ചെങ്ങന്നൂർ: 2020 മാർച്ച് ഒന്നിനായിരുന്നു ചെങ്ങന്നൂർ സ്വദേശിനി ഡോ. ലീനു ലക്ഷ്മിയും ഷൊർണൂർ സ്വദേശി ആർ. വൈശാഖും തമ്മിലുള്ള വിവാഹനിശ്ചയം. തുടർന്നു വൈശാഖ് ജോലി സ്ഥലമായ ന്യൂസീലൻഡിലേക്കു മടങ്ങി. മാർച്ച് അവസാനത്തോടെ ഇന്ത്യയിലും കോവിഡ് പിടിമുറുക്കി. പലതവണ നാട്ടിലേക്കു തിരിക്കാനുള്ള വൈശാഖിന്റെ ശ്രമങ്ങളും മുടങ്ങി. യൂറോപ്പിലും സമീപപ്രദേശങ്ങളിലും വീണ്ടും കോവിഡ് തരംഗമെത്തിയതോടെ ഈ വർഷം അവസാനം നാട്ടിലെത്താനാകുമെന്ന പ്രതീക്ഷയും മങ്ങി. ഒടുവിൽ കോടതിവിധിയുടെ ആനുകൂല്യത്തിൽ തിങ്കളാഴ്ച ചെങ്ങന്നൂർ സബ് രജിസ്ട്രാർ ഓഫീസിൽ ഇരുവരുടെയും വിവാഹം വെർച്വലായി നടത്തി. ഒന്നരവർഷത്തെ കാത്തിരിപ്പിനൊടുവിൽ ഇരുവരും നിയമപ്രകാരം ഒന്നായി.

ഷൊർണൂർ കവളപ്പാറ ഉത്സവിൽ രാജവത്സലൻ-ബി. ഉഷ ദമ്പതിമാരുടെ മകൻ ആർ. വൈശാഖും (30) ചെങ്ങന്നൂർ കാരയ്ക്കാട് കോട്ട അമ്പാടിയിൽ ലക്ഷ്മണൻ നായർ-എം.ജെ. ശ്രീലത ദമ്പതിമാരുടെ മകൾ ഡോ. ലീനു ലക്ഷ്മിയും (26) തമ്മിലുള്ള വിവാഹമാണ് തിങ്കളാഴ്ച ചെങ്ങന്നൂർ സബ് രജിസ്ട്രാർ ഓഫീസിൽ ഓൺലൈനായി നടത്തിയത്. ചെങ്ങന്നൂർ കോടതിയിലെ അഭിഭാഷക ദിവ്യാ ഉണ്ണിക്കൃഷ്ണൻ വഴി ഹൈക്കോടതിയിൽ ലീനു നൽകിയ അപേക്ഷയിലാണ് കോടതി വിവാഹത്തിനു അനുമതി നൽകിയത്. ഇന്ത്യൻ എംബസി വഴി വൈശാഖിനു ലഭിച്ച സത്യവാങ്‌മൂലം വൈശാഖിന്റെ അച്ഛൻ സബ് രജിസ്ട്രാർ ഓഫീസിൽ ഹാജരാക്കി.

തുടർന്ന് തിങ്കളാഴ്ച 12-നു ജില്ലാ രജിസ്ട്രാർ അജിത്ത് സാം ജോസഫ്, ചെങ്ങന്നൂർ സബ് രജിസ്ട്രാറുടെ ചുമതലയുള്ള സുരേഷ്‌കുമാർ എന്നിവരുടെ സാന്നിധ്യത്തിൽ വിവാഹ രജിസ്റ്ററിൽ ലീനുവും വൈശാഖിനുവേണ്ടി അച്ഛൻ രാജവത്സലനും ഒപ്പു വച്ചു. വീഡിയോ കോൺഫറൻസിൽ ഹാജരായ വൈശാഖും ലീനുവും വിവാഹ പ്രതിജ്ഞചൊല്ലി നടപടികൾ പൂർത്തിയാക്കി. ക്രൈസ്റ്റ് ചർച്ചിൽ പ്രോസസിങ് എൻജിനീയറാണ് വൈശാഖ്. ഡോ. ലീനു പാലാരിവട്ടം റിനൈ മെഡിസിറ്റിയിൽ ക്ലിനിക്കൽ ഫാർമസിസ്റ്റാണ്.

Content Highlights: virtual wedding, online wedding, virtual wedding invitation, online wedding registration, online wedding registration kerala