ഗൃഹലക്ഷിയുടെ 'മറയില്ലാതെ മുലയൂട്ടാം' പതിപ്പിന്റെ കവര്‍ ചിത്രത്തെ പ്രശംസിച്ച് ചലച്ചിത്ര താരം ലിസി. മാറ് മറയ്ക്കാതെ കുഞ്ഞിനെ മുലയൂട്ടുന്ന അമ്മയുടെ ചിത്രം പ്രതീകവല്‍ക്കരിക്കുന്ന കവര്‍ ആദര്‍ശധീരമാണെന്നാണ് ലിസി അഭിപ്രായപ്പെട്ടത്. കവര്‍ മോഡലായ അഭിനേത്രിയും എഴുത്തുകാരിയുമായ ജിലുവിനെയും ലിസി അഭിനന്ദിച്ചിട്ടുമുണ്ട്. 

ലിസിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം

ഇതൊരു ആദര്‍ശധീരമായ കവര്‍ പേജാണ്. ദശലക്ഷക്കണിക്കിന് വാക്കുകളാണ് ഈ ചിത്രം സംസാരിക്കുന്നത്. എന്റെ ജീവിത കാലത്തിനിടയ്ക്ക് ഇത്തരത്തില്‍ ചിന്തയെ ഉദ്ദീപിപ്പിക്കുന്ന, ധീരമായ ഒരു കവര്‍ ഒരു ഇന്ത്യന്‍ മാസികയ്ക്കും ഞാന്‍ കണ്ടിട്ടില്ല. 2012 മെയ് മാസത്തിലെ ടൈം മാഗസിന്‍ സമാനമായ ഒരു ആശയവുമായാണ് പുറത്തിറങ്ങിയത്. എന്നാല്‍ എന്റെ കാഴ്ച്ചപ്പാടില്‍ ഗൃഹലക്ഷ്മിയുടെ കവര്‍ അതിനേക്കാള്‍ മികച്ചതാണ്. 

1968 ആഗസ്തില്‍ ഗ്ലാമര്‍ മാഗസിന്റെ കവര്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ട കാറ്റിറ്റി കിരോണ്‍ഡെ ഇത്തരത്തില്‍ കവര്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്ന ആദ്യത്തെ കറുത്ത വനിതയായി ചരിത്രം സൃഷ്ടിച്ചിരുന്നു. ഈ കവറിനും സമാനമായ ഒരു പ്രഭാവം ഉണ്ടാക്കാന്‍ സാധിക്കും. മാത്രമല്ല മാഗസിന്‍ ചരിത്രത്തിലെ മികച്ച കവറുകളിലൊന്നായി, ഒരു മലയാളം മാഗസിന്റെ കവര്‍ എന്ന നിലയിലല്ല മറിച്ച്  എക്കാലത്തേയും മികച്ച ഒരു ഇന്ത്യന്‍ മാഗസിന്റെ കവര്‍ എന്ന നിലയില്‍, ഇടം നേടും. 

ഇത്തരത്തില്‍ ധീരമായ ഒരു നടപടിയെടുത്ത ഗൃഹലക്ഷ്മിയിലെ എല്ലാവരേയും ഞാന്‍ അഭിനന്ദിക്കുന്നു. ജിലു ജോസഫ് നിങ്ങള്‍ ഒരു മഹനീയ വനിതയാണ്. 'You look a 'million dollor.'