വദമ്പതിമാർക്കൊപ്പം നിൽക്കുന്ന എംപി ശശി തരൂരിന്റെ ചിത്രങ്ങൾ കഴിഞ്ഞ ദിവസം സമൂഹമാധ്യമത്തിൽ വൈറലായിരുന്നു. ദമ്പതിമാരെ ആശിർവദിക്കാനെത്തിയ തരൂരിന്റെ ചിത്രങ്ങൾ വൈറലായതിനു പിന്നാലെ പലരും ഉയർത്തിയ ഒരു ചോദ്യമിതാണ്, ഇതിൽ ആരാണ് ശരിക്കും വരൻ. തരൂരിന്റെ വേഷവിധാനമാണ് ഈ സംശയം ജനിപ്പിച്ചതെന്നാണ് പലരുടെയും കമന്റ്.

അർബെയ്ൻ മീഡിയാ നെറ്റ്വർക്കിന്റെ സിആഒ അഭിഷേക് കുൽക്കർണിയുടെയും പൈലറ്റായ ചാഹത് ദലാലിന്റെയും വിവാഹത്തിൽ നിന്നുള്ള ചിത്രമായിരുന്നു അത്. തരൂർ വിവാഹത്തിന് എത്തിയതിനെക്കുറിച്ച് അഭിഷേക് തന്നെയാണ് ചിത്രം സഹിതം പോസ്റ്റ് ചെയ്തത്. താൻ ചെയ്യുന്ന കാര്യങ്ങളിലെല്ലാം അനു​ഗ്രഹം ചൊരിയാൻ മറക്കാത്ത മനുഷ്യനാണ് തരൂർ എന്ന് കുറിച്ചാണ് അഭിഷേക് ചിത്രങ്ങൾ പങ്കുവെച്ചത്. എന്നാൽ വൈകാതെ വരനേക്കാൾ വേദിയിൽ തിളങ്ങുന്നത് തരൂർ ആണെന്ന കമന്റുകൾ വന്നു തുടങ്ങി. 

ഐവറി നിറത്തിലുള്ള ഷെർവാണി ധരിച്ച് വരനും പിങ്ക് ലെഹങ്ക ധരിച്ച് ചാഹതും വേദിയിലെത്തിയപ്പോൾ കിടപിടിക്കുന്ന ലുക്കിലാണ് തരൂരും എത്തിയത്. വസ്ത്രത്തേക്കാൾ തരൂരിന്റെ തലപ്പാവും കഴുത്തിലണിഞ്ഞ പൂമാലയുമൊക്കെയാണ് വരനായി തോന്നിപ്പിക്കാൻ കാരണമായത്. 

ഇതിൽ ആരാണ് യഥാർഥ വരൻ എന്നു പറഞ്ഞുതരുമോ എന്നാണ് പലരും കമന്റ് ചെയ്തത്. ശശി തരൂരിനെ വിവാഹത്തിന് ആശീർവദിക്കാൻ അഭിഷേക് എത്തിയതുപോലെയുണ്ട് എന്ന് മറ്റുചിലർ കുറിച്ചു. അൽപസമയത്തേക്കെങ്കിലും തരൂരിന്റെ വിവാഹമാണെന്നു തെറ്റിദ്ധരിച്ചു എന്നും എന്തിനാണ് തരൂർ പൂമാലയണിഞ്ഞത് എന്നുമൊക്കെ പോകുന്നു കമന്റുകൾ. 

Content Highlights: shashi tharoor mistaken as groom in pic with newlyweds, shashi tharoor twitter