തെന്നിന്ത്യന്‍ താരറാണി പ്രിയാമണിയുടെ വിവാഹവാര്‍ത്തയും ചിത്രങ്ങളുമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ട്രെന്‍ഡിങ് ടോപിക്. വിവാഹ റിസപ്ഷന് പ്രിയ അണിഞ്ഞ നീല ഗൗണാണ് അക്കൂട്ടത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടത്. 

തെന്നിന്ത്യ മുഴുവന്‍ കീഴക്കി ബോളിവുഡില്‍ വരെ സാന്നിധ്യമറിയിച്ച പ്രിയ താരജാഡകളോ അത്യാഡംബരങ്ങളോ ഇല്ലാതെ ലളിതമായി സ്വന്തം 'ബിഗ് ഡേ'യില്‍ പ്രത്യക്ഷപ്പെട്ടത് ആരാധകരെ തെല്ലൊന്നുമല്ല അത്ഭുതപ്പെടുത്തിയത്. 

ഇലക്ട്രിക് ബ്ലൂ ഗൗണും വെള്ളക്കല്ലുപതിച്ച നെക്ലേസും അതിനോട് ചേര്‍ന്ന കമ്മലും വളരെ നേര്‍ത്ത ഒരു ബ്രേസ്‌ലെറ്റും അണിഞ്ഞ് നിറഞ്ഞ ചിരിയോടെ ബെംഗളുരു എലാന്‍ കണ്‍വെന്‍ഷന്‍ സെന്ററിലെ റിസപ്ഷന് എത്തിയ പ്രിയ സിന്‍ഡ്രെല്ലയെ പോലെ സുന്ദരിയായിരുന്നു. 

പൂര്‍ണിമ ഇന്ദ്രജിത്ത് ഡിസൈന്‍ ചെയ്ത പ്രിയയുടെ വിവാഹഗൗണിനുമുണ്ടായിരുന്നു പ്രത്യേകത. ആ ഗൗണില്‍ പൂര്‍ണിമ തുന്നിച്ചേര്‍ത്തത് പ്രിയയുടെയും മുസ്തഫയുടെയും പ്രണയമാണ്. ഗൗണിന്റെ പോക്കറ്റ് ബോര്‍ഡറില്‍ പ്രിയയുടെയും മുസ്തഫയുടെയും പേരുകള്‍ മുത്തുകള്‍ കൊണ്ട് തുന്നിച്ചേര്‍ത്തിരുന്നു. അവരുടെ അനശ്വരപ്രണയത്തിന്റെ ഓര്‍മയ്ക്കായി. പ്രിയയുടെ ഗൗണിനോട് ചേരുന്ന സ്യൂട്ട് ധരിച്ചാണ് മുസ്തഫയും എത്തിയത്. 

Priya

ബെംഗളുരു ജയനഗറിലെ രജിസ്ട്രാര്‍ ഓഫീസില്‍ വെച്ചുനടന്ന വിവാഹച്ചടങ്ങിന് ഒരു തികഞ്ഞ മലയാളി വധുവായാണ് പ്രിയ എത്തിയത്. മഞ്ഞക്കരയുള്ള പച്ചപട്ടുസാരിയില്‍ മുല്ലമൊട്ട് മാലയണിഞ്ഞ് മുല്ലപ്പൂ ചൂടി ഒരു പരമ്പരാഗത മലയാളി വധുവായി പ്രിയ തിളങ്ങി. 

priayamani


കടപ്പാട്: പൂര്‍ണിമ ഇന്ദ്രജിത്ത് ഇന്‍സ്റ്റഗ്രാം പേജ്‌