സീന്‍ ഒന്ന്
കല്യാണവീട്. വധുവും കൂട്ടരും വീട്ടില്‍നിന്ന് പള്ളിയിലേക്ക് ഇറങ്ങുകയാണ്. മുറ്റത്തു കെട്ടിയ പന്തലിന്റെ ഇരുട്ടിനെ മറികടക്കുന്ന മഞ്ഞലൈറ്റുമായി വീഡിയോഗ്രാഫര്‍ ഓടിനടക്കുന്നു. വധു കാറില്‍ കയറുന്നു. 

സീന്‍ രണ്ട്
വധുവിന്റെ കാര്‍ സ്റ്റാര്‍ട്ടാക്കുന്നതിനു മുന്നേ ബൈക്കില്‍ പാഞ്ഞുപോകുന്ന വീഡിയോഗ്രാഫറും അസിസ്റ്റന്റും. വഴിയരികില്‍ ഒരിടത്ത് അവര്‍ നിലയുറപ്പിക്കുന്നു. കാറുകളുടെ നീണ്ട നിര ഫ്രെയ്മിലേക്ക്. അത് ഒപ്പിയെടുത്ത ശേഷം വീണ്ടും യാത്ര. 

സീന്‍ മൂന്ന്
കല്യാണ വീഡിയോ കാണുന്ന വീട്ടുകാര്‍. ഹിറ്റായ സിനിമാ പാട്ടുകളുടെ ബാക്ക് ഗ്രൗണ്ടിലാണ് ദൃശ്യങ്ങള്‍. ഇടയ്ക്ക് പച്ചപിടിച്ച വയലിലൂടെ കൊറ്റികള്‍ പറക്കുന്നു- കാറ്റില്‍ പൂക്കള്‍ ഇളകുന്നു... 

കല്യാണ വീഡിയോകളില്‍ ആവര്‍ത്തിച്ചു കാണാന്‍ സാധിക്കുന്ന കുറച്ചു സീനുകളാണിത്. കുറച്ചുകാലം മുന്‍പുവരെയുള്ള ട്രെന്‍ഡ്. ഇപ്പോള്‍ പക്ഷേ, സീന്‍ മാറി. കണ്ടുകണ്ടു മടുത്ത ദൃശ്യങ്ങളില്‍നിന്ന് കല്യാണ വീഡിയോകളും രക്ഷപ്പെട്ടു. ന്യൂ ജനറേഷന്‍ തരംഗം വന്നതോടെ വീഡിയോകള്‍ സിനിമപോലെയായി. പണ്ട്, കല്യാണദിവസത്തിന്റെ ആദ്യാവസാനം വരെയുള്ള കാര്യങ്ങള്‍ വീഡിയോയിലുണ്ടാവണമെന്ന് മുതിര്‍ന്ന കുടുംബാംഗങ്ങള്‍ വാശിപിടിക്കുമായിരുന്നു. ഒരൊറ്റ വീഡിയോ ആല്‍ബമാണുണ്ടായിരുന്നത്.

കല്യാണത്തിന്റെ ചടങ്ങുകളും കുറച്ച് ഔട്ട് ഡോര്‍ രംഗങ്ങളുമായിരിക്കും അതിലുണ്ടാവുക. ഇപ്പോള്‍ അങ്ങനെയല്ല. സിനിമകള്‍ക്കുള്ളതുപോലെ ട്രെയിലര്‍ ഇറക്കിത്തുടങ്ങി. ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യാനായി ഹൈലൈറ്റ്‌സ്, ഒപ്പം പ്രീ-വെഡ്ഡിങ്, പോസ്റ്റ് വെഡ്ഡിങ് വീഡിയോകളും. ഏകദേശം 50,000 രൂപ മുതലാണ് ഇതിന്റെ ചെലവ് തുടങ്ങുന്നത്. ലൊക്കേഷന്‍, സ്‌റ്റൈല്‍, ഷൂട്ടിങ് ക്രൂ എന്നിവ മാറുന്നതിനനുസരിച്ച് നിരക്ക് വര്‍ധിക്കും.

Wedding

 

സേവ് ദ ഡേറ്റ് 
പതിവുപോലെ ഓഫീസിലേക്കു പോകുന്ന യുവാവ്. അവിചാരിതമായി ഒരു പെണ്‍കുട്ടിയെ കണ്ടുമുട്ടുന്നു. അവള്‍ നടക്കുന്നതിനിടെ വീഴാന്‍തുടങ്ങുമ്പോള്‍ അവന്‍ താങ്ങിനിര്‍ത്തുന്നു. അവളുടെ കാര്‍ സ്റ്റാര്‍ട്ടാകാതെവരുമ്പോള്‍ ലിഫ്റ്റ് കൊടുക്കുന്നതും അവനാണ്. യാത്രയ്ക്കിടയില്‍ അവര്‍ പരിചയപ്പെടുന്നു. പിന്നെയൊരിക്കല്‍ അവന്‍ പ്രണയം പറയുകയും അവളത് തിരിച്ചറിയുകയും ചെയ്യുന്നു. പിന്നെ പ്രണയരംഗങ്ങളാണ്. പക്ഷേ, ഒരു ട്വിസ്റ്റുണ്ട്. അവനും സുഹൃത്തുക്കളും കൂടി പ്ലാന്‍ചെയ്തതായിരുന്നു, എല്ലാം. അവര്‍ കണ്ടുമുട്ടുന്നതും അവളുടെ കാര്‍ ഓണാവാതെവരുന്നതും എല്ലാം. ഒരു സിനിമാപ്പാട്ടിന്റെയോ, ആല്‍ബം സോങ്ങിന്റെയോ ചുരുക്കമല്ല, ഇത്. ട്രെന്‍ഡായ ഒരു പ്രീ-വെഡ്ഡിങ് വീഡിയോയാണ്. 

കല്യാണത്തിനു മുന്‍പ് ഷൂട്ട് ചെയ്യുന്ന, അഞ്ചു മിനിറ്റൊക്കെ നീളുന്ന 'സേവ് ദി ഡേറ്റ്' വീഡിയോകള്‍ പലതും യു ട്യൂബിലും ഫെയ്‌സ്ബുക്കിലും ഹിറ്റാണ്. മിക്കവാറും എന്തെങ്കിലും തീം വെച്ചിട്ടായിരിക്കും വീഡിയോ ചെയ്യുക. വധുവും വരനും കണ്ടുമുട്ടുന്നതു മുതല്‍ കല്യാണം തീരുമാനിക്കുന്നതുവരെയുള്ള 'റൊമാന്‍സ്' രംഗങ്ങളാണ് ചിത്രീകരിക്കുക. 

റിയലാണ്, റിയലിസ്റ്റിക്കാണ്

റിയലിസ്റ്റിക്കാണ് ഇപ്പോഴത്തെ കല്യാണ വീഡിയോകള്‍. പഴയ സ്റ്റൈല്‍ ഉപയോഗിക്കാറില്ല. ക്യാമറാമാന്റെ ഇഷ്ടത്തിന് ഷൂട്ട് ചെയ്യുന്ന രീതിയല്ല ഇപ്പോള്‍. വധൂവരന്‍മാര്‍ നേരത്തേതന്നെ സംസാരിക്കും. എന്തൊക്കെയായിരിക്കും കല്യാണവീട്ടിലെ ഒരുക്കങ്ങള്‍, പ്രോഗ്രാമുകള്‍ എന്ന് മുന്‍കൂട്ടി പറയും. അതനുസരിച്ചുവേണം പ്ലാന്‍ ചെയ്യാന്‍. എന്ത് തീം വെച്ച് വീഡിയോ ഒരുക്കണം, മൊത്തത്തിലുള്ള മൂഡ് എങ്ങനെയായിരിക്കണം എന്നെല്ലാം കൃത്യമായ ധാരണയുണ്ട്. ക്യാമറയെക്കുറിച്ചൊക്കെ ഇപ്പോഴത്തെ ചെറുപ്പക്കാര്‍ക്ക് അറിയാമല്ലോ. ഏത് ക്യാമറയാണ് ഉപയോഗിക്കുന്നത്, എത്ര ക്യാമറകളുണ്ടാകും, വീഡിയോയുടെ സ്‌റ്റൈല്‍ എങ്ങനെയായിരിക്കണം- എല്ലാത്തിലും അവര്‍ക്ക് കൃത്യമായ അഭിപ്രായമുണ്ടാകും. പരസ്പരം സംസാരിച്ചാണ് എങ്ങനെയാവണം വീഡിയോ എന്നു തീരുമാനിക്കുക. അവര്‍ ആവശ്യപ്പെടുന്ന രീതിയില്‍ ചെയ്യാന്‍ നമ്മളും ഒരുക്കമാണ്. എന്തു പരീക്ഷണത്തിനും 
തയ്യാറാണ്. അതുകൊണ്ടുതന്നെ അവരും ഹാപ്പി. - റോജോ തോമസ്, (ഫോട്ടോഗ്രാഫര്‍, കൊച്ചി)

ഹൈലൈറ്റ്‌സ്
ക്രിക്കറ്റ് മത്സരങ്ങളുടെ ഹൈലൈറ്റ്‌സാണ് നമുക്ക് ഏറ്റവും പരിചയമുള്ള 'ഹൈലൈറ്റ്‌സ്'. മണിക്കൂറുകള്‍ നീളുന്ന മത്സരം മുഴുവന്‍ കാണാന്‍ സമയമില്ലാതെവരുമ്പോഴാണ് ഹൈലൈറ്റ്‌സ് തിരഞ്ഞെടുക്കുന്നത്. കളിയിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളാണ് ഹൈലൈറ്റ്‌സിലുണ്ടാവുക. വിവാഹ വീഡിയോകളുടെ കാര്യത്തിലും ഇപ്പോള്‍ ഹൈലൈറ്റ്‌സിനാണ് ഡിമാന്‍ഡ്.
 
കല്യാണദിവസത്തെ മുഴുവന്‍ കാര്യങ്ങളും ഉള്‍പ്പെടുത്തിയുള്ള വീഡിയോകള്‍ക്കായിരുന്നു, കുറച്ചുകാലം മുന്‍പുവരെ പ്രിയം. അഞ്ചുമിനിറ്റൊക്കെയാണ് മിക്കവാറും നീളം. ബാക്ക് ഗ്രൗണ്ടില്‍ വധൂവരന്മാരുടെ ഇഷ്ടത്തിനുള്ള പാട്ടോ, മ്യൂസിക്കോ ചേര്‍ക്കും. ഏറ്റവും മികച്ച ദൃശ്യങ്ങള്‍, മനോഹരമായ മുഹൂര്‍ത്തങ്ങള്‍, വരനും വധുവും തമ്മില്‍ കൈമാറുന്ന നോട്ടങ്ങള്‍, പ്രധാനപ്പെട്ട ചടങ്ങുകള്‍, വിവാഹത്തിന്റെ മൊത്തം ഫീലുള്ള അഞ്ചു മിനിറ്റ്- ഹൈലൈറ്റ്‌സ് ആവശ്യപ്പെടാന്‍ ആളുകളെ പ്രേരിപ്പിക്കുന്ന കാരണമിതാണ്. 

കല്യാണക്കാസറ്റ് കിട്ടിയാല്‍ വീട്ടില്‍ എല്ലാവരും ചേര്‍ന്നിരുന്ന് കാണുകയും അടുത്ത ബന്ധുക്കള്‍ കാണാന്‍ കൊണ്ടുപോവുകയുമൊക്കെ ചെയ്ത കാലം ഓര്‍മയുണ്ടാകുമല്ലോ. ഹൈലൈറ്റ്‌സ് സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും വാട്‌സാപ്പിലോ ഫെയ്‌സ്ബുക്ക് മെസഞ്ചറിലോ അയച്ചുകൊടുക്കാനും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാനും എളുപ്പവുമാണ്. 

ഔട്ട്‌ഡോര്‍
വിവാഹത്തിനുശേഷമുള്ള ഔട്ട് ഡോര്‍ ഷൂട്ടിങ് എങ്ങനെ വ്യത്യസ്തമാക്കാം എന്നു ചിന്തിച്ചപ്പോള്‍ നവദമ്പതികള്‍ ചെയ്തത് രുചിതേടി ഒരു യാത്രയാണ്. പല സ്ഥലങ്ങള്‍, പല ഹോട്ടലുകള്‍, പല തരം രുചിക്കൂട്ടുകള്‍- ക്യാമറയ്‌ക്കൊപ്പമുള്ള ആ യാത്ര വാര്‍ത്തയായി. പിന്നെ, വൈറലായി. എന്തിലും ഏതിലും വെറൈറ്റി വേണമെന്ന് വാശിയുള്ളവര്‍ക്ക് ഇത് ഒരുദാഹരണം മാത്രം. വിവാഹശേഷമുള്ള വീഡിയോ ചിത്രീകരിക്കാന്‍ വ്യത്യസ്തമായ വഴികള്‍ തേടുകയാണ് പല ന്യൂജെന്‍ ദമ്പതികളും. 

കേരളത്തിലും പുറത്തും മാത്രമല്ല, വിദേശത്തും പോകുന്നവരുണ്ട്. ചിലര്‍ക്കു വേണ്ടത് എന്തെങ്കിലുമൊരും തീം വെച്ചുള്ള വീഡിയോ ആയിരിക്കും. അണ്ടര്‍ വാട്ടര്‍ ഷൂട്ടിങ്ങും ഇപ്പോള്‍ ട്രെന്‍ഡാണ്. വാട്ടര്‍ പ്രൂഫ് ക്യാമറയൊക്കെ ഉപയോഗിച്ച് വെള്ളത്തിനടിയില്‍ വെച്ചായിരിക്കും ദൃശ്യങ്ങള്‍ ചിത്രീകരിക്കുക. കുറച്ചു റിസ്‌കുണ്ടെങ്കിലും എക്കാലത്തേക്കും ഓര്‍ത്തുവെക്കാന്‍പറ്റുന്ന കുറച്ചു നിമിഷങ്ങളും ദൃശ്യങ്ങളും കിട്ടുമെന്നതിനാല്‍ പലരും ശ്രമിക്കുന്നു. ചുരുക്കത്തില്‍ പണ്ടത്തെതുപോലെ വീടിനടുത്തുള്ള ഏതെങ്കിലും കൊള്ളാവുന്ന സ്ഥലത്തുപോയി, ഓടിക്കളിച്ചും ചിരിച്ചു നിന്നും ഫോട്ടോയെടുത്തിരുന്ന രീതി മാറിയെന്നര്‍ഥം. 

മൊത്തത്തില്‍ ഒരു ഓളമാണ്
വിവാഹത്തിന്റെ ചടങ്ങുകള്‍ കാണുന്നതിന് പല ചെറുപ്പക്കാര്‍ക്കും  താത്പര്യമില്ല. പകരം മൊത്തത്തില്‍ ഒരു ഓളമാണ് വേണ്ടത്. സിനിമയുടെ സ്റ്റൈലില്‍തന്നെയാണ് ചെയ്യാറുള്ളത്. ഔട്ട് ഡോര്‍ ചെയ്യുമ്പോള്‍ മൂന്നാര്‍, വൈപ്പിന്‍ ബീച്ച്, പെരവളം ദ്വീപ് തുടങ്ങിയ ടൂറിസ്റ്റ് സ്‌പോട്ടുകള്‍ തിരഞ്ഞെടുക്കാറുണ്ട്. കാന്‍ഡിഡ് വീഡിയോയാണ് മിക്കവാറും പേര്‍ ആവശ്യപ്പെടുന്നത്. സംസാരിക്കുമ്പോഴേ പറയും പോസ് ചെയ്യാന്‍ പറയരുതെന്ന്. നാച്വറലായിട്ടു നില്‍ക്കാനും അത് നമ്മള്‍ ക്യാമറയിലാക്കാനുമാണ് വധൂവരന്മാരും ഇഷ്ടപ്പെടുന്നത്. 
ഷറഫുദീന്‍ പി.എം. (ഫോട്ടോഗ്രാഫര്‍, കൊച്ചി)

 

കാന്‍ഡിഡ്

പരസ്പരം കെട്ടിപ്പിടിച്ചുനില്‍ക്കുന്ന ദമ്പതികള്‍. ക്ലിക്ക് ചെയ്യുന്ന ഫോട്ടോഗ്രാഫര്‍. ദമ്പതികള്‍ ചാഞ്ഞും ചരിഞ്ഞും നില്‍ക്കുന്നു. അതിനൊപ്പിച്ച് പടമെടുക്കുന്ന ഫോട്ടോഗ്രാഫര്‍- കല്യാണ റിസെപ്ഷനും ഔട്ട് ഡോര്‍ ഷൂട്ടിലുമൊക്കെ സ്ഥിരം കാണുന്ന സംഗതികള്‍. ഇന്നു പക്ഷേ, പോസ് ചെയ്ത് പടമെടുക്കാന്‍ മിക്കവര്‍ക്കും താത്പര്യമില്ല. 

റിയലിസ്റ്റിക്കായ രീതിയാണ് പ്രിയം. സ്വാഭാവികമായ ചിരിയും ഭാവവും കിട്ടുന്ന ചിത്രങ്ങളും ദൃശ്യങ്ങളുമാണ് ദമ്പതികള്‍ക്കു വേണ്ടത്. തമ്മാമ്മിലുള്ള ചില കണ്ണിടയലുകള്‍, അപൂര്‍വമായ നോട്ടങ്ങള്‍, എല്ലാം മറന്നുള്ള പുഞ്ചിരി, കൂട്ടുകാരുമൊത്തുള്ള നിമിഷങ്ങള്‍- അറിയാതെ എടുക്കുന്ന ഫോട്ടോകള്‍ക്ക് പണ്ടേ ചന്തം കൂടുതലാണല്ലോ. 

ട്രെയ്‌ലര്‍
സിനിമകള്‍ റിലീസ് ചെയ്യുന്നതിനു മുന്‍പ് ട്രെയിലറുകള്‍ ഇറക്കാറുള്ളതുപോലെ കല്യാണ വീഡിയോകള്‍ക്കും ട്രെയിലറും ടീസറും വന്നുകഴിഞ്ഞു. ഒന്നോ, രണ്ടോ മിനിറ്റു നീളുന്നതായിരിക്കും വീഡിയോ. മനോഹരമായ കുറച്ചു ഷോട്ടുകള്‍- അതിനു ചേരുന്ന മ്യൂസിക്- കല്യാണത്തിന്റെ ഡീറ്റെയ്ല്‍സ്- തീം ഉണ്ടെങ്കില്‍ അതുവെച്ച്- ഇത്രയുമുള്ള ട്രെയിലറുകള്‍ യുവാക്കള്‍ക്ക് ഇഷ്ടമാകാതിരിക്കില്ലല്ലോ. വാട്‌സാപ്പ് ഗ്രൂപ്പുകളിലും മറ്റും ഇന്‍വിറ്റേഷന്റെ കൂടെ അയയ്ക്കുന്നതും ട്രെയിലര്‍ വീഡിയോ ആയിരിക്കും. 

ക്ലൈമാക്‌സ് 
തലേദിവസത്തെ കല്യാണ വീടും പഴയതുപോലെയല്ല ഇപ്പോള്‍. തനിമയുള്ള പല ആചാരങ്ങളും മോഡേണ്‍ രൂപത്തില്‍ തിരിച്ചെത്തി. ഒപ്പം പാട്ടും ഡാന്‍സുമായി അടിപൊളി സംഭവങ്ങള്‍ വേറെയും. വസ്ത്രത്തിലും ഒരുക്കത്തിലും ആഘോഷങ്ങളിലും ട്രെന്‍ഡ് മാറിയപ്പോള്‍ വീഡിയോകളും മാറാതെപറ്റില്ലല്ലോ. സിനിമാപ്പാട്ടുകളെയും ട്രെയിലറുകളെയും വെല്ലുന്ന വെഡ്ഡിങ് വീഡിയോകള്‍ വന്നു. സിനിമ റിയലിസ്റ്റിക് ആയപ്പോള്‍ വെഡ്ഡിങ്ങും റിയലിസ്റ്റിക്കായെന്നു പറയാം. ട്രെന്‍ഡുകള്‍ മാറാനുള്ളതാണല്ലോ.


ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്.