രീരത്തിന്റെ രൂപഭാവങ്ങളെ പറ്റി, നിറത്തെ പറ്റി, മുടിയെ പറ്റി... ബോഡി ഷെയ്മിങിന് അങ്ങനെ വ്യത്യാസങ്ങളൊന്നുമില്ല. എത്ര ചര്‍ച്ചകള്‍ വന്നാലും കാമ്പയിനുകള്‍ നടന്നാലും മെലിഞ്ഞു നീണ്ട ഭംഗിയുള്ളത് എന്ന വിശേഷണത്തിന് ഒരു മാറ്റവും വന്നിട്ടില്ല. തടികൂടുതലുണ്ടെങ്കിലും ഇതാണ് ഞങ്ങളുടെ ശരീരം ഞങ്ങളിങ്ങനെയാണ് എന്ന് പറഞ്ഞ് ആത്മവിശ്വാസത്തോടെ ജീവിക്കുന്നവരും ഇക്കൂട്ടത്തില്‍ ഉണ്ടാവാറുണ്ട്. അത്തരമൊരു അനുഭവം പങ്കുവയ്ക്കുകയാണ് ഡല്‍ഹി സ്വദേശിനിയായ ഒരു യുവതി ഹ്യൂമന്‍സ് ഓഫ് ബോംബെയുടെ ഫെയ്സ്ബുക്ക് പേജിലൂടെ

ഫെയ്സ്ബുക്ക് കുറിപ്പില്‍ നിന്ന് 

പത്ത് വയസ്സുള്ളപ്പോള്‍ മുതല്‍ എന്റെ ചിന്ത ഭാരം കുറയ്ക്കുന്നതിനെ പറ്റിയായിരുന്നു. ഞാന്‍ നല്ല ഉരുണ്ടു തടിച്ച കുട്ടിയായിരുന്നു. അക്കാലത്തു തന്നെ ട്രെഡ്മില്ലില്‍ ഓടുന്നത് എന്റെ പതിവായിരുന്നു. ഒരു ജന്മദിനാഘോഷമോ മറ്റോ വന്നാല്‍ ഞാന്‍ ആ ദിവസം മുഴുവന്‍ പട്ടിണി കിടക്കും, വൈകുന്നേരം പാര്‍ട്ടിയിലെ രുചികരമായ ഭക്ഷണം കഴിക്കാന്‍. ബോര്‍ഡിങ് സ്‌കൂളിലെത്തുന്നതുവരെ എല്ലാവരുടെയും വാത്സല്യങ്ങള്‍ മാത്രം കിട്ടിയ കുട്ടിയായിരുന്നു ഞാന്‍. എന്നാല്‍ അവിടെ എന്നെ കാത്തിരുന്നത് കളിയാക്കലുകളായിരുന്നു. പശു എന്നായിരുന്നു എന്റെ വിളിപ്പേര്. 

എന്റെ ആത്മവിശ്വാസമൊക്കെ പണ്ടേ പടികടന്നിരുന്നു. ആകെ ആശ്വാസം നീന്തലായിരുന്നു പിന്നെ. എന്നാല്‍ ഏഴാം ക്ലാസിലെത്തിയപ്പോള്‍ അതിനും അവസാനമായി. നീന്തലിനായി ധരിച്ചിരുന്ന വി-കട്ടുള്ള സ്വിംസ്യൂട്ട് എനിക്ക് ഒട്ടും ചേരുന്നില്ല എന്ന് അധ്യാപിക തന്നെയാണ് എന്നെ കളിയാക്കിയത്. പിന്നീടൊരിക്കലും ഞാനാവസ്ത്രം അണിഞ്ഞിട്ടില്ല. 

എന്റെ ബന്ധുക്കളും എന്റെ രൂപത്തെ കൂടുതല്‍ പരിഹസിച്ചിരുന്നു. 'നീ പിന്നെയും തടിച്ചോ, ഒരു ചെറുക്കനും നിന്നെ കല്യാണം കഴിക്കില്ല..' ഒരു ആന്റി എന്നെ കാണുമ്പോഴെല്ലാം പരിഹാസത്തോടെ പറയും. എപ്പോഴെങ്കിലും ഞാന്‍ ഭക്ഷണം കഴിക്കാന്‍ തുടങ്ങുമ്പോള്‍ അവര്‍ പറയും ചോറ് ഒരുപാട് കഴിക്കല്ലേ എന്നെല്ലാം. ഇതെല്ലാം കേട്ട് കേട്ട് ഞാന്‍ മടുത്തിരുന്നു. ആഴ്ചകളോളം ഭക്ഷണം വളരെ കുറച്ചു കഴിച്ചും പട്ടിണികിടന്നുമെല്ലാം എന്റെ ആരോഗ്യം മോശമായി തുടങ്ങി. അയഞ്ഞു തൂങ്ങിയ ജീന്‍സും വലിപ്പം കൂടിയ ഷര്‍ട്ടുമായിരുന്നു പലപ്പോഴും എന്റെ വേഷം. എന്റെ സഹപാഠികളെന്നെ ടോംബോയ് എന്നാണ് വിളിച്ചിരുന്നത്. തടിച്ചിയെന്ന് വിളിക്കുന്നതിനേക്കാള്‍ ഭേദമാണല്ലോ അത്, അതുകൊണ്ട് തന്നെ ലുക്ക് മാറ്റാന്‍ ഞാന്‍ ശ്രമിച്ചതുമില്ല. 

പത്താം ക്ലാസില്‍ ഞാന്‍ വീട്ടിലേക്ക് തിരിച്ചെത്തി. കളിയാക്കലുകളെല്ലാം അവസാനിച്ചിട്ടുണ്ടാവും എന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ മറ്റുള്ളവരുടെ സൗന്ദര്യ സങ്കല്‍പങ്ങള്‍ എന്നില്‍ അടിച്ചേല്‍പിക്കാന്‍ ശ്രമം തുടങ്ങിയത് അക്കാലത്താണ്. എന്റെ സ്‌കൂള്‍ ഫെയര്‍വെല്ലിന് മൂന്ന് മാസമുള്ളപ്പോള്‍ ഞാന്‍ വീണ്ടും പട്ടിണികിടന്നു തുടങ്ങി. കാരണം കാണാന്‍ ഭംഗിയുള്ള മെലിഞ്ഞ പെണ്‍കുട്ടിയാവണം എന്നത് മാത്രമായിരുന്നു മനസ്സില്‍. അങ്ങനെ പതിനഞ്ച് കിലോയാണ് ഞാന്‍ കുറച്ചത്. എന്നാല്‍ എന്റെ ശരീരത്തോട് ഞാന്‍ ചെയ്ത ഏറ്റവും വലിയ ക്രൂരതകളില്‍ ഒന്നായിരുന്നു അത്. 

'നീ നല്ല പോലെ തടികുറച്ചല്ലോ, സുന്ദരിയായിരിക്കുന്നു..' എന്നോട് ഒരു സുഹൃത്ത് പറഞ്ഞു. ഏറ്റവും അധികം സന്തോഷിച്ച ദിവസങ്ങളായിരുന്നു അത്. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ പോയതടി പഴയപോലെ തിരിച്ചു വന്നു. ഞാനിനി ഒരിക്കലും സുന്ദരിയാവില്ലേ.. എന്നോട് തന്നെ ഞാന്‍ ചോദിച്ചുകൊണ്ടിരുന്നു. കൗമാരകാലം മുഴുവന്‍ ഈ സംശയത്തിലായിരുന്നു എന്റെ ജീവിതം. എന്റെ സുഹൃത്തുക്കള്‍ക്കെല്ലാം പ്രണയമുണ്ടായപ്പോള്‍ ഞാന്‍ സ്വയം സ്‌നേഹിക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു. 

പഠനത്തിനായി ഡല്‍ഹിയിലെത്തിയതോടെ എന്റെ ജീവിതം മാറിമറിഞ്ഞു. അവിടെ എന്നെ കുറ്റപ്പെടുത്താനോ താരതമ്യം ചെയ്യാനോ ആരും ഉണ്ടായിരുന്നില്ല. ഞാന്‍ പതിയെ എന്റെ ടോംബോയ് രൂപം മാറ്റിത്തുടങ്ങി. ആദ്യമായി കണ്‍മഷിയും ലിപ്സ്റ്റിക്കും ഞാന്‍ വാങ്ങി. കബോര്‍ഡില്‍ വസ്ത്രങ്ങള്‍ വാങ്ങി നിറച്ചു. അതില്‍ ഒരു ക്രോപ്പ് ടോപ്പ് വരെയുണ്ടായിരുന്നു. ഞാന്‍ വീണ്ടും വി- കട്ട് സ്വിംസ്യൂട്ട് അണിഞ്ഞു, നീന്താന്‍ പോയിത്തുടങ്ങി. 

ആ മാറ്റത്തിന്റെ കാലത്താണ് ടിവിയിലോ മാഗസിനിലോ കാണുന്ന വസ്ത്രങ്ങളല്ല എന്റെ ശരീരത്തിന് ചേരുന്നതെന്ന് ഞാന്‍ തിരിച്ചറിഞ്ഞത്. ഞാന്‍ വിരൂപയാണെന്ന് ആയിരുന്നില്ല അതിനര്‍ത്ഥം. ഞാന്‍ എന്റേതായ രീതിയില്‍ സുന്ദരിയാണ്, കൂടുതല്‍ ആരോഗ്യവതിയാകുകയാണ് വേണ്ടത്. അങ്ങനെ ഞാന്‍ ദിവസവും ജിമ്മില്‍ പോയിതുടങ്ങി. അതിനെ പറ്റി ഒരു ബ്ലോഗും ആരംഭിച്ചു. 

ബ്ലോഗില്‍ ഞാന്‍ എന്റെ തന്നെ ബെല്ലിഫാറ്റിനെ പറ്റിയും സെല്ലുലൈറ്റിനെ പറ്റിയും ചിത്രങ്ങള്‍ പങ്കുവച്ചപ്പോള്‍ ധാരാളം സ്ത്രീകള്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കാന്‍ തയ്യാറായി എനിക്ക് സന്ദേശങ്ങളയച്ചു. മകനെ ബോഡിഷെയ്മിങ് ചെയ്തിരുന്നതിനെ പറ്റി സ്വയം തിരിച്ചറിയാന്‍ കഴിഞ്ഞത് എന്റെ ബ്ലോഗിലൂടെയാണെന്ന് പറഞ്ഞ് ഒരു അമ്മ എന്നോട് നന്ദി അറിയിച്ചു.

ഞാനെന്റെ ശരീരത്തെ അംഗീകരിച്ചു തുടങ്ങി. 105 കിലോ ഭാരണുള്ളപ്പോഴും ഇപ്പോള്‍ ഭാരം കുറഞ്ഞു തുടങ്ങിയപ്പോഴും. ഇന്ന് ഞാന്‍ നല്ല ഭക്ഷണം കഴിക്കുന്നു, നന്നായി വ്യായാമം ചെയ്യുന്നു. അതിലൂടെ ലഭിക്കുന്ന വ്യത്യാസം ഞാന്‍ തിരിച്ചറിയുന്നുമുണ്ട്. എനിക്ക് നല്ല ആത്മവിശ്വാസമുണ്ട് എല്ലാ കാര്യങ്ങളിലും.

ആകെ വ്യത്യാസം എനിക്ക് തടിയുണ്ട് എന്നതാണ്. പക്ഷേ അതും ഒരു ശാരീരിക അവസ്ഥയാണ്. എന്നാല്‍ തടിയുണ്ട് എന്നതിനര്‍ത്ഥം വിരൂപയാണെന്നല്ല. എനിക്ക് വണ്ണമുണ്ട്, ഒപ്പം ഞാന്‍ അതിമനോഹരിയുമാണ്.   

Content Highlights: A women share her experience about how to overcome body shaming