Bride

ഘോഷങ്ങളുടെ നാളുകളാണ് ഓരോ വിവാഹവും. വിവാഹാഘോഷങ്ങളുടെ രീതികളില്‍ മാറ്റങ്ങള്‍ വന്ന പോലെ വിവാഹവസ്ത്രങ്ങളിലും മാറ്റങ്ങള്‍ വന്നുകഴിഞ്ഞു. വിവാഹ വസ്ത്രങ്ങള്‍ക്ക് പ്രത്യേക നിറം വേണമെന്ന സങ്കല്പമൊന്നും ആദ്യകാലത്ത് ഉണ്ടായിരുന്നില്ല. അന്ന് മണവാട്ടികൾ ഇന്നത്തെ അത്ര ഫാഷൻ കോൺഷ്യസ് ആയിരുന്നില്ലെന്നും പറയാം. 

ഒരു കാലത്ത് ചോക്ലേറ്റ് ബ്രൗൺ കാഞ്ചീപുരം ആയിരുന്നു മണവാട്ടികളുടെ സ്ഥിരം വേഷം. പിന്നീടെപ്പോഴോ അത് ചുവപ്പിന് വഴിമാറി. കാലം പലതുകഴിയുന്തോറും മണവാട്ടിയും ചുവപ്പുനിറവും തമ്മിലുള്ള അന്തർധാര ശക്തമായതല്ലാതെ പരീക്ഷണങ്ങൾക്കൊന്നും വധു തയ്യാറായതുമില്ല. ഹിന്ദു വധുവിന് ചുവന്ന കാഞ്ചീപുരം പട്ട് തന്നെ എന്ന രീതിയിലെത്തി കാര്യങ്ങൾ.  

അതുപോലെത്തന്നെയായിരുന്നു ക്രിസ്ത്യൻ വധുക്കളുടെ വസ്ത്രധാരണം. വെള്ള വസ്ത്രത്തിലല്ലാതെ ക്രിസ്ത്യൻ വധുവിനെ സങ്കല്പിക്കാൻ പോലും കഴിയില്ല. വെള്ള സാരിയും തലയില്‍ വലിയ ക്രൗണും പിന്നെ വലിയ വെയിലും (veil). മുസ്ലിം വധുക്കളാണെങ്കിൽ  കടും പച്ച, കടും ചുവപ്പ് തുടങ്ങിയ നിറങ്ങള്‍ തിരഞ്ഞെടുത്തിരുന്നു. തട്ടത്തിലും വസ്ത്രത്തിലും നിറയെ ഷെല്ലുകളും തൊങ്ങലുകളുമാണ് അന്ന് ഡിസൈനായിരുന്നത്. വിവാഹആഘോഷത്തിന്റെ രീതികളിലുണ്ടായ മാറ്റം പോലെ തന്നെ ഇന്ന് വേഷങ്ങളിലും വലിയ മാറ്റങ്ങൾ സംഭവിച്ചുകഴിഞ്ഞു. കളറിൽ ഡിസൈനിൽ മോഡലിൽ തുടങ്ങി സർവത്ര മാററം. 

എന്റെ വിവാഹവസ്ത്രം ഞാനല്ലാതെ പിന്നാരാണ് തീരുമാനിക്കേണ്ടത് എന്നാണ് ന്യൂജെൻ വധുക്കളുടെ ചോദ്യം. അതിനാൽത്തന്നെ ഡിസൈനേഴ്‌സിന്റെ അടുക്കല്‍ നിന്നും കസ്റ്റമൈസ്ഡ് വിവാഹ വസ്ത്രങ്ങള്‍ തയ്യാറാക്കി വാങ്ങുകയാണ് ഇന്നത്തെ പെണ്‍കുട്ടികള്‍. ഹിന്ദു വിവാഹത്തിന് ചുവന്ന കാഞ്ചീപുരം ഇന്നും ട്രെന്‍ഡ് തന്നെയാണെങ്കിലും മറ്റ് പല നിറങ്ങളും പരീക്ഷിക്കാന്‍ ഇന്നത്തെ മണവാട്ടിമാര്‍ തയ്യാറാണ്. കല്ലുകള്‍ പതിപ്പിച്ച കനം കൂടിയ സാരികളെക്കാളും മോട്ടിഫുകള്‍ വരുന്ന ലൈറ്റ് വെയിറ്റ് സാരികളാണ് അവർക്ക് പ്രിയം.

അക്വാ ബ്ലൂ, ഡീപ് ഗ്രീന്‍ ആന്‍ഡ് റെഡ്, പര്‍പ്പിള്‍, ഒനിയന്‍ കളര്‍, പിസ്താ ഗ്രീന്‍ ആന്‍ഡ് പീച്ച്, ഓറഞ്ച് തുടങ്ങിയ നിറവൈവിധ്യങ്ങള്‍ പരീക്ഷിക്കാന്‍ ഇന്ന് പെണ്‍കൊടികള്‍ക്ക് യാതൊരു മടിയുമില്ല ബോര്‍ഡര്‍ലെസ്സ് സാരികള്‍ക്ക് കോണ്‍ട്രാസ്റ്റ് ബ്ലൗസ് അണിയുന്നതാണ് പുതിയ ട്രെന്‍ഡ്. സാരികള്‍ ഡിസൈന്‍ ചെയ്‌തെടുക്കുന്നത് പൊതുവെ കുറവാണെങ്കിലും പ്ലെയിന്‍ ബ്ലൗസ് പീസ് എടുത്ത് അതില്‍ ഹെവി എംബ്രോയിഡറി ചെയ്യാനാണ് പെണ്‍കുട്ടികള്‍ താല്‍പര്യപ്പെടുന്നത്. താലികെട്ടിന് സെറ്റ്സാരിയോ, സെറ്റുമുണ്ടോ ഉടുത്ത് മലയാളിമങ്കയായി ഒരുങ്ങാനാണ് കൂടുതൽ പേർക്കും ഇഷ്ടം. ഇതിലും ബ്ലൗസ് തന്നെയാണ് ഹൈലൈറ്റ്. 

Wedding Dress 2
Photo : Label'M

ക്രിസ്ത്യന്‍ വിവാഹങ്ങള്‍ക്ക് സാരി എന്ന കണ്‍സെപ്റ്റ് ഗൗണിന് വഴിമാറിയിട്ട് നാളുകളായി. അതും ഡിസൈനര്‍ ഗൗണ്‍ തന്നെയാണ് പ്രിയം. വെള്ള നിറത്തോടൊപ്പം തന്നെ ഐവറി നിറവും ക്രിസ്ത്യന്‍ വധുക്കള്‍ക്കിടയില്‍ ട്രെൻഡാണ്. ബീഡ്സും സ്റ്റോണ്‍ വര്‍ക്കും വരുന്ന കസ്റ്റമൈസ്ഡ് ആയ ഇത്തരം വസ്ത്രങ്ങള്‍ക്ക് 15,000 രൂപ മുതല്‍ക്കാണ് വില വരുന്നത്. കോള്‍ഡ് ഷോള്‍ഡര്‍ ഗൗണിനും കേപ്പ് ഗൗണുകള്‍ക്കുമാണ് കൂടുതല്‍ ആവശ്യക്കാര്‍. തലയില്‍ വയ്ക്കുന്ന വെയിലിന് പകരം സാരി വിത്ത് ട്രെയിലും വധുക്കള്‍ക്കിടയില്‍ ട്രെന്‍ഡാണ്. സര്‍ദോസി, ബീഡ്സ്, സീക്വന്‍സ്, ലെയ്‌സ് എന്നിവയാണ് ഗൗണുകളെ മനോഹരമാക്കുന്നത്.

Wedding Dress
Photo: Label'M

നിറയെ സ്റ്റോണ്‍ വര്‍ക്കുകളും ഹാന്‍ഡ് എംബ്രോയ്ഡറികളുമുള്ള ലെഹങ്കയും അനാര്‍ക്കലിയുമാണ് ഇന്ന് മുസ്ലിം വധു ഇഷ്ടപ്പെടുന്നത്.. ചുവപ്പ്, പച്ച എന്നീ നിറങ്ങളിൽ നിന്ന് പരീക്ഷണങ്ങൾക്ക് അവരും തയ്യാറായിക്കഴിഞ്ഞു. ഓംബ്രെ, പീച്ച്, ഓറഞ്ച്, മെറൂണ്‍ തുടങ്ങിയ നിറങ്ങളില്‍ സര്‍ദോസി വര്‍ക്ക് ചെയ്ത ലഹങ്ക ലാച്ച തുടങ്ങിയവയ്ക്ക് ഡിമാന്‍ഡ് ഏറെയാണ്.  

ഇഷ്ടപെട്ട വിവാഹ വസ്ത്രങ്ങൾക്കായി ആയിരമല്ല ലക്ഷങ്ങൾ മുടക്കാനും ഇന്നത്തെ പെൺകുട്ടികൾ തയ്യാറാണ് എന്നതിന്റെ തെളിവാണ് പതിനയ്യായിരത്തിൽ തുടങ്ങി മൂന്നും നാലും ലക്ഷം രൂപ വരെ വിലവരുന്ന വിവാഹ വസ്ത്രങ്ങൾ. ജീവിതത്തിലെ അവിസ്മരണീയ ദിനത്തിൽ താൻ ആഗ്രഹിച്ച പോലെ ഒരുങ്ങാൻ ഒാരോ പെൺകുട്ടിയും ആഗ്രഹിക്കുന്നുണ്ട്. കാരണം അവളുടെ മനസ്സിൽ അവളൊരു രാജകുമാരി തന്നെയാണ്..


വിവരങ്ങള്‍ക്ക് കടപ്പാട് : Label'M Kochi