മയവും കാലവും നോക്കാതെ ജോലി ചെയ്യുന്നവരാണ് പലരും. എട്ടുമണിക്കൂറാണ് ജോലി സമയമെങ്കിലും ചിലപ്പോള്‍ അത് പത്തും പന്ത്രണ്ടും മണിക്കൂര്‍ വരെ നീണ്ടുപോകാം. എന്നാല്‍ ദിവസവും പത്തു മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യുന്നവര്‍ക്ക് പക്ഷാഘാതം വരാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച 29 ശതമാനം വരെ കൂടുതലാണെന്ന് ഗവേഷകര്‍. ഫ്രഞ്ച് നാഷ്ണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് ആന്‍ഡ് മെഡിക്കല്‍ റിസർച്ചിന്റെ സഹകരണത്തോടെ ഫ്രഞ്ച് കേന്ദ്രീകരിച്ചു നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. 

അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ സ്‌ട്രോക്ക് എന്ന ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 2012 മുതല്‍ 143,592 പേരില്‍ നിന്നു ശേഖരിച്ച വിവരങ്ങള്‍ വിലയിരുത്തിയ ശേഷമായിരുന്നു ഈ വിലയിരുത്തല്‍. 18 മുതല്‍ 69 വയസുവരെ പ്രായമായവരെ പഠനത്തില്‍ ഉള്‍പ്പെടുത്തിരുന്നു. ഇതില്‍ 14,481 പേര്‍ പത്തുവര്‍ഷത്തില്‍ അധികം പത്തു മണിക്കൂറില്‍ കൂടുതല്‍ സമയം ജോലി ചെയ്തവരായിരുന്നു. 

പഠനത്തില്‍ പങ്കെടുത്തവരില്‍ 1,224 പേര്‍ക്ക് പക്ഷാഘാതം സംഭവിച്ചു. പത്തുമണിക്കൂറില്‍ കൂടുതല്‍ സമയം ദീര്‍ഘകാലം ജോലി ചെയ്യുന്നവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് പക്ഷാഘാതം ഉണ്ടാകാനുള്ള സാധ്യത 29 ശതമാനം കൂടുതലാണെന്ന് ഗവേഷകര്‍ വ്യക്തമാക്കി. ദീര്‍ഘനേരം ജോലി ചെയ്യുന്ന 50 വയസിനു താഴെയുള്ളവര്‍ക്കാണ് പക്ഷാഘാതം വരാനുള്ള സാധ്യത വളരെ കൂടുതലെന്ന് പഠനം നടത്തിയ അലക്‌സിസ് ഡസ്‌കോത്ത വ്യക്തമാക്കി. എന്നാല്‍  ഈ വിഷയത്തില്‍ ഇനിയും കൂടുതല്‍ പഠനം ആവശ്യമാണെന്നാണ് ഗവേഷക ലോകത്തു നിന്നുള്ള വിലയിരുത്തല്‍.

Content Highlights: Working more than 10 hours can increase risk of stroke