വിവാഹചിത്രങ്ങൾ പങ്കുവെച്ച് പ്രശസ്ത സംരംഭകയും മോഡലും അഭിനേത്രിയുമായ പാരിസ് ഹിൽട്ടൺ. നവംബർ പതിനൊന്നിനാണ് പാരിസ് ഹിൽട്ടണും വ്യവസായി കാർട്ടർ റിയൂമും വിവാഹിതരായത്. ലോസ്ആഞ്ചലീസിൽ വച്ചുനടന്ന വിവാഹചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് താരം ഇപ്പോൾ. 

ഫെബ്രുവരിയിൽ വിവാഹനിശ്ചയം കഴിഞ്ഞ ഇരുവരും പാരിസിന്റെ മുത്തച്ഛന്റെ ബാരൺസ് ഹിൽട്ടണിന്റെ ബെൽ എയർ എസ്റ്റേറ്റിൽ വച്ചാണ് വിവാഹിതരായത്. പ്രശസ്ത ഫാഷൻ ഡിസൈനർ ഓസ്കർ ഡി ലാ റെന്റ ഡിസൈൻ ധരിച്ച മനോഹരമായ ​ഗൗൺ ധരിച്ചാണ് പാരിസ് വിവാഹ വേദിയിലെത്തിയത്. മൂന്നു ദിവസത്തോളം നീണ്ട വിവാഹ ചടങ്ങുകളാണ് ഉണ്ടായിരുന്നത്. മൂന്നിനുമായി പത്തോളം വ്യത്യസ്ത ഡിസൈനിലുള്ള വസ്ത്രങ്ങളായിരിക്കും താൻ ധരിക്കുക എന്ന് പാരിസ് നേരത്തേ പറഞ്ഞിരുന്നു. 

ജീവിതത്തിൽ ഇതുവരെ അനുഭവിച്ചതിൽ വച്ചേറ്റവും മാന്ത്രികവും സ്നേഹം നിറഞ്ഞതുമായ അനുഭവം എന്നാണ് വിവാഹത്തെക്കുറിച്ച് പാരിസ് പറയുന്നത്. തന്നിൽ നഷ്ടപ്പെട്ട ഒരു ഭാ​ഗത്തെ കണ്ടെത്തിയതുപോലെയാണ് തോന്നുന്നത്. കാർട്ടർ തനിക്ക് ഭർത്താവിനും അപ്പുറമാണ്. നല്ല സുഹൃത്തും അധ്യാപകനും പ്രണയിതാവും ആത്മവിശ്വാസവുമാണ്. കാർട്ടറിനരികിൽ ഭാര്യയായി നിൽക്കാൻ കഴിഞ്ഞതിൽ അഭിമാനം തോന്നുന്നു. കുട്ടിക്കാലം തൊട്ടേ സ്വപ്നസമാനമായ വിവാഹം സ്വപ്നം കണ്ടിരുന്നു, ഒടുവിൽ അത് സംഭവിക്കുകയും ചെയ്തു- പാരിസ് പറഞ്ഞു.

നിരവധി ഹോളിവുഡ് താരങ്ങളും പാരിസിന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയിരുന്നു. എമ്മാ റോബർട്സ്, ഇവാൻ റോസ്, കിം കർദാഷിയാൻ, ബെബ് റെക്സാ എന്നിങ്ങനെ പോകുന്ന താരനിര. വിവാഹശേഷം കാർണിമൽ തീമിലൊരുക്കിയ വെഡ്ഡിങ് പാർട്ടിയും പാരിസ് സംഘടിപ്പിച്ചിരുന്നു. 

പതിനഞ്ചു വർഷത്തോളം നീണ്ട സൗഹൃദത്തിനൊടുവിലാണ് താനും കാർട്ടറും വിവാഹിതരാകാൻ തീരുമാനിച്ചതെന്ന് പാരിസ് പറഞ്ഞിരുന്നു. ഇക്കഴിഞ്ഞ കാലമത്രയും ഒരു പങ്കാളിക്കു വേണ്ടി കാത്തിരിക്കുകയായിരുന്നു താൻ. തന്റെ സ്വപ്നങ്ങൾ പങ്കുവെക്കാനൊരു പുരുഷൻ എന്നത് മാത്രമല്ല, ഒന്നിച്ച് ഭാവി കെട്ടിപ്പടുക്കാൻ കഴിയുന്നൊരു പുരുഷൻ എന്നതായിരുന്നു മനസ്സിൽ. പാരിസ് ഹിൽട്ടൺ എന്ന വ്യക്തിയിൽ അഭിരമിച്ച് വരുന്നയാളെയല്ല മറിച്ച് യഥാർഥ തന്നെ തിരിച്ചറിഞ്ഞ് സ്നേഹിക്കുന്ന ഒരാളെയായിരുന്നു ആവശ്യം. കാർട്ടറുമായുള്ള എന്റെ പ്രണയത്തിൽ ഞാൻ‌ അഭിമാനിക്കുന്നു.- പാരിസ് പറഞ്ഞു.

Content Highlights: paris hilton wedding, paris hilton wedding dress, Paris Hilton and Carter Reum, paris hilton boyfriend