അമ്മായിയമ്മ-മരുമകള്‍ ബന്ധത്തിന് പുതിയൊരു നിര്‍വചനം നല്‍കിയിരിക്കുകയാണ് ഒഡിഷ സ്വദേശിനിയായ പ്രതിമ ബെഹ്‌റ. വിവാഹം കഴിഞ്ഞ് അഞ്ചുമാസത്തിനുള്ളില്‍ മകന്‍ മരണപ്പെടുകയും മരുകള്‍ വിധവയാകുകയും ചെയ്തപ്പോള്‍ മരുമകളുടെ ജാതകദോഷമെന്ന് പറഞ്ഞ് അവളെ കുറ്റപ്പെടുത്തുകയല്ല ഈ അമ്മായിയമ്മ ചെയ്തത്. മറിച്ച് മരുമകളെ മകളായി കണ്ട് പുനര്‍വിവാഹം നടത്തുകയായിരുന്നു. 

ഇക്കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു ലിലിയും പ്രതിമയുടെ ഇളയമകന്‍ രഷ്മിരഞ്ജനും തമ്മിലുള്ള വിവാഹം. അഞ്ചുമാസങ്ങള്‍ക്ക് ശേഷം ഭരത്പുറിലെ കല്‍ക്കരി ഖനിയിലുണ്ടായ അപകടത്തെ തുടര്‍ന്ന് പ്രതിമയുടെ മകന്‍ മരണപ്പെട്ടു. മധുവിധു തീരുംമുമ്പേ വിധവയായ മരുമകളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരേണ്ടത് തന്റെ കടമയും ഉത്തരവാദിത്തവുമാണെന്ന് പ്രതിമ തിരിച്ചറിഞ്ഞു. 

ഭര്‍ത്താവിന്റെ മരണത്തോടെ ദു:ഖിതയായി, ആരോടും മിണ്ടാതായ മരുമകളെ ജീവിതത്തെ കുറിച്ച് പറഞ്ഞുമനസ്സിലാക്കുകയാണ് ഈ അമ്മ ആദ്യം ചെയ്തത്. രണ്ടാമത് ഒരു വിവാഹം കഴിക്കേണ്ടതിനെ കുറിച്ചും ജീവിതം മുന്നോട്ട് കൊണ്ടുപോകേണ്ടതിനെ കുറിച്ചും അവര്‍ മരുമകളെ പറഞ്ഞുമനസ്സിലാക്കി. ഒടുവില്‍ ലിലി പുനര്‍വിവാഹത്തിന് സമ്മതമറിയിച്ചു. ഇതോടെ തന്റെ സഹോദരന്റെ മകനെ ലിലിക്കായി ആലോചിക്കുകയായിരുന്നു പ്രതിമ. 

'എനിക്കറിയാം എന്റെ മകന്‍ തിരിച്ചുവരില്ലെന്ന്, ആ ശൂന്യത നികത്താനാവാത്തതാണ്. 20 വയസ്സായ എന്റെ മകളുടെ ദുഖം കണ്ടുനില്‍ക്കാന്‍ എനിക്കാവില്ല. സന്തോഷപൂര്‍ണമായ ഒരു ജീവിതം നയിക്കുന്നതിന് അവള്‍ക്ക് എല്ലാ അവകാശവും ഉണ്ട്. അതുകൊണ്ട് മരുമകളെ വിവാഹം കഴിച്ചയക്കാന്‍ ഞാന്‍ തീരുമാനിക്കുകയായിരുന്നു.' പ്രതിമ പറയുന്നു. 'എന്റെ മരുമകള്‍ എനിക്ക് മകള്‍ തന്നെയാണ്. അവള്‍ വിവാഹിതയായിരിക്കുന്നതില്‍ ഞാന്‍ സന്തോഷവതിയാണ്. അവളുടെ അമ്മയുടെ സ്ഥാനത്ത് നിന്ന് എല്ലാ കടമകളും ഞാന്‍ ചെയ്യും.'  

ഗ്രാമത്തിലെ ജഗന്നാഥ ക്ഷേത്രസന്നിധിയില്‍ വെച്ചായിരുന്നു വിവാഹം. ഗ്രാമവാസികളുള്‍പ്പടെ നിരവധിപേരാണ് വിവാഹത്തില്‍ സംബന്ധിച്ചത്. കന്യാദാനം നിര്‍വഹിച്ചത് പ്രതിമതന്നെയാണ്. 'ലിലിയെ മരുമകളായി വീട്ടുകാരെല്ലാം സ്വീകരിച്ചുകഴിഞ്ഞിരുന്നു. പിന്നെ എനിക്കുമാത്രമെന്താണ് ഒരു തടസ്സം, ഞാനും ഇക്കാര്യത്തില്‍ സന്തോഷിക്കുകയല്ലേ വേണ്ടത്. 'ലിലിയെ വിവാഹം കഴിച്ച സന്‍ഗ്രാം ബെഹ്‌റ പറയുന്നു. 

അമ്മായിയമ്മ- മരുമകള്‍ ബന്ധം മാത്രമല്ല, വിധവകളോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടുകള്‍ കൂടിയാണ് പ്രതിമ തിരുത്തിയിരിക്കുന്നത്. അങ്കുള്‍ ജില്ലയിലെ ഗോബാര ഗ്രാമപഞ്ചായത്തിലെ മുന്‍പഞ്ചായത്ത് പ്രസിഡന്റായിരുന്നു പ്രതിമ. 

Content Highlights: Pratima Behera from Odisha has solemnised the marriage of her widowed daughter-in-law