വിവാഹത്തിനു മുന്നോടിയായുള്ള സേവ് ദ ഡേറ്റ് വീഡിയോ എങ്ങനെ വ്യത്യസ്തമാക്കണമെന്ന് ചിന്തയാണ് ദമ്പതികള്‍ക്കും ഫോട്ടോഗ്രാഫര്‍മാര്‍ക്കും. അത്തരത്തില്‍ വളരെ വ്യത്യസ്തമായ ഒരു സേവ് ദ ഡേറ്റ് വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ടെലിബ്രാന്‍ഡ് ഷോയുടെ മാതൃകയില്‍ ചിത്രീകരിച്ച വീഡിയോ ഇതിനോടകം ചര്‍ച്ചയായി കഴിഞ്ഞു. ജീവിതത്തില്‍ മാറ്റം ആഗ്രഹിക്കുന്ന യുവതീയുവാക്കള്‍ ഇത് കഴിക്കേണ്ടതിന്റെ ആവശ്യകതയാണ് വീഡിയോയിലുടനീളം പറയുന്നത്. 

മാത്രമല്ല ഇതു കഴിച്ചതിനു ശേഷം ജീവിതത്തില്‍ ഉണ്ടായിട്ടുള്ള മാറ്റങ്ങളെക്കുറിച്ചും ഗുണങ്ങളെക്കുറിച്ചും പലരും സ്വന്തം അനുഭവത്തിലൂടെ വീഡിയോയില്‍ വിശദീകരിക്കുന്നുണ്ട്. 'കല്യാണം കഴിച്ചാല്‍' എന്നതിനു പകരം വീഡിയോയിലുടനീളം 'ഇത് കഴിച്ചാല്‍' എന്നു വിശേഷിപ്പിക്കുന്നതും ശ്രദ്ധേയമാകുന്നുണ്ട്. 

23-ാം തീയതി നീതുവിന്റെയും മഹേഷിന്റെയും സ്വപ്‌നം പൂവണിയുകയാണ്. ഇത് കഴിക്കുന്നത് കാണാനുള്ള സുവര്‍ണ്ണാവസരം ഉപയോഗപ്പെടുത്തുക എന്നും  പറയുന്നു. എത്തിച്ചേരേണ്ട വഴി സംശയമുള്ളവര്‍ക്ക് സ്‌ക്രീനില്‍ കുടി പാഞ്ഞുപോകുന്ന നമ്പറില്‍ വിളിക്കാനും  നിര്‍ദേശം നല്‍കുന്നുണ്ട്. വീഡിയോ പൂര്‍ണമായും ഒരു ടെലിബ്രാന്‍ഡ് ഷോയുടേതിനു സമാനമായാണ് അവതരിപ്പിച്ചിരിക്കുന്നത്. കൊല്ലത്തുള്ള മൊണാസ്റ്റിക് മങ്കി ക്രിയേറ്റിവ് സ്റ്റുഡിയോയാണ് വ്യത്യസ്തമായ ഈ സേവ് ദ ഡേറ്റ് വീഡിയോയ്ക്ക് പിന്നില്‍.

Content Highlights: save the date wedding video