മൈലാഞ്ചിക്കല്യാണം മലബാറിന് ഏറെ പരിചിതമാണ്.  മഞ്ഞൾക്കല്യാണം അത്രയ്ക്ക് അറിയില്ല. എന്നാൽ, കാലത്തിന്റെമാറ്റത്തിനനുസരിച്ച് മഞ്ഞൾക്കല്യാണവും പ്രചാരത്തിൽവന്നുകഴിഞ്ഞു. സൗന്ദര്യത്തിന്റെ മഞ്ഞൾമാംഗല്യത്തെക്കുറിച്ച്...

കല്യാണത്തലേന്ന് മണവാട്ടിയെ മൈലാഞ്ചിയണിയിക്കുന്ന മെഹന്തി ആഘോഷങ്ങൾ സാധാരണമാണ്. എന്നാൽ, മൈലാഞ്ചിക്കല്യാണത്തിനും തലേന്ന്, പെണ്ണിനെ മഞ്ഞൾ അണിയിക്കുന്ന ഹൽദി ആഘോഷം ഇന്ന് മലബാറിൽ സാധാരണമായിരിക്കയാണ്. ഉത്തരേന്ത്യയിൽനിന്നും ഇതര ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നും കുടിയേറിയവരിൽമാത്രം ഒതുങ്ങിനിന്നിരുന്ന ഹൽദി, ജാതി-മത വ്യത്യാസമില്ലാതെ എല്ലാവിഭാഗക്കാരും പിന്തുടർന്ന് തുടങ്ങിയിരിക്കുന്നു.  

ഹിന്ദിയിൽ ഹൽദിയെന്നാൽ മഞ്ഞൾ എന്നാണ്‌ അർഥം. പുതുജീവിതത്തിന് തയ്യാറെടുക്കുന്ന വധുവിന്റെയും വരന്റെയും ചർമം പൂർണമായും ശുദ്ധമാക്കുകയും ഭംഗിവരുത്തുകയും ചെയ്യുകയെന്ന ഉദ്ദേശ്യത്തോടെയാണ് ഇരുവരെയും വിവാഹത്തിന് തൊട്ടുതലേദിവസമോ അന്ന് രാവിലെയോ ബന്ധുക്കൾ ചേ ർന്ന് മഞ്ഞൾ പുരട്ടി കുളിപ്പിക്കുന്നത്. ക്രമേണ ഇതൊരു ആഘോഷംതന്നെയായി മാറി. സാധാരണഗതിയിൽ വിവാഹത്തിന് രണ്ടുദിവസംമുമ്പാണ് മഞ്ഞൾക്കല്യാണം നടത്തുക. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ, പൊലിമ കൂട്ടിയും കുറഞ്ഞുമൊക്കെ ഇത്തരം ചടങ്ങുകൾ നടക്കാറുണ്ട്. എന്നാൽ, കോഴിക്കോട് അടക്കമുള്ള മലബാർ പ്രദേശങ്ങളിൽ വിവാഹാഘോഷങ്ങളുടെ തുടക്കമായി ഹൽദി കടന്നുകൂടിയിട്ട് രണ്ടുവർഷത്തോളമേ ആയുള്ളൂ. ഇക്കാര്യത്തിൽ ഹിന്ദുവെന്നോ മുസ്‌ലിമെന്നോ ക്രിസ്ത്യനെന്നോ വ്യത്യാസമില്ല. വധൂഗൃഹങ്ങളിലാണ് ഹൽദിയാഘോഷം പ്രധാനമായും നടക്കുന്നത്.

ഉത്തരേന്ത്യൻ വിവാഹങ്ങളിൽ അനിവാര്യമായ ചടങ്ങുകളിലൊന്നായാണ് ഹൽദി ആഘോഷിക്കുന്നതെങ്കിൽ, മലബാറുകാർക്കിടയിൽ, ആഘോഷത്തിന് അല്പം നിറംപകരുകയെന്നതാണ് ലക്ഷ്യം. സ്വർണവും മുല്ലപ്പൂവും നിറഞ്ഞ ആഘോഷങ്ങളിൽനിന്ന് വേറിട്ടൊരു ഭംഗി വിവാഹങ്ങൾക്ക് നൽകാൻ ഇതുവഴി സാധിക്കുന്നു. തന്റെയും സഹോദരി ഹാനിയയുടെയും വിവാഹങ്ങൾക്ക് ഹൽദി ആഘോഷിച്ചിരുന്നതായി കോട്ടക്കൽ സ്വദേശി ഹനീഷ മൊയ്തീൻ പറയുന്നു. മലപ്പുറത്തും കോഴിക്കോട്ടുമായി അഞ്ചോ ആറോ ഹൽദി ആഘോഷങ്ങൾക്ക് താൻ പങ്കെടുത്തതായും അനീഷ ചൂണ്ടിക്കാട്ടുന്നു. കോഴിക്കോട്ട് വെള്ളിമാടുകുന്നിൽ വിദ്യ ജെ. മാത്യുവിന്റെയും വ്യാസന്റെയും വിവാഹം ഇക്കഴിഞ്ഞ ഒക്ടോബറിലാണ് നടന്നത്. വിദ്യയുടെ വീട്ടിൽനടന്ന ഹൽദിക്ക് കൂട്ടുകാരും ബന്ധുക്കളുമൊക്കെ പങ്കെടുത്തു. മാങ്കാവ് പട്ടേൽത്താഴത്ത് ഷിംനയുടെ വിവാഹത്തിനും വലിയ ആർഭാടങ്ങളില്ലാത്തതരത്തിൽ ഹൽദി സംഘടിപ്പിച്ചിരുന്നു.

ഹൽദിദിവസം വധു മഞ്ഞവസ്ത്രത്തിലായിരിക്കും ചടങ്ങിനെത്തുക. മഞ്ഞ പൂമാലകൾ കഴുത്തിലും തലയിലും കൈകളിലും ചൂടും. സ്വർണാഭരണങ്ങൾക്ക് വലിയ സ്ഥാനമുണ്ടാകില്ല. കൂടെയുള്ള കുട്ടികളടക്കമുള്ളവർ മഞ്ഞ ഉടയാടകളിലായിരിക്കും പ്രത്യക്ഷപ്പെടുക. വീട്‌ മഞ്ഞപ്പൂക്കളും ബലൂണുകളുംകൊണ്ട് അലങ്കരിക്കും. ചിലർ മഞ്ഞച്ചോറും മഞ്ഞസർബത്തും മഞ്ഞലഡുവും ജിലേബിയുമൊക്കെയായി സർവം മഞ്ഞമയം എന്നൊരു തലത്തിലേക്ക് കാര്യങ്ങൾ എത്തിക്കും.

Yellow
Image: Mathrubhumi

ബന്ധുക്കളും കൂട്ടുകാരുമെല്ലാം പെണ്ണിനെ മഞ്ഞളണിയിക്കും. മുഖത്തും കൈകാലുകളിലുമൊക്കെ മഞ്ഞൾ പൂശും. ശരിയായ മഞ്ഞൾ പൂശിയാൽ, പിറ്റേദിവസത്തെ മൈലാഞ്ചിക്കല്യാണത്തിന് വധു മഞ്ഞയിൽ കുളിച്ചുനിൽക്കുമെന്നതിനാൽ, വീക്കോ െടർമെറിക് ഫേസ്‌ക്രീം ആണ് ഈ വാരിപ്പൂശലിന് ഉപയോഗിക്കുന്നത്. ഇതാകുമ്പോൾ പെട്ടെന്ന്തന്നെ കഴുകിയെടുത്ത് പിറ്റേദിവസത്തെ മെഹന്തിക്കല്യാണത്തിന് തയ്യാറെടുക്കാം.

പണ്ടുകാലങ്ങളിൽ ഹൽദിയും (മഞ്ഞൾ) ചെറുപയർപ്പൊടിയും എണ്ണയും ചേർത്ത് തയ്യാറാക്കുന്ന കുഴമ്പാണ് പുരട്ടിയിരുന്നതെന്ന് കോഴിക്കോട് ഗുജറാത്തി കുടുംബത്തിൽപ്പെട്ട ജയശ്രീ ഭരത്ചക്രാർ പറയുന്നു. ഗുജറാത്തിയിൽ ഇത്തരം ചടങ്ങിന് ‘പീത്തി’യെന്നാണ് പറയുന്നത്.

Haldi
Image: Mathrubhumi

വധുവിന്റെ വീട്ടിലെ ചടങ്ങിന് സ്ത്രീകൾ മാത്രമായിരിക്കും പങ്കെടുക്കുക. വധുവിനെ മഞ്ഞൾപുരട്ടാൻ ഓരോരുത്തരെയായി പാട്ടുപാടി ക്ഷണിക്കും. മഞ്ഞൾ പൂശുന്നതിനൊപ്പം പെണ്ണിനെ തമാശയാക്കുകയും പാട്ടുപാടി രസിപ്പിക്കുകയുമൊക്കെ ചെയ്യും.

മലബാറിൽ പ്രധാനമായും ഗുജറാത്തികൾക്കിടയിൽനിന്നാണ് ഇതരസമുദായങ്ങളിലേക്ക് ഹൽദി ആഘോഷം കടന്നുകൂടിയതെന്ന് പറയാം. ഇവരുടേതിന് സമാനമായ ചടങ്ങുകൾ അൽപം പൊലിമകൂട്ടിയാണ് മലബാറികൾ മഞ്ഞൾക്കല്യാണം കേമമാക്കുന്നത്. കണ്ടുമടുത്തവയിൽനിന്ന് വേറിട്ട ചില രീതികളും ചടങ്ങുകളും നിറങ്ങളും വിവാഹാഘോഷങ്ങൾക്കൊപ്പം ചേർക്കാനാകുമെന്നതുതന്നെയാണ് മലബാറിൽ ഹൽദിയോടുള്ള പ്രിയം കൂടാനും കാരണം.