിലാളിയാക്കിയെങ്കിലും ഇച്ഛാശക്തിയില്‍ തിരിച്ചുവന്ന് പാര്‍ശ്വവല്ക്കരിക്കപ്പെടുന്നവരുടെ പ്രശ്നങ്ങള്‍ക്കു പരിഹാരം കണ്ടെത്താനായുള്ള പ്രവര്‍ത്തനങ്ങളില്‍ അക്കായ് മുഴുകി. അവര്‍ക്കായി ഒന്തഡേ എന്ന സംഘടന രൂപീകരിച്ചു. സാമൂഹ്യനീതി ഉറപ്പാക്കിയാല്‍ ലൈംഗിക ന്യൂനപക്ഷക്കാര്‍ക്ക് ഒരിക്കലും ലൈംഗിക തൊഴില്‍ ചെയ്തു ജീവിക്കേണ്ടി വരില്ലെന്ന് അക്കായ് പറയുന്നു. 

അക്കായ് ഹ്യൂമന്‍സ് ഓഫ് ബോംബെയുമായി പങ്കുവെച്ച ജീവിതകഥ

'എട്ടുവയസ്സുള്ളപ്പോള്‍ എല്ലാവരും വീട്ടില്‍ നിന്ന് പോകുന്നത് കാത്ത് ഞാന്‍ ഇരിക്കും. ഒറ്റക്കായിരിക്കുമ്പോഴാണ് എനിക്ക് ഏറ്റവും കൂടുതല്‍ സ്വാതന്ത്യം അനുഭവപ്പെട്ടിട്ടുള്ളത്. ആ സമയങ്ങളില്‍ തലയില്‍ ഞാന്‍ ഒരു ടവല്‍ പൊതിയും, അമ്മയുടെ കണ്‍മഷിയും ലിപ്സ്റ്റിക്കും അണിയും. അമ്മയുടെ മേല്‍ അടിവസ്ത്രവും സാരിയും ചുറ്റി ഒരു പെണ്ണാകും. യഥാര്‍ഥ ഞാന്‍ ആരാണെന്ന് മനസ്സിലാക്കിയിരുന്നത് വീട്ടിലെ കണ്ണാടി മാത്രമായിരുന്നു. വീട്ടുകാരോട് ആദ്യമൊന്നും ഞാന്‍ ഇത് തുറന്നുപറഞ്ഞില്ല. ഞങ്ങളുടേത് പാവപ്പെട്ട ഒരു യഥാസ്ഥിതിക കുടുംബമായിരുന്നു. 

ജഗദീഷ്, ആണായി ജീവിച്ചരുന്നവന്‍.. ഒരു സാമൂഹിക അംഗീകാരത്തിന് വേണ്ടിയാണ് ഞാന്‍ കാത്തിരുന്നത്. സ്‌കൂള്‍ കാലം കഠിനമായിരുന്നു. സഹപാഠികള്‍ എന്നെ കോമ്പസ് ഉപയോഗിച്ച് കുത്തി പരിക്കേല്‍പ്പിച്ചിരുന്നു, ദേഹത്ത് നിന്ന് ചോരപൊടിയും വരെ റൂളര്‍ ഉപയോഗിച്ച് അടിക്കുമായിരുന്നു. അക്കാലത്ത് എന്റെ ഏക ആശ്വാസം സ്‌കൂളിലെ നാടകങ്ങളാണ്. അതില്‍ ഞാന്‍ പെണ്‍വേഷം ആയിരുന്നു കെട്ടിയിരുന്നത്. 

പക്ഷേ സാഹചര്യങ്ങള്‍ മോശമായിക്കൊണ്ടിരുന്നു. നിനക്ക് അവിടെ എന്താണുള്ളത് കാട്ടിത്തരൂ എന്ന് പറഞ്ഞ് സഹപാഠികളും സുഹൃത്തുക്കളും എന്നെ പരിഹസിച്ചിരുന്നു. ഒരിക്കല്‍ ശൗചാലയത്തിലേക്ക് വലിച്ചുകൊണ്ടുപോയി സഹപാഠികള്‍ എന്നെ ബലാത്സംഗം ചെയ്തു. എന്റെ മാതാപിതാക്കളും എന്നെയോര്‍ത്ത് ലജ്ജിച്ചു. ഒരിക്കല്‍ എന്റെ സ്‌ത്രൈണത മാറുന്നതിന് വേണ്ടി ആരോ ഉപദേശിച്ചത് അനുസരിച്ച് എന്റെ അച്ഛന്‍ തിളച്ചവെള്ളം കാലില്‍ ഒഴിച്ചു. മൂന്ന് മാസത്തേക്ക് എനിക്ക് പുറത്തിറങ്ങാനായില്ല. എല്ലാം അവസാനിപ്പിക്കണമെന്ന് ഞാന്‍ തീരുമാനിച്ചു. ഞാന്‍ കണ്ടെത്തിയ മാര്‍ഗം ആത്മഹത്യയായിരുന്നു. പക്ഷേ ഞാന്‍ മരിച്ചില്ല. മറ്റുള്ളവരെ പോലെ ജീവിക്കാനുള്ള അവകാശം എനിക്കുമുണ്ടെന്നും ഇങ്ങനെയെല്ലാം സംഭവിച്ചത് എന്റെ തെറ്റല്ലെന്നും ബോധ്യപ്പെട്ട നിമിഷം മുതല്‍ ഞാന്‍ സ്വയം ഉപദ്രവിക്കുന്നത് അവസാനിപ്പിച്ചു. 

ഒരിക്കല്‍ പാര്‍ക്കില്‍ പോയപ്പോഴാണ് ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ കമ്മ്യൂണിറ്റിയെ ഞാന്‍ ആദ്യമായി കാണുന്നത്. അവരുടെ അടുത്ത് ചെന്ന് എന്റെ ധര്‍മസങ്കടം ബോധ്യപ്പെടുത്തി. ഇരുകൈയും നീട്ടി അവരെന്നെ സ്വീകരിച്ചു. എന്റെ കുടുംബത്തെ ഞാന്‍ കണ്ടെത്തി. പക്ഷേ ആദ്യകാലത്ത് എനിക്ക് ജീവിക്കുന്നതിനായി ഭിക്ഷയെടുക്കേണ്ടി വന്നു, എന്റെ ശരീരം വില്‍ക്കേണ്ടി വന്നു. ഞാനിപ്പോഴും ഓര്‍ക്കുന്നു ഇരുപത് രൂപയ്ക്ക് വേണ്ടി ഓറല്‍ സെക്‌സ് ചെയ്തത്. നാലുവര്‍ഷത്തോളം ഞാന്‍ അത് തുടര്‍ന്നു. പിന്നീട് ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയയായി.ലിംഗമാറ്റ ശസ്ത്രക്രിയക്ക് വേണ്ടി ഞാന്‍ പണം സ്വരൂപിച്ചു. അതുകൊണ്ട് മതിയാകില്ലെന്ന് തിരിച്ചറിഞ്ഞ സമയത്ത് ലൈംഗിക ന്യൂനപക്ഷക്കാരുടെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനായി 2004-ല്‍  ഒരു സംഘടനയില്‍ ചേര്‍ന്നു. അതേ തുടര്‍ന്നാണ് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കും വേണ്ടി നിലകൊള്ളുന്ന ഓണ്‍ഡേഡേ സംഘടനയ്ക്ക്  രൂപം നല്‍കുന്നത്. 

കഴിഞ്ഞ 25 വര്‍ഷമായി  എന്റെ കമ്മ്യൂണിറ്റിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ട്. അവര്‍ക്ക് അര്‍ഹതപ്പെട്ട അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി. അന്നുമുതല്‍ എന്റെ ശബ്ദം പുറംലോകം കേട്ടുതുടങ്ങി. ഞാന്‍ പ്രസിഡന്റിന്റെ പ്രത്യേകക്ഷണിതാവായി, ടെഡ് എക്‌സ് ടാക്കില്‍ എന്റെ ജീവിതത്തെ കുറിച്ച് സംസാരിച്ചു. എന്റെ ഏറ്റവും വലിയ വിജയമെന്ന് പറയുന്നത് എന്നെ മനസ്സിലാക്കുന്ന, ഞാനെന്താണെന്നറിഞ്ഞുകൊണ്ട് എന്നെ സ്‌നേഹിക്കുന്ന ഒരാള്‍ എന്നെ വിവാഹം കഴിച്ചു. കര്‍ണാടകത്തിലെ ആദ്യ ഭിന്നലൈംഗിക വിവാഹമായിരുന്നു അത്. 

ഇതിലെല്ലാമുപരിയായിരുന്നു കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പുണ്ടായ 377-ാം വകുപ്പ് ഭാഗികമായി റദ്ദാക്കി കൊണ്ടുള്ള സുപ്രീംകോടതി വിധി. ഞാന്‍ കരഞ്ഞുപോയി, കാരണം അവസാനം ഞങ്ങള്‍ക്ക് ശ്വസിക്കാമെന്നായിരിക്കുന്നു.'

Courtesy :Humans Of Bombay