കോവിഡ് കാലത്തിനു ശേഷം മനുഷ്യന്റെ ജീവിതരീതിയിൽ ഒട്ടേറെ മാറ്റങ്ങളാണ് വന്നത്. മാസ്കും സാനിറ്റൈസറും വർക് ഫ്രം ഹോമുമൊക്കെ കേട്ടുപഴകിയ പദങ്ങളായി. ഇക്കൂട്ടത്തിൽ ഓൺലൈനായി നടന്ന വിവാഹങ്ങളുമുണ്ട്. കോവിഡ് നിയന്ത്രണങ്ങൾ മൂലം ഇരുരാജ്യങ്ങളിലായ വധൂവരന്മാരിൽ പലരും ഇക്കാലത്ത് ഓൺലൈൻ വിവാഹം സ്വീകരിക്കുകയുണ്ടായി. തൃപ്രയാർ സ്വദേശി കീർത്തന ജ്യോതിക്കും കൈപ്പമം​ഗലം സ്വദേശി നിർമൽ ദാസിനും പറയാനുള്ളതും ഇത്തരത്തിലൊരു വിവാഹ വിശേഷമാണ്. 

കഴിഞ്ഞ ആഴ്ചയാണ് വി.എച്ച്.എസ്.ഇ അധ്യാപികയായ കീർത്തനയുടെയും ന്യൂസിലാൻ‍ഡിൽ എഞ്ചിനീയറായ നിർ‌മലിന്റെയും വിവാഹം ഓൺലൈനായി നടന്നത്. 2019ൽ വിവാഹം നിശ്ചയിച്ചതായിരുന്നു. 2020 സെപ്തംബറിൽ വിവാഹം നടത്താനായിരുന്നു പദ്ധതി. എന്നാൽ മാർച്ച് ആയതോടെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. രണ്ടരവർഷമായിട്ടും കോവിഡ് നിയന്ത്രണങ്ങൾ മൂലം നിർമലിന് നാട്ടിലേക്ക് എത്താനായില്ല. ഇതോടെയാണ് ഓൺലൈനായി വിവാഹം നടത്താനുള്ള സാധ്യതകളെപ്പറ്റി അന്വേഷിച്ചത്.

ഇക്കഴിഞ്ഞ നവംബറിലാണ് തൃപ്രയാർ രജിസ്റ്റർ ഓഫീസിൽ ഇതുസംബന്ധിച്ച അപേക്ഷ നൽകിയത്. തുടർന്ന് വക്കീലിനെ കാണലും സ്പെഷൽ മാര്യേജ് ആക്റ്റ് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്യാനുള്ള വഴികളുമൊക്കെ അന്വേഷിച്ചു. ഓൺലൈൻ വഴി നടത്താനുള്ള അനുമതി ലഭിച്ചതോടെ മുന്നോട്ടു പോവുകയായിരുന്നു. നിർമലിന്റെ അച്ഛനാണ് നിർമലിന് പകരം ഒപ്പിട്ടത്. അച്ഛനും അമ്മയും നിർമലിന്റെ ചേച്ചിയും സാക്ഷികളായി ഒപ്പിട്ടു. വീഡിയോ കോൺഫറൻസിലൂടെ നിർമലിന്റെ സാന്നിധ്യവുമുണ്ടായിരുന്നു- കീർത്തന പറയുന്നു. 

Content Highlights: online wedding, online wedding registration kerala, registration of marriages