ന്തരിച്ച നടൻ പോൾ വാക്കറുടെ മകൾ മെഡോ വാക്കറുടെ വിവാഹ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. ഈ മാസമാദ്യമാണ് മോഡൽ കൂടിയായ ഇരുപത്തിരണ്ടുകാരി നടൻ ലൂയിസ് തോർന്റൺ അലനെ വിവാഹം കഴിച്ചത്. വിവാഹ വേദിയിൽ നിന്നുള്ള വികാര നിർഭരമായ ചില രം​ഗങ്ങളാണ് പലരുടെയും ഹൃദയം കീഴടക്കിയത്. 

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത സ്വപ്നസമാനമായ വിവാഹമായിരുന്നു മെഡോവിന്റേത്. എന്നാൽ കാണികളുടെ കണ്ണിൽ ഈറനണിയിക്കുന്നൊരു നിമിഷത്തിനും വേദി സാക്ഷിയായി. വിവാഹവേദിയിലേക്ക് മെഡോവിനെ ആനയിച്ചത് നടൻ വിൻ ഡീസലായിരുന്നു. അച്ഛന്റെ സുഹൃത്തും ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് താരവുമായ വിൻ ഡീസലിനൊപ്പം മെഡോ വേദിയിലേക്ക് കടന്നുവരുന്ന ചിത്രങ്ങളും വൈറലായി. അച്ഛന്റെ സ്ഥാനത്തു നിന്ന് വിൻ ഡീസൽ മെഡോയ്ക്കൊപ്പം വേദിയിലെത്തുന്ന ചിത്രങ്ങൾ ഈറനണിയിക്കുന്നുവെന്ന് പലരും കമന്റ് ചെയ്തു. 

മെഡോയുമായി നേരത്തേ മുതലേ ദൃഢമായ ബന്ധം കാത്തുസൂക്ഷിക്കുന്നയാളാണ് വിൻ ഡീസൽ. തനിക്ക് മകളെപ്പോലെയാണ് മെഡോ എന്നാണ് പല അഭിമുഖങ്ങളിലും വിൻ ഡീസൽ പറയാറുള്ളത്. ഫാദേഴ്സ് ഡേയിൽ തനിക്കാദ്യം വരുന്ന ആശംസ മെഡോയുടേത് ആണെന്നും ഡീസൽ പറഞ്ഞിരുന്നു. 

പ്രശസ്ത ബ്രാൻഡായ ​ഗിവെൻചി ഹോട്ട് ഒരുക്കിയ ​ഗൗണാണ് മെഡോ തിരഞ്ഞെടുത്തത്. അകത്തും പുറത്തും സുന്ദരിയായ ആത്മാർഥ സുഹൃത്ത് മെഡോയ്ക്കു വേണ്ടി വസ്ത്രം ഡിസൈൻ ചെയ്യാനായതിൽ സന്തോഷമുണ്ടെനന്ന ഡിവെൻചിയുടെ ഡിസൈനർ മാത്യു വില്യംസ് പറഞ്ഞു. ലളിതവും ഒപ്പം ആധുനികവുമായ മെഡോയുടെ വ്യക്തിത്വം സ്ഫുരിക്കുന്ന വസ്ത്രം ഡിസൈൻ ചെയ്യുകയായിരുന്നു ഉദ്ദേശമെന്നും അദ്ദേഹം പറഞ്ഞു. 

ഫാസ്റ്റ് ആൻ‍ഡ് ഫ്യൂരിയസ് ചിത്രത്തിന്റെ ആറോളം സീരീസുകളിലും വിൻഡീസലിനൊപ്പം പോൾവാക്കർ പ്രധാന കഥാപാത്രമായിരുന്നു. വിൻ ഡീസലിനെക്കൂടാതെ ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് നായിക ജോർ‌ദാന ബ്ര്യുസ്റ്ററും വിവാഹത്തിൽ പങ്കെടുത്തിരുന്നു. 

2013ൽ 'ഫ്യൂരിയസ് 7' ല്‍ അഭിനയിച്ചു കൊണ്ടിരിക്കെയാണ് പോള്‍ വാക്കര്‍ കാറപകടത്തില്‍ മരിക്കുന്നത്. പോളിന്റെ മരണശേഷം ചിത്രത്തിലെ ഏതാനും ഭാഗങ്ങള്‍ അഭിനയിച്ച് പൂര്‍ത്തിയാക്കിയത് സഹോദരന്‍ കോഡി വാക്കറായിരുന്നു. 

Content Highlights: Vin Diesel Walked Paul Walker's Daughter Down The Aisle At Her Wedding