സീരിയലുകളിലെ സ്ഥിരം വില്ലത്തിയാണ് അര്‍ച്ചന സുശീലന്‍. പുറത്തും ബോള്‍ഡ് ഇമേജ് തന്നെ. പക്ഷേ, ഉള്ളിന്നുള്ളില്‍ തീര്‍ത്തും ശാന്തയാണ്. അര്‍ച്ചനയുടെ വിശേഷങ്ങള്‍.

ജാഡ ഇമേജ് ഒരു മറ മാത്രം

അങ്ങനെ ഒരു മറ വെച്ചിരുന്നു. കാരണം ഞാന്‍ വളരെ സെന്‍സിറ്റീവ് ആണ്. ആരെങ്കിലുമായി അടുത്താല്‍ അവരെ ഭയങ്കരമായി സ്‌നേഹിക്കും. വിശ്വസിക്കും. ജാഡ എന്ന മറയുള്ളത് കൊണ്ട് ആളുകള്‍ എന്നെ അടുപ്പിക്കില്ല. കൂടുതല്‍ ആളുകള്‍ വന്നാല്‍ അവര്‍ വിട്ടുപോകുമ്പോഴുള്ള വിഷമവും കൂടുതലായിരിക്കും. പക്ഷെ ബിഗ് ബോസിന് ശേഷം കുറച്ചുകൂടി ആളുകളുമായി മിങ്കിള്‍ ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ അത് നല്ലതാണോ മോശമാണോ എന്നൊന്നും ഇപ്പോള്‍ അറിയില്ല. 

എനിക്ക് വെറുതെ ഇരിക്കാന്‍ ഇഷ്ടമല്ല

അതിന്റെ മുഴുവന്‍ ക്രെഡിറ്റും അച്ഛനും അമ്മയ്ക്കുമാണ്. എന്റെ ബാക്ക് ഗ്രൗണ്ട് മൊത്തം സ്‌പോര്‍ട്‌സ് ആണ്. കൊച്ചച്ചനാണ് ഒളിമ്പ്യന്‍ സുരേഷ് ബാബു. അച്ഛന്‍ ജാവലിന്‍ ത്രോ നാഷണല്‍ ലവല്‍ ഫസ്റ്റ് ആയിരുന്നു. അങ്ങനെയാണ് സിആര്‍പിഎഫില്‍ ജോലി കിട്ടുന്നത്. അതെന്റെ ജീനില്‍ ഉണ്ടാകാം. എനിക്ക് വെറുതെ ഇരിക്കാന്‍ ഇഷ്ടമല്ല. മാനസപുത്രി സീരിയല്‍ ചെയ്യുമ്പോള്‍ 24 മണിക്കൂറില്‍ അധികം ഷൂട്ടിങ് നീണ്ടിട്ടുണ്ട്. 

ട്രെയിന്‍ സ്റ്റാര്‍ട്ട് ചെയ്തതും എന്നെ വിളിച്ച് ഇഷ്ടമാണെന്ന് പറഞ്ഞു

ഒരു കൂട്ടുകാരിയുടെ ബര്‍ത്തഡേ ഫങ്ഷന് കൊച്ചിയില്‍ വന്നതായിരുന്നു. ആ സമയത്ത് ഞാന്‍ ചാനലില്‍ അവതാരക ആണ്. മനോജിനെ ആദ്യമായി കാണുന്നത് അവിടെ വെച്ചാണ്. പോകാന്‍ നേരം പുള്ളിക്കാരന്‍ ഹിന്ദിയില്‍ എന്തോ ചോദിച്ചു ഞാന്‍ ഹിന്ദിയില്‍ മറുപടിയും കൊടുത്തു.

പിന്നീട് പുള്ളി കൂട്ടുകാരിയുടെ കയ്യില്‍ നിന്ന് എന്റെ നമ്പര്‍ സംഘടിപ്പിച്ച് വിളിച്ചു. ഒരു ദിവസം ചാനലിന്റെ ഷൂട്ടിങ് ലൊക്കേഷനിലും വന്നു. ഷൂട്ട് കഴിഞ്ഞ് എന്നെയും അമ്മയെയും കൊണ്ടുവിട്ടു. ട്രെയിന്‍ സ്റ്റാര്‍ട്ട് ചെയ്തതും എന്നെ വിളിച്ച് ഇഷ്ടമാണെന്ന് പറഞ്ഞു.

'വീട്ടുകാര്‍ സമ്മതിച്ചാല്‍ ഓകെ' എന്ന് ഞാനും. പിറ്റേന്ന് രാവിലെ ഏഴ് മണിക്ക് കോളിങ് ബെല്‍ അടിക്കുന്നു. വാതില്‍ തുറന്നപ്പോള്‍ മനോജാണ്. അച്ഛനോട് സംസാരിച്ചു. 'ഉം വെരിഗുഡ്' എന്ന് മാത്രമേ അച്ഛന്‍ പറഞ്ഞുള്ളൂ. അതിന് ശേഷമാണ് ഞങ്ങള്‍ പ്രേമിക്കാന്‍ തുടങ്ങിയത്. പിന്നീട് 10 വര്‍ഷത്തിന് ശേഷം കല്യാണം. 

'അദ്ദേഹം എന്നെ നന്നായി മനസ്സിലാക്കുന്നുണ്ട്​'

വിവാഹം ആലോചിക്കുമ്പോള്‍ എനിക്ക് 16 വയസ്സായിരുന്നു പ്രായം. പിന്നീടാണ് ഞാന്‍ സീരിയല്‍ രംഗത്തേക്ക് വരുന്നത്. ഞാന്‍ പറഞ്ഞു, 'എനിക്ക് സമയം വേണം കാത്തിരിക്കൂ' എന്ന്. കല്യാണം കഴിഞ്ഞിട്ട് നാലുവര്‍ഷമായി. അദ്ദേഹം എന്നെ നന്നായി മനസ്സിലാക്കുന്നുണ്ട്. ഡല്‍ഹിയില്‍ മാര്‍ക്കറ്റിങ് മാനേജരായി ജോലി നോക്കുകയാണ് മനോജ് . മാസത്തില്‍ ഒരിക്കലാണ് ഞങ്ങള്‍ കാണുന്നത്.

സോഷ്യല്‍ മീഡിയയിലെ സദാചാര ഗുണ്ടായിസം

ആളുകള്‍ ഓരോന്ന് പറഞ്ഞു നടക്കുകയാണ്. ഡിജിപിയായി കറങ്ങി നടന്നു. എന്നെ അറസ്‌ററുചെയ്തു എന്നൊക്കെ. ഒരു പണിയും ഇല്ലാതെ ഇരിക്കുന്നവരാണ് ഇതിന് പിറകില്‍. ആ ഡിജിപി എന്റെ അച്ഛന്റെ സുഹൃത്താണ്. ജയിലില്‍ എന്നെ ഒരു പരിപാടിക്കായി ക്ഷണിച്ചതായിരുന്നു. 

ആ സമയത്ത് കുറേ വിഷമിച്ചിരുന്നു. സമൂഹമാധ്യമങ്ങളില്‍ എന്നെ കുറിച്ച് നിരന്തരം മോശമായി എഴുതിയപ്പോള്‍ സൈബര്‍ സെല്ലില്‍ പരാതി കൊടുത്തു. പക്ഷെ ഇതുവരെ അതില്‍ ആക്ഷനൊന്നുമെടുത്തിട്ടില്ല. എനിക്ക് പേടിയൊന്നും ഇല്ല. കാരണം ഇതൊന്നും എന്നെയോ എന്റെ കുടുംബ ജീവിതത്തെയോ ബാധിച്ചിട്ടില്ല. പിന്നെ അത്യാവശ്യം കരാട്ടെയും അറിയാം. 


ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിക്കുന്നത്.

Content Highlights: Archana Suseelan, Miniscreen, Serials