നുവിനെ സ്വന്തം കുഞ്ഞിനെ പോലെ സ്‌നേഹിക്കുന്ന വാനമ്പാടിയിലെ കുട്ടികളില്ലാത്ത സ്‌നേഹമയിയായ വല്യമ്മ. ഉമയെ മലയാളി വീട്ടമ്മമാര്‍ക്ക് പരിചയം ഇങ്ങനെയാണ്. വാനമ്പാടി, രാത്രിമഴ തുടങ്ങിയ ജനപ്രിയ സീരിയലുകള്‍, ജെയിംസ് ആന്‍ഡ് ആലീസ്, ചെമ്പരത്തിപ്പൂ, ലക്ഷ്യം എന്നിങ്ങനെ കൈനിറയെ ചിത്രങ്ങള്‍. രണ്ടാംവരവില്‍ തിരക്കിലാണ് ഉമ. ഒരുപക്ഷേ കരിയറിലെ ഏറ്റവും മികച്ച സമയത്ത്.

എന്നാല്‍ ഉമയെ വാര്‍ത്തകളില്‍ കൊണ്ടെത്തിച്ചത് ഇതൊന്നുമായിരുന്നില്ല, ഒരു ചാനല്‍ അഭിമുഖത്തിനിടയില്‍ ഉമ നടത്തിയ പരാമര്‍ശമായിരുന്നു. അത് മലയാളം കണ്ട എക്കാലത്തെയും മഹാനടന്‍ ജയനെ കുറിച്ചായതിനാല്‍ തന്നെ സാമൂഹിക മാധ്യമങ്ങളില്‍ വിഷയം കത്തിപ്പടര്‍ന്നു. അപ്രതീക്ഷിതമായുണ്ടായ ഈ വിവാദച്ചുഴിയില്‍ ഉമ ഇടറി. തന്നെ പിടിച്ചുലച്ച ആ സംഭവത്തെ കുറിച്ചും അഭിനയ വിശേഷങ്ങളെ കുറിച്ചും ഉമ സംസാരിക്കുന്നു. 

അരങ്ങേറ്റം അച്ഛന്‍ നിര്‍മിച്ച ഷോര്‍ട്ട് മൂവിയിലൂടെ

ചെറുതിലെ ഡാന്‍സും മറ്റുകലാപരിപാടികളും എല്ലാം ഉണ്ടായിരുന്നു. എനിക്ക് അഭിനയിക്കണമെന്ന മോഹമുള്ളതുകൊണ്ട് അച്ഛന്‍ ഒരു ഷോര്‍ട്ട് മൂവി ചെയ്തു. തേങ്ങുന്ന മനസ്സുകള്‍ എന്നായിരുന്നു അതിന്റെ പേര്. പത്രപ്രവര്‍ത്തകനായ ടി.വി.ഗോപാലകൃഷ്ണന്‍ സാറായിരുന്നു അതിന്റെ സംവിധായകന്‍. ഒരു ഏഴ് എട്ട് വയസ്സുള്ളപ്പോള്‍ അദ്ദേഹത്തിന്റെ തന്നെ സൂര്യന്റെ മരണം എന്നൊരു സീരിയലിലാണ് ബാലതാരമായി ഞാന്‍ അഭനിയിക്കുന്നത്. അങ്ങനെ ഒന്നുരണ്ടു ഷോര്‍ട് മൂവീസിലൂടെയാണ് എന്‍ട്രി. പിന്നെ ദൂരദര്‍ശന്‍ സീരിയലുകളും സിനിമകളും ആ പ്രായത്തില്‍ ചെയ്തു. കൊച്ചുകൊച്ചു വേഷങ്ങള്‍. 

ദൂരദര്‍ശനിലെ സീരിയലിലൂടെയാണ് തുടക്കം. പിന്നീട് പ്രൈവറ്റ് ചാനല്‍ എല്ലാം വന്നതോടെ പതിമൂന്ന് എപ്പിസോഡ് സീരിയലുകള്‍ സ്ഥിരമായി ചെയ്തു. പിന്നെ അത് മെഗാസീരിയലായി. അങ്ങനെയൊക്കെ തുടര്‍ന്നു. പിന്നീട് നായികയായി ഒരു തമിഴ് സിനിമ ചെയ്തു. പുതിയ സംവിധായകനായിരുന്നു, നടന്‍ വരുണ്‍. കലാഭവന്‍ മണി ആയിരുന്നു അതില്‍ വില്ലന്‍. ഒരു ആവറേജ് മൂവി ആയിരുന്നു അത്. പിന്നീട് തമിഴില്‍ നിന്ന് നിരവധി അവസരങ്ങള്‍ വന്നു. പക്ഷേ നമ്മുടെ തമിഴ് സിനിമയുടെ കള്‍ച്ചര്‍ മറ്റൊന്നാണ്. വ്യക്തിപരമായി അതിനോട് യോജിച്ചുപോകാന്‍ കഴിയുന്നതായിരുന്നില്ല. അപ്പോള്‍ വന്ന അവസരങ്ങള്‍ വേണ്ടെന്ന് വച്ചു. 

ഇന്‍ഡസ്ട്രിക്ക് നമ്മളെ വലിയ ആവശ്യമൊന്നുമില്ല. നമുക്കാണ് ആവശ്യം. സ്വാഭാവികമായും കംഫര്‍ട്ടബിള്‍ അല്ലാത്ത വേഷം വേണണ്ടെന്ന് വച്ചപ്പോള്‍ അവസരങ്ങള്‍ കുറഞ്ഞു. മലയാള സിനിമയില്‍ നിന്ന് എനിക്ക് വലിയ വേഷങ്ങള്‍ ഒന്നും വന്നില്ല. ഞാന്‍ ചെയതത് ഡിസംബര്‍ എന്ന മൂവി ആണ്. അശോക് നാഥ് സാറിന്റെ മൂവി. അതില്‍ സെക്കന്റ് ഹീറോയിന്‍ ആയിട്ടായിരുന്നു. പിന്നെ വന്നതൊക്കെ ചെറിയ ചെറിയ വേഷങ്ങള്‍ ആയിരുന്നു. അഭിനയമോഹം അങ്ങനെ നിലനിന്നിരുന്നത് കൊണ്ട് പിന്നെ ഞാന്‍ മലയാള സിനിമാ ഇന്‍ഡസ്ട്രിയില്‍ നിന്ന് മലയാള സീരിയല്‍ രംഗത്തേക്ക് ചേക്കേറി. 

പിന്നീട് നാലുനാലര വര്‍ഷം ഞാന്‍ ഇന്‍ഡസ്ട്രിയില്‍ നിന്ന് മാറിനിന്നു. കുടുംബത്തിന് വേണ്ടി. മനസ്സില്‍ അഭിനയം ഉണ്ടെങ്കിലും ഒരു ചെറിയ ജോലിയുമായി കഴിഞ്ഞു. അന്ന് എന്റെ ഒപ്പം ജോലി ചെയ്യുന്നവര്‍ക്ക് ഞാന്‍ അഭിനയിക്കുമെന്ന് പോലും അറിയില്ലായിരുന്നു. ഏത് അവസ്ഥയിലും ജീവിക്കാന്‍ തയ്യാറായിട്ടുള്ള വ്യക്തിയാണ് ഞാന്‍. സിനിമയിലെ ജീവിക്കൂ, ഒരുപാട് പ്രശസ്തി വേണം അങ്ങെനെയൊന്നും ഇല്ല. എല്ലാവരുടെയും പോലെ കുഞ്ഞുനാള്‍ മുതല്‍ മനസ്സില്‍ കൊണ്ടുനടന്ന ഒരു സ്വപ്‌നമായിരുന്നു അഭിനയം. 

മിന്നിച്ച് രണ്ടാം വരവ്

രണ്ടാം വരവില്‍ ഞാന്‍ സന്തുഷ്ടയാണ്. നാലുവര്‍ഷമായി തുടര്‍ച്ചയായി ഞാന്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. ഒരു ബ്രേക്കുപോലുമെടുക്കാതെ. വളരെ പീക്കില്‍ നിന്ന ഒരു സമയത്താണ് ഞാന്‍ മാറിയത്, നായികയായി അഭിനയിച്ചുകൊണ്ടിരിക്കുമ്പോള്‍. രണ്ടാമത് വന്നപ്പോഴും ആദ്യം ലഭിച്ച അതേ സ്വീകാര്യത ലഭിച്ചു. സീരിയലുകളും സിനിമകളുമായി തിരക്കിലാണ് ഞാന്‍. ഒരു പക്ഷേ കരിയറിന്റെ ഏറ്റവും മികച്ച സമയത്തില്‍. കുഞ്ഞുനാള്‍ മുതല്‍ കഷ്ടപ്പെട്ട് വന്നതിന്റെ ഒരു റിസള്‍ട്ടായിരിക്കും ഇത്. 

പ്രേക്ഷകര്‍ പെട്ടന്നുതിരിച്ചറിയാറില്ല

എന്നെ പെട്ടന്ന് ആളുകള്‍ തിരിച്ചറിയാറില്ല. അതൊരു പ്ലസ് ആണോ നെഗറ്റീവാണോ എന്ന് എനിക്കറിയില്ല. ഞാന്‍ ഒരുപാട് സീരിയലുകള്‍ ചെയ്തു സിനിമകള്‍ ചെയ്തു പക്ഷേ ഇന്നും പൊതുഇടങ്ങളില്‍ വെച്ച് ഞാനങ്ങനെ പെട്ടന്ന് തിരിച്ചറിയപ്പെടാറില്ല. എല്ലായ്‌പ്പോഴും സീരിയല്‍ ഹിറ്റായി നില്‍ക്കുന്ന കാലത്താണ് ഒരു സീരിയല്‍ ആര്‍ട്ടിസ്റ്റും ഹിറ്റാവുന്നത്. രണ്ടുവര്‍ഷം നമ്മള്‍ മാറിനിന്നാല്‍ ആളുകള്‍ മറന്നുപോകും. ഞാനും എന്റെ കൂടെ അഭിനയിക്കുന്നവരും കൂടി പുറത്തുപോയാല്‍ അവര്‍ എന്നേക്കാള്‍ ചെറിയ വേഷം ചെയ്യുന്നവരാണെങ്കില്‍ കൂടി ആളുകള്‍ ഓടിവന്ന് സംസാരിക്കുന്നത് കാണാം. അതേസമയം എന്നെ ഒന്ന് സൂക്ഷിച്ച് നോക്കിയാല്‍ മാത്രമേ മനസ്സിലാവുകയുള്ളൂ. ആദ്യമൊക്കെ ഇത്തിരി വിഷമം തോന്നിയിരുന്നു. പക്ഷേ ഇപ്പോള്‍ ഞാന്‍ അതുമായി പൊരുത്തപ്പെട്ടുകഴിഞ്ഞു. ഫ്രീയായിട്ട് പൊതുജനത്തിന്റെ മുന്നില്‍ നടക്കാം, റോഡില്‍ നമുക്ക് ഇറങ്ങി നടക്കാം. ഫ്രീഡം ഉണ്ട്. 

uma
Image: Uma Nair

 

ഒരേ സമയം പല ഗെറ്റപ്പില്‍ 

എല്ലാ വേഷങ്ങള്‍ ചെയ്യുമ്പോഴും ഒരുകലാകാരിയെന്ന നിലയില്‍ ഞാന്‍ സന്തോഷിക്കുന്നുണ്ട്. എന്നെ സ്‌നേഹിക്കുന്ന പലരും എന്നോട് ചോദിക്കാറുണ്ട് എന്തിനാണ് ഇത്രയും പ്രായമായ വേഷങ്ങള്‍ ചെയ്യുന്നത് എന്ന്. സിനിമയിലാണെങ്കില്‍ എന്തുകൊണ്ട് ശക്തമായ ക്യാരക്ടര്‍ റോള്‍സ് ചെയ്യുന്നില്ലെന്ന്. തിരഞ്ഞെടുപ്പുകള്‍ എന്താണ് ഇങ്ങനെ എന്ന് ചോദിച്ചിട്ടുണ്ട്. അങ്ങനെ ചോദിക്കാന്‍ കാരണം ഞാന്‍ ഒരേ സമയത്ത് അമ്മ വേഷവും ചേച്ചി വേഷവും നായികാ വേഷവും ഒക്കെ ചെയ്യുന്നത് കൊണ്ടാണ്. പക്ഷേ അതെന്റെ ഒരു ഭാഗ്യമായാണ് ഞാന്‍ കരുതുന്നത്. ഓരോ കോസ്റ്റിയൂമിലും ഓരോ മേക്കപ്പിലും എനിക്ക് ഓരോ അപ്പിയറന്‍സാണ്. അത് തിരിച്ചറിയുന്ന മികച്ച സംവിധായകരും എഴുത്തുകാരുമൊക്കെ അതിനനുസരിച്ചുള്ള വേഷങ്ങളാണ് എനിക്ക് നല്‍കുന്നത്. അതെന്റെ ഒരു ഭാഗ്യമാണ്. 

വാനമ്പാടിയില്‍ ഞാന്‍ ഒരു വല്യമ്മയുടെ കഥാപാത്രമാണ് ചെയ്യുന്നത്. എനിക്കതില്‍ മക്കളില്ല. വലിയ പ്രായമുള്ള സ്ത്രീ ആയിട്ടല്ല എന്നെ അതില്‍ കാണിക്കുന്നത്. എങ്കിലും കുറച്ച് പക്വതയുള്ള ഒരു സ്ത്രീ ആയിട്ടാണ് കാണിക്കുന്നത്. രാത്രിമഴയില്‍ ഒരുപാട് പ്രായമുളള ഒരു സ്ത്രീ ആയിട്ടാണ് എന്നെ മേക്കോവര്‍ ചെയ്തിരിക്കുന്നത്. ഇപ്പോള്‍ വരാന്‍ പോകുന്ന സീരിയലില്‍, അതിന്റെ ഡീറ്റെയില്‍ പറയാറായിട്ടില്ല. എന്നാലും അതില്‍ പ്രാമുഖ്യമുള്ള രണ്ടുനായികമാരില്‍ നായികാപ്രാധാന്യമുള്ള ഒരു വേഷം കൈകാര്യം ചെയ്യുന്നു. ഇപ്പോള്‍ പറഞ്ഞത് തന്നെ മൂന്നും മൂന്ന് ഗെറ്റപ്പാണ്. അത് ഒരു ഭാഗ്യമല്ലെ. ഒരേ സ്റ്റേജില്‍ മൂന്ന് പ്രായത്തിലുള്ള വേഷങ്ങളാണ് ഞാന്‍ ചെയ്യുന്നത്. 

കഴിവുള്ള എത്രയോ കലാകാരന്മാരും കലാകാരികളും ഇവിടെ പലസ്ഥലങ്ങളിലും മറഞ്ഞ് നില്‍ക്കുന്നുണ്ട്. ഒരു എന്‍ട്രി ലഭിക്കാതെ, വേദികളില്ലാതെ. സത്യം പറഞ്ഞാല്‍ മുന്നില്‍ നില്‍ക്കുന്നവരേക്കാള്‍ ഏറെയാണ് പിറകില്‍ നില്‍ക്കുന്നത്. അപ്പോള്‍ ഒരു ചെറിയ കലാകാരി എന്ന നിലയില്‍ ഇപ്പോള്‍ ലഭിക്കുന്നതെല്ലാം എന്റെ ഭാഗ്യമായി കാണുന്നു. പിന്നെ ശ്രമിക്കുന്നുണ്ട്. ദൈവവും ഇന്‍ഡസ്ട്രിയില്‍ ഉള്ള സംവിധായകരും എഴുത്തുകാരും പ്രൊഡ്യൂസേഴ്‌സും ഒക്കെ മനസ്സ് വെച്ച് എനിക്ക് കുറേ മെച്ചപ്പെട്ട വേഷം കിട്ടിയാല്‍ സന്തോഷം

സീരിയല്‍ സിനിമയ്ക്ക് തടസ്സമല്ല

എനിക്ക് അങ്ങനെ തോന്നിയിട്ടില്ല. ഒരു മാസത്തില്‍ കുറേ ദിവസം നമ്മള്‍ സീരിയലില്‍ അഭിനയിക്കേണ്ടി വരുന്നുണ്ടല്ലോ. സിനിമ എന്ന് പറയുന്നത് ഒരു അമ്പത് അല്ലെങ്കില്‍ ഒരു അമ്പത്തഞ്ച് ദിവസം ആയിരിക്കും. അവരുടെ ഡേറ്റ് ചാര്‍ട്ട് ചെയ്യുമ്പോള്‍ അവര് അവരുടെ ഡേറ്റിന് കിട്ടുന്ന ആര്‍ട്ടിസ്റ്റുകളെ ഷഫിള്‍ ചെയ്തു വരിക എന്നുള്ളത് പതിവാണ്. അവര്‍ പറയുന്ന ഡേറ്റ് ചിലപ്പോള്‍ നമ്മള്‍ സ്ഥിരമായി സീരിയലിന് കൊടുത്തതായിരിക്കും. അപ്പോള്‍ ഡേറ്റ് ക്ലാഷ് വരാതിരിക്കാനായി നമുക്ക് മാറേണ്ടി വരും. 

ജയിംസ് ആന്‍ഡ് ആലീസ് എന്ന സിനിമയില്‍ എന്നെ ക്ഷണിച്ചത് ഞാന്‍ സീരിയലില്‍ നിന്നുള്ള ആളാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ്. അതിന് ശേഷം ചെമ്പരത്തിപ്പൂ ചെയ്തു. തിലോത്തമ, ജെയിംസ് ആന്‍ഡ് ആലീസ്, ചെമ്പരത്തിപ്പൂ, ലക്ഷ്യം തുടങ്ങി രണ്ടാംവരവില്‍ ചെറുതും വലുതുമായി ആറോ ഏഴോ സിനിമ ചെയ്തുകഴിഞ്ഞു. ഇതെല്ലാം ഞാന്‍ സീരിയലില്‍ ലൈവ് ആയിരുന്നപ്പോള്‍ ചെയ്തതാണ്.

മോശമായ ഒരു അനുഭവവും ഇന്‍ഡസ്ട്രിയില്‍ ഞാന്‍ നേരിട്ടിട്ടില്ല. സീരിയലിന്റെ കാര്യം പറയുകയാണെങ്കില്‍ നമ്മള്‍ വീട്ടില്‍ നിന്ന് പോയി വന്ന് അഭിനയിക്കാന്‍ പറ്റുന്ന സാഹചര്യമാണ് ഉള്ളത്. താമസം മറ്റൊരിടത്തല്ല. വാഹനസൗകര്യം തരുന്നു. അതുപോലെ ഒരു കുടുംബത്തെ പോലെയാണ്. വീട്ടില്‍ കഴിയുന്നതിനേക്കാള്‍ കൂടുതല്‍ സമയം തൊഴില്‍ ഇടത്താണ്. അതിരാവിലെ പോകുന്നു വൈകീട്ട് ഒരു പത്തുമണിവരെയൊക്കെ ജോലി ചെയ്യുന്നു, അവിടെയുള്ള ഓരോരുത്തരുമായും നമുക്ക് നല്ല ബന്ധം വരും. അവരൊന്നും നമ്മളോട് മോശമായി സംസാരിക്കുകയോ പെരുമാറുകയോ ചെയ്തിട്ടില്ല. സിനിമാലോകം എനിക്ക് വലിയ പരിചയമില്ല. ഞാന്‍ പോയ ഇടത്തെല്ലാം ഞാന്‍ സുരക്ഷിതയായിരുന്നു. 

ആദ്യ ദിനങ്ങളില്‍ ഞാന്‍ തകര്‍ന്നുപോയി

എന്റെ ജീവിതത്തില്‍ ആദ്യമായിട്ടാണ് ഞാന്‍ ഒരു വിവാദത്തില്‍ പെടുക, അല്ലെങ്കില്‍ പ്രശ്‌നത്തില്‍ പെടുക എന്നുള്ളത് സംഭവിച്ചത്. ആദ്യത്തെ രണ്ടുദിവസം എനിക്കത് താങ്ങാന്‍ പറ്റിയില്ല. മരിച്ചാലോ എന്ന് വരെ ചിന്തിച്ചു പോയ ദിവസങ്ങളാണ് അത്. പക്ഷേ ആ രണ്ടുദിവസം കൊണ്ട് എനിക്ക് ജീവിതത്തില്‍ കിട്ടിയ അനുഭവപാഠം ജീവിതത്തില്‍ ഉടനീളം ഞാന്‍ മറക്കില്ല. ശത്രുക്കളായി നിന്നവര്‍ പോലും എന്നെ ചേര്‍ത്തുപിടിച്ചു സഹായിച്ചു. മിത്രങ്ങളാണെന്ന് കരുതിയവര്‍ പലരും മാറി നിന്നു. നമ്മള്‍ എന്തുസംസാരിക്കണം എങ്ങനെ സംസാരിക്കണം എന്ന തിരിച്ചറിവ്. സോഷ്യല്‍ മീഡിയ മനുഷ്യന്റെ ജീവന്‍ നിലനിര്‍ത്താനും നശിപ്പിക്കാനും മാത്രം വളര്‍ന്നുകഴിഞ്ഞു എന്ന തിരിച്ചറിവ്. ആ രണ്ടുദിവസത്തിനുള്ളില്‍ ഞാന്‍ മരിച്ചിരുന്നെങ്കില്‍ ആര്‍ക്കാണ് നഷ്ടം. എന്റെ കുഞ്ഞുങ്ങള്‍ക്കല്ലാതെ. ഭാഗ്യത്തിന് അതുകഴിഞ്ഞ് തുടര്‍ച്ചയായി എനിക്ക് ഷൂട്ടിങ് ഉണ്ടായിരുന്നു. അതുകൊണ്ട് അധികം കാടുകേറാന്‍ സമയം കിട്ടിയില്ല. വലിയ അനുഗ്രഹം, ഒരുപക്ഷേ ഞാന്‍ ചെയ്ത നന്മകളുടെ റിസള്‍ട്ട് ആയിരിക്കും അത്. 

ആ വലിയ മനുഷ്യന്റെ പേരുപറഞ്ഞ് എനിക്ക് ആളാകേണ്ട 

സത്യം പറഞ്ഞുകഴിഞ്ഞാല്‍ വിഷമം ഉണ്ട്. ഞാന്‍ ഈ മേഖലയില്‍ വന്നിട്ട് കുറച്ചധികം വര്‍ഷങ്ങളായി. എന്റെ ബന്ധുക്കളെന്ന് പറഞ്ഞിട്ടോ എന്റെ സുഹൃത്തുക്കളെന്ന് പറഞ്ഞിട്ടോ ആരുടെയും പേരില്‍ ഞാന്‍ ഒന്നും നേടിയിട്ടില്ല. ആരുടെയെങ്കിലും പേര് പറഞ്ഞ് രക്ഷപ്പെടണം എന്ന ചിന്തയില്‍ ആണെങ്കില്‍ അത് തുടക്കത്തിലേ ചെയ്യേണ്ടതാണ്. അതേ കുറിച്ച് എന്തെങ്കിലും പറയാന്‍ തന്നെ എനിക്ക് വിഷമമാണ്. കാരണം അദ്ദേഹം നമ്മളെല്ലാം ആരാധിക്കുന്ന വലിയ മനുഷ്യനാണ്. ഇതുകൊണ്ട് ആളാകണം ഒരുപാട് അവസരങ്ങള്‍ നേടണം അങ്ങനെയൊരുചിന്ത എനിക്കില്ല. ഇന്ന് ചെറിയ രീതിയിലാണെങ്കിലും ഇവിടെ എത്തിചേര്‍ന്ന് നില്‍ക്കുമ്പോള്‍ എനിക്കത് പറയേണ്ട ആവശ്യമില്ല. ഞാന്‍ പിച്ചവെച്ച് നടന്നു കഴിഞ്ഞു ഇനിയത് പറഞ്ഞ് കഴിഞ്ഞിട്ട് എനിക്ക് എന്തുനേട്ടമാണ് ഉള്ളത്. 

വിവാദമായ സാഹചര്യത്തില്‍ ഒരുപ്രാവശ്യം മാത്രം ലൈവില്‍ വന്നു എന്നല്ലാതെ ഇതുസംബന്ധിച്ച് ഒരിടത്തും ഇന്നീ നിമിഷം വരെ ഞാന്‍ പ്രതികരിച്ചിട്ടില്ല. അതിന് കാരണം ഈ ഇന്‍ഡസ്ട്രിയില്‍ ഞാന്‍ ബഹുമാനിക്കുന്ന വ്യക്തികളും ആ മഹാനടന്റെ ആരാധകരുമാണ്. അവര്‍ പറഞ്ഞ ഒരു വാക്ക് എന്നെ വല്ലാതെ വേദനിപ്പിച്ചു. കുടുംബത്തിന് അകത്ത് പറഞ്ഞുതീര്‍ക്കേണ്ട ഒരുവിഷയം ഇങ്ങനെ പൊതുഇടത്തില്‍ കൊണ്ടുവരുന്നത് കഷ്ടമാണെന്ന്. 

ഞാന്‍ നേട്ടങ്ങള്‍ക്ക് വേണ്ടി പറഞ്ഞതാണെന്ന് എന്നെ അറിയാത്തവര്‍ മാത്രമേ പറയൂ. കുറച്ച് സമയമെടുത്താണെങ്കിലും അവരുടെ തെറ്റിദ്ധാരണ മാറുമെന്ന് ഞാന്‍ കരുതുന്നു. സമൂഹത്തെ ഞാന്‍ മാനിക്കുന്നു. രാഷ്ട്രീയക്കാരാണെങ്കിലും കലാകാരന്മാരാണെങ്കിലും പൊതുസമൂഹത്തിന്റെ സ്വത്താണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അപ്പോള്‍ സ്വാഭാവികമായും സമൂഹത്തെ ഭയക്കണം ബഹുമാനിക്കണം. നമുക്ക് തെറ്റുകണ്ടാല്‍ അവര്‍ പറഞ്ഞുതരും, നമ്മളെ അവര്‍ സ്‌നേഹിക്കും. 

പിന്നെ വേറൊരു കാര്യം പല നടന്മാരുടെയും നടികളുടെയും മക്കളായും ബന്ധുക്കളായും പലരും ഈ ഇന്‍ഡസ്ട്രിയില്‍ വന്നിട്ടുണ്ട്. പക്ഷേ നിലനില്‍ക്കണമെങ്കില്‍ നമുക്ക് കഴിവുണ്ടായേ പറ്റൂ എങ്കിലേ സമൂഹം നിലനിര്‍ത്തൂ. പ്രത്യേകിച്ച് മലയാളികള്‍, കഴിവില്ലാത്തവരെ നില്‍ക്കാന്‍ അവര്‍ സമ്മതിക്കില്ല. ആരുടെ പേരിലും ഈ സമൂഹത്തില്‍ നമുക്ക് പിടിച്ച് നില്‍ക്കാന്‍ പറ്റില്ല. എനിക്ക് ചെറിയ വേഷങ്ങള്‍ സംവിധായകര്‍ തരുന്നുണ്ടെങ്കില്‍ സംവിധായകര്‍ക്കും എഴുത്തുകാര്‍ക്കും എന്നെ വിശ്വാസമുള്ളതുകൊണ്ടാണ്. എപ്പോള്‍ ആ വിശ്വാസം പോകുന്നോ അപ്പോള്‍ അവര്‍ എന്നെ കളയും. അവതരിപ്പിക്കുന്ന കഥാപാത്രമായി സമൂഹത്തിലേക്ക് ഇറങ്ങി ചെല്ലാന്‍ കഴിയണം. അവര്‍ സ്വീകരിക്കണം. എങ്കിലേ എനിക്ക് നിലനില്‍പ്പുള്ളൂ.

ഇന്‍ഡസ്ട്രിയില്‍ നിന്ന് വിട്ട കാലത്ത് വളരെ ചെറിയ ശമ്പളത്തില്‍ ജീവിച്ച ആളാണ്. പിന്നെ എപ്പോഴും ഈ താരത്തിളക്കമൊന്നും ഉണ്ടാകില്ല. എപ്പോള്‍ വേണമെങ്കിലും നഷ്ടപ്പെടാം. എന്റെ മുഖത്ത് ഒരു ചെറിയ തീപ്പെട്ടിക്കൊള്ളിയുടെ കനല്‍ വീണാല്‍ പോലും തീരാവുന്ന ഒന്നാണത്. ഇവിടെ ആരെയും ആവശ്യമില്ല. ഞാന്‍ പോയാല്‍ എന്നേക്കാള്‍ മികച്ച പത്തുപേര്‍ വരും. ഇതുകണ്ട് അഹങ്കരിക്കാന്‍ നിന്നാല്‍ ഞാനാകും ഏറ്റവും വലിയ വിഡ്ഢി. അതുകൊണ്ട് എന്റെ ഈ ചെറിയ ജീവിതത്തില്‍ ഞാന്‍ സന്തുഷ്ടയാണ്. 

Uma
Image: Uma Nair

 

സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും എനിക്കൊപ്പം നിന്നു 

ഇന്‍ഡസ്ട്രിയില്‍ ഉള്ളവരെല്ലാം എന്നെ സപ്പോര്‍ട്ട് ചെയ്തു. കാരണം അവര്‍ക്ക് എന്നെ അറിയാമല്ലോ. ആ പേരിലൂടെ ഒരു നേട്ടമായിരുന്നു എന്റെ ഉദ്ദേശമെങ്കില്‍ ഇപ്പോഴലല്ലോ ഞാന്‍ പറയേണ്ടത്. കലാകാരിയെന്ന നിലയില്‍ കുറച്ചുപേര്‍ക്കെങ്കിലും എന്നെ അറിയാം. ഇതുപറഞ്ഞ് ഒരു പ്രശസ്തി എനിക്ക് ആവശ്യമില്ല. അതുപോലെ സ്വത്തും പണവും എനിക്ക് ആവശ്യമില്ല. അമിതമായ ആഗ്രഹങ്ങളൊന്നുമില്ലാത്ത ഒരു സാധാരണ പെണ്ണാണ് ഞാന്‍. എനിക്ക് ആരുടെയും സ്വത്തോ സമ്പത്തോ തട്ടിയെടുക്കണമെന്ന് ആഗ്രഹിച്ചിട്ടുമില്ല. എനിക്ക് എന്റെ കുഞ്ഞുങ്ങളുമായി സമാധാനമായി ജീവിച്ചുപോകണം എന്നുമാത്രമേ ഉള്ളൂ. 

എന്റെ ജീവിതത്തില്‍ എന്നും ഞാന്‍ വിലമതിക്കുന്നത് സൗഹൃദങ്ങളെയാണ്. എന്റെ ജീവിതത്തില്‍ ഞാന്‍ അതിന് വലിയ വാല്യൂ കൊടുക്കുന്നുണ്ട്. കാരണം  വിഷമങ്ങളിലും സന്തോഷങ്ങളിലും എന്നെ ചേര്‍ത്തുനിര്‍ത്തിയത് അവരാണ്. എന്നെ അറിയാവുന്നവര്‍ക്ക് എന്നെ സ്‌നേഹിക്കുന്നവര്‍ക്ക് ഞാന്‍ എന്താണെന്ന് അറിയാം. 

കുടുംബം

ഭര്‍ത്താവും രണ്ടുമക്കളുമായി സന്തുഷ്ട ജീവിതം. മക്കള്‍ ഗൗരിയും ഗൗതമും പഠിക്കുന്നു. ഭര്‍ത്താവ് പ്രദീപ് ഡയറക്ടറാണ്. ഈ ചെറിയ ജീവിതം ഇങ്ങനെ ജീവിച്ചുപോകാന്‍ ആഗ്രഹിക്കുന്നു ആര്‍ക്കും ഒരു ബുദ്ധിമുട്ടുണ്ടാക്കാതെ.

Content Highlights: Actress Uma Nair, Vanambadi, ActorJayan Controversy