മാസ്കും സാനിറ്റൈസറും മാത്രം പോരാ കൃത്യമായ സാമൂഹിക അകലവും കൊറോണാ പ്രതിരോധത്തിൽ പ്രധാനമാണ്. കൊറോണ പടർന്നു തുടങ്ങിയപ്പോൾ തന്നെ ഇതുസംബന്ധിച്ച നിർദേശങ്ങളും പുറപ്പെടുവിച്ചിരുന്നു. വിവാഹങ്ങളും മരണങ്ങളുമൊക്കെ ചുരുങ്ങിയ ആളുകളുടെ സാന്നിധ്യത്തിൽ നടന്നുതുടങ്ങി. ആർഭാടമായി നടത്തിയിരുന്ന വിവാഹങ്ങൾ പലതും ചടങ്ങു മാത്രമായി ഒതുക്കി. ഈ സാഹചര്യത്തിൽ ശ്രദ്ധേയമാവുകയാണ് വ്യത്യസ്തമായൊരു ഹൽദി സെറിമണി. സാമൂഹിക അകലം പാലിച്ചാണ് ഇവിടെ ഹൽദി സെറിമണി സംഘടിപ്പിച്ചിരിക്കുന്നത്. 

ട്വിറ്ററിലൂടെയാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്. ഹൽദി സെറിമണിയോട് അനുബന്ധിച്ച് വധുവിന്റെ ശരീരത്തിൽ മഞ്ഞൾ പുരട്ടാൻ സ്വീകരിച്ചിരിക്കുന്ന മാർ​ഗമാണ് വൈറലാകുന്നത്. വധുവിന്റെ അരികിലേക്കു പോവാതെ കൃത്യമായ സാമൂഹിക അകലം പാലിച്ചാണ് സെറിമണി സംഘടിപ്പിച്ചിരിക്കുന്നത്. ഇനി അതെങ്ങനെയെന്നല്ലേ? മറ്റൊന്നുമല്ല പെയിന്റ് റോളർ ഉപയോ​ഗിച്ചാണ് വധുവിന്റെ ശരീരത്തിൽ മഞ്ഞൾ പൂശുന്നത്. 

മഞ്ഞൾ കലക്കി ഒരു ഫോയിൽ പാത്രത്തിൽ നിറച്ചുവച്ചിരിക്കുകയാണ്. ഇതിൽ പെയിന്റ് റോളർ മുക്കിയതിനു ശേഷം വധുവിന്റെ മുഖത്തും കൈകാലുകളിലും പൂശുകയാണ് ചടങ്ങിനെത്തിയവർ. ആഹ്ലാദാരവങ്ങളോടെ ഹൽദിക്കായി തിരഞ്ഞെടുത്ത പുത്തൻ മാർ‌​ഗത്തെ ആസ്വദിക്കുകയാണ് വധുവും കൂട്ടരും.

നിരവധി പേരാണ് വീഡിയോക്ക് കീഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്. സം​ഗതി എന്തായാലും പുത്തൻ ആശയമാണ് എന്നാണ് ഭൂരിഭാ​ഗം പേരും കമന്റ് ചെയ്യുന്നത്.

Content Highlights: Social Distanced Haldi Ceremony Viral Video