മൂന്നാം വയസ്സില്‍ വിവാഹം.. ഇന്നും നമ്മുടെ രാജ്യത്ത് മായാതെ നില്‍ക്കുന്ന ദുരാചാരത്തിന്റെ പുതുതലമുറ ഇര. എങ്കിലും പഠിക്കണമെന്ന മോഹം പോലീസ് യൂണിഫോമില്‍ വരെ എത്തിച്ചു. എന്നാല്‍ വീണ്ടും വില്ലനായെത്തിയ കാന്‍സര്‍, വേദനയുടെ അക്കാലങ്ങളെയും തോല്‍പിച്ച് തന്റെ ഗ്രാമത്തിനായി പ്രവര്‍ത്തിക്കുക... രാജസ്ഥാനിലെ ഈ പോലീസുകാരിയ്ക്ക് അതിജീവനത്തിന്റെ ഒരു വലിയ കഥ പറയാനുണ്ട്. മറ്റുള്ളവര്‍ക്ക് മാതൃകയാവുന്ന തന്റെ ജീവിതത്തെ പറ്റി അവര്‍ പങ്കുവയ്ക്കുകയാണ് ഹ്യൂമന്‍സ് ഓഫ് ബോംബെയുടെ ഫെയ്സ്ബുക്ക് പേജില്‍

ഫെയ്സ്ബുക്ക് കുറിപ്പില്‍ നിന്ന്

എനിക്ക് മൂന്ന് വയസ്സുള്ളപ്പോള്‍ എന്റെ അടുത്ത ഗ്രാമത്തിലെ ഒരു ആണ്‍കുട്ടിയുമായി എന്റെ വിവാഹം നടന്നു. ഞങ്ങളുടെ പ്രദേശത്ത് ശൈശവവിവാഹം സര്‍വസാധാരണമായിരുന്നു. എനിക്ക് പതിനെട്ട് വയസ്സായപ്പോഴാണ് എന്നെ എന്റെ ഭര്‍തൃഗൃഹത്തിലേക്ക് അയച്ചത്. വിവാഹത്തെ പറ്റിയൊന്നും അറിയാത്ത പ്രായമായതിനാല്‍ എന്റെ ഒരേയൊരു സ്വപ്‌നം പഠിക്കുക എന്നതായിരുന്നു. 

facebook.com/humansofbombay

എനിക്ക് അഞ്ച് വയസ്സായപ്പോഴാണ് ഞങ്ങളുടെ ഗ്രാമത്തിലെ ആദ്യത്തെ സ്‌കൂള്‍ വന്നത്. എനിക്ക് സ്‌കൂളില്‍ പോകണമെന്നും ഉദ്യോഗസ്ഥയാകണമെന്നുമാണ് എന്റെ പിതാവിനോട് ഞാന്‍ ആവശ്യപ്പെട്ടത്. അദ്ദേഹം എന്റെ ആഗ്രഹത്തിന് ഒപ്പം നിന്നു. ഞങ്ങള്‍ക്ക് വൈദ്യുതി ഉണ്ടായിരുന്നില്ല. അതുകൊണ്ട് രാത്രിയിലെ പഠനം മണ്ണെണ്ണ വിളക്കിന് മുന്നിലായിരുന്നു. സ്‌കൂളില്‍ നിന്ന് വീട്ടിലെത്തിയാല്‍ ധാരാളം വീട്ടുജോലികള്‍ ചെയ്യാനുണ്ടാവും. എങ്കിലും ഞാനായിരുന്നു സ്‌കൂളില്‍ ഒന്നാം സ്ഥാനത്ത്. 

അഞ്ചാം ക്ലാസിന് ശേഷം അടുത്ത ഗ്രാമത്തിലെ സ്‌കൂളിലായി എന്റെ പഠനം. ദിവസവും ആറ് കിലോമീറ്ററാണ് ഇവിടെ എത്താനായി നടക്കേണ്ടിയിരുന്നത്. എന്നാല്‍ എന്റെ അയല്‍ക്കാരെല്ലാം എന്നെ പരിഹസിക്കുകയാണ് ചെയ്തത്. 'ഇത്രയും പഠിച്ചിട്ട് നീ എന്ത് ചെയ്യാനാണ്. അല്ലെങ്കിലും ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോകാനുള്ളവളല്ലേ, ഒരുപാട് പഠിച്ച് മരുമകളെ അവര്‍ക്ക് ഇഷ്ടമാകില്ല.' തുടങ്ങിയ കുത്തുവാക്കുകളായിരുന്നു പലതും. എങ്കിലും ഞാന്‍ നന്നായി പഠിച്ച് പത്താം ക്ലാസ് ഉയര്‍ന്ന മാര്‍ക്കോടെ പാസ്സായി. കൂടുതല്‍ പഠിക്കണമെന്ന ആഗ്രഹത്തോടെ ഞാന്‍ ടൗണിലേക്ക് താമസം മാറ്റി.

facebook.com/humansofbombay

പോലീസ് കോണ്‍സ്റ്റബിള്‍മാരുടെ ഒരു റിക്രൂട്ട്‌മെന്റ് ഉണ്ടെന്ന് ഞാനറിഞ്ഞത് അവിടെ വച്ചാണ്. മറ്റ് അന്‍പത് പേര്‍ക്കൊപ്പമാണ് ഞാനും അപേക്ഷിച്ചത്. എഴുത്തുപരീക്ഷയില്‍ വിജയിച്ചവരില്‍ ഞാന്‍ ഒരൊറ്റ പെണ്‍കുട്ടിമാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ വിജയിച്ചെന്ന് പറയാന്‍ എനിക്ക് ഭയമായിരുന്നു. എങ്കിലും സംഭവമറിഞ്ഞപ്പോള്‍ അച്ഛന്‍ അഭിനന്ദിക്കുകയാണ് ചെയ്തത്. ' ഉദ്യോഗസ്ഥയാവണം എന്ന നിന്റെ ആഗ്രഹം സഫലമായില്ലേ'' എന്നാണ് അദ്ദേഹം ചോദിച്ചത്. 

ഒന്‍പത് മാസത്തെ പരിശീലനവും കഴിഞ്ഞ് എന്റെ ഗ്രാമത്തിലെ ആദ്യത്തെ വനിതാ പോലീസ് ഓഫീസറായി ഞാന്‍ നിയമിതയായി. എനിക്ക് പത്തൊന്‍പത് വയസ്സായിരുന്നു പ്രായം. പോലീസ് സാഹിബ് വരുന്നു എന്ന് പറഞ്ഞ് ആളുകള്‍ എന്നോട് ബഹുമാനത്തോടെയും സ്‌നേഹത്തോടെയും പെരുമാറിത്തുടങ്ങി.

facebook.com/humansofbombay

കുറച്ചു മാസങ്ങള്‍ക്കു ശേഷം എനിക്ക് വിടാതെ വയറുവേദന വന്നു തുടങ്ങി. പരിശോധനയില്‍ ഗര്‍ഭാശയ കാന്‍സറിന്റെ രണ്ടാംഘട്ടത്തിലാണ് ഞാനെന്നായിരുന്നു കണ്ടെത്തിയത്. കഷ്ടപ്പാടുകള്‍ക്കൊടുവില്‍ ഞാനെന്റെ സ്വപ്‌നത്തില്‍ ജീവിക്കാന്‍ തുടങ്ങിയപ്പോഴേക്കും എല്ലാം തകര്‍ന്നടിഞ്ഞല്ലോ എന്നായി എന്റെ ചിന്ത.

ആറ് മാസം. ദുരിതങ്ങളുടെ കാലമായിരുന്നു. ആറ് കീമോ കഴിഞ്ഞപ്പോഴേക്കും എന്റെ മനോഹരമായ നീണ്ടമുടി പൊഴിഞ്ഞു പോയിരുന്നു. എന്റെ ഭാരം 35 കിലോയായി കുറഞ്ഞു. ആ ചെറിയ സമയം കൊണ്ട് തന്നെ നാല് ലക്ഷം രൂപ എന്റെ ചികിത്സക്കായി ചെലവഴിക്കേണ്ടി വന്നു. പെണ്‍കുട്ടിക്കുവേണ്ടി ഇത്രയും പണം ചെലവഴിക്കുന്നത് എന്തിനാണ് എന്നാണ് എന്റെ നാട്ടുകാര്‍ പിതാവിനോട് ചോദിച്ചത്. എല്ലാവരും എന്നെ ഒരു ശാപമായി കണ്ടുതുടങ്ങിയതോടെ ഞാന്‍ വീടിന്റെ നാല് ചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങി.

ജോലിക്ക് തിരിച്ചെത്തിയപ്പോള്‍ യൂണിഫോമിനൊപ്പം തലമറച്ച് മറ്റൊരു തൊപ്പികൂടി ഞാന്‍ ധരിച്ചു. ഞാന്‍ ശരിക്കും തകര്‍ന്നുപോയിരുന്നു. അവിടെ നിന്നാണ് ഒരു സംഗീത അധ്യാപകനെ ഞാന്‍ പരിചയപ്പെടുന്നത്. അദ്ദേഹത്തിന്റെ ക്ലാസില്‍ ചേരാനായി എന്റെ തീരുമാനം. ഒഴിവു സമയങ്ങളില്‍ ഞാന്‍ ഹാര്‍മോണിയം വായിക്കാന്‍ പഠിച്ചു. മനസ്സിലെ നിരാശ കുറയ്ക്കാന്‍ ഇത് സഹായിച്ചു. 

കുറച്ച് മാസങ്ങള്‍ക്ക് ശേഷം ഞാനും എന്റെ ഭര്‍ത്താവും ഒന്നിച്ച് ജീവിതം തുടങ്ങി. ഈ സമയത്താണ് ഞാന്‍ അദ്ദേഹത്തോട് എന്നെ പറ്റി തുറന്നു പറയുന്നത്. ഗര്‍ഭാശയത്തിലെ ക്യാന്‍സര്‍ വന്നാല്‍ ഒരു കുട്ടിയുണ്ടാകാനുള്ള സാധ്യത വിരളമാണ് എന്ന വിവരവും ഞാന്‍ മറച്ചു വച്ചില്ല. എന്നാല്‍ എന്തൊക്കെയായാലും നമ്മള്‍ ഒന്നിച്ചു ജീവിക്കുമെന്ന തീരുമാനമാണ് അദ്ദേഹം പറഞ്ഞത്. അത് വലിയൊരു പിന്തുണയായിരുന്നു.

അതിന് ശേഷം ഞാനെന്റെ ജീവിതം സമൂഹത്തിന് നല്ലകാര്യങ്ങള്‍ ചെയ്യാന്‍ മാറ്റിവയ്ക്കുമെന്ന് തീരുമാനിച്ചു. ജോലിയുടെ ഭാഗമായി ഞാന്‍ സ്‌കൂളുകളില്‍ പോകാറുണ്ട്. കുട്ടികള്‍ക്ക് ധാരാളം ക്ലാസുകള്‍ നല്‍കാറുണ്ട്. ലൈംഗിക ചൂഷണങ്ങളെ പറ്റി, ഗുഡ് ടച്ച് ബാഡ് ടച്ച് എന്നിവ തിരിച്ചറിയുന്നതിനെ പറ്റി, റോഡ് സുരക്ഷയെ പറ്റി എല്ലാം. കുട്ടികളെന്നെ പോലീസ്‌വാലി ദീദി എന്നാണ് വിളിക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 1000ത്തിലധികം കുട്ടികളെ ഞാന്‍ പഠിപ്പിച്ചു. അതിന് പോലീസ് കമ്മീഷണറുടെ കൈയില്‍ നിന്ന് അംഗീകാരവും നേടി.

ഇരുപത്തഞ്ചോളം ആല്‍ബങ്ങള്‍ ഞാന്‍ ചെയ്തുകഴിഞ്ഞു. എന്റെ മുടി പഴയപോലെ മനോഹരമായി വളര്‍ന്നു. എങ്കിലും ഇടയ്ക്ക് ആ മുടിയില്ലാത്ത പഴയ ചിത്രങ്ങള്‍ ഞാന്‍ നോക്കും. അവ കാണുമ്പോള്‍ എനിക്ക് ഓര്‍മവരും ഞാനെത്ര ദൂരം താണ്ടിയാണ് ഇവിടെ എത്തിയതെന്ന്്, ഇനി എനിക്ക് എത്ര ദൂരം പോകാനുണ്ടെന്ന്. 

Content Highlights: A Woman police officer from Rajasthan shares her story about how she beaten cancer