ബോളിവുഡ് ​ഗായിക നേഹ കക്കറും രോഹൻ പ്രീതും തമ്മിലുള്ള വിവാഹ ചടങ്ങുകളിൽ നിന്നുള്ള ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങൾ നിറയെ. ഹിന്ദു-സിഖ് ആചാരപ്രകാരം രണ്ടു ചടങ്ങുകളിലായാണ് നേഹയുടെ വിവാഹം നടന്നത്. ഇരു വിവാഹങ്ങൾക്കുമായി നേഹ ധരിച്ച വസ്ത്രങ്ങളും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. നേഹയുടെ വിവാഹ വസ്ത്രങ്ങൾ ബിടൗൺ താരറാണിമാരുടേത് അനുകരിച്ചതാണെന്നാണ് ഓൺലൈൻ ലോകത്തെ പുതിയ സംസാരം. 

നടിമാരായ അനുഷ്ക ശർമ, ദീപിക പദുക്കോൺ, പ്രിയങ്ക ചോപ്ര എന്നിവരുടെ വിവാഹ വസ്ത്രങ്ങളും ലുക്കുമാണ് നേഹ കക്കർ കോപ്പി ചെയ്തതെന്നാണ് പലരുടെയും കണ്ടുപിടുത്തം. ചിത്രം സഹിതം ഇവ ട്രോളുകളാക്കി മാറ്റിയിരിക്കുകയാണ് പലരും. ഹിന്ദു വിവാഹത്തിനു വേണ്ടി നേഹ ധരിച്ച ചുവപ്പു ലെഹം​ഗ നടി പ്രിയങ്ക ചോപ്ര തന്റെ വിവാഹത്തിന് അണിഞ്ഞതിന് സമാനമാണെന്നാണ് പറയുന്നത്. സബ്യാസാചി ഡിസൈൻ ചെയ്ത ചുവപ്പു ലെഹം​ഗയാണ് പ്രിയങ്ക വിവാഹത്തിന് ധരിച്ചിരുന്നത്. മൂടുപടമായി ചുവപ്പു ദുപ്പട്ട മുമ്പിലേക്കിടുകയും ചെയ്തിരുന്നു പ്രിയങ്ക. സമാനമായാണ് നേഹയും ധരിച്ചിരുന്നത്. ഫാൽ​ഗുനി-ഷെയ്ൻ പീകോക് ഡിസൈൻ ചെയ്ത ചുവപ്പു ലെഹം​ഗയിലാണ് നേഹ സുന്ദരിയായത്. എന്തായാലും ഈ വസ്ത്രം പ്രിയങ്കയുടെ കോപ്പിയാണെന്നാണ് പലരും പറയുന്നത്. 

സിഖ് വിവാഹ ചടങ്ങിൽ നേഹ ധരിച്ച പിങ്ക് ലെഹം​ഗയും ചർച്ചയിൽ ഇടം നേടിയിട്ടുണ്ട്. 2017ൽ അനുഷ്ക ശർമയും വിരാട് കോലിയും വിവാഹത്തിന് അവതരിച്ച അതേ ലുക്കിലാണ് നേഹയും റോഹനും വന്നതെന്നാണ് കണ്ടുപിടുത്തം. പിങ്കും പീച്ചും നിറഞ്ഞ ലെഹം​ഗയാണ് അനുഷ്കയും നേഹ​യും ധരിച്ചിരുന്നത്. ഇരുവരുടേതും ഡിസൈൻ ചെയ്തതാകട്ടെ സബ്യസാചിയും. 

നേഹയുടെ വിവാഹ വിരുന്നിൽ നിന്നുള്ള ചിത്രങ്ങൾക്കു കീഴെയും ട്രോളുകൾ നിറയുന്നുണ്ട്. മൂടുപടത്തോടെ ധരിച്ച വെള്ള ലെംഹ​ഗ 2018ൽ ദീപിക പദുക്കോൺ തന്റെ വിവാഹ വിരുന്നിന് ധരിച്ചിരുന്നതിന് സമാനമാണ് എന്നതാണത്. മൂടുപടത്തോടുകൂടിയ വെള്ള ഡിസൈൻ സാരിയാണ് ദീപിക വിവാഹ വിരുന്നിന് ധരിച്ചിരുന്നത്. 

നിരവധി പേരാണ് ചിത്രങ്ങൾക്ക് കീഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്. പാട്ടുകൾ റീമേക് ചെയ്യുന്നത് അനുവദിക്കാം, പക്ഷേ വിവാഹ വസ്ത്രവുമോ എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്. ഒറിജിനലായി എന്തെങ്കിലും ചെയ്യൂ എന്നാണ് മറ്റൊരാൾ പറയുന്നത്. പാട്ടുകൾ റീമേക് ചെയ്ത് ചെയ്ത് വിവാഹവസ്ത്രവും നേഹ റീമേക് ചെയ്തു എന്നായി മറ്റൊരാൾ. 

ഇതിനിടയിൽ നേഹയെ പിന്തുണച്ച് ആരാധകരും രം​ഗത്തെത്തിയിട്ടുണ്ട്. ഓരോ വധുവിനും തന്റെ വിവാഹത്തിന് എങ്ങനെ ഒരുങ്ങണമെന്നത് സംബന്ധിച്ച് സങ്കൽപങ്ങളുണ്ടാവും അതവരുടെ ഇഷ്ടമാണ് എന്നും നടിമാരിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുന്നതിൽ എന്താണ് തെറ്റെന്നുമൊക്കെ പോകുന്നു കമന്റുകൾ. 

ഇത്തരത്തിലുള്ള ട്രോളുകളോട് ഒടുവിൽ പ്രതികരിക്കുകയും ചെയ്തു നേഹ. സാധാരണ താൻ ഇത്തരം കമന്റുകളെ വകവെക്കാറില്ലെങ്കിലും ഇക്കുറി ഒരു കാര്യം പറയണം എന്നു പറഞ്ഞാണ് നേഹ തുടങ്ങിയത്. മീമുകളും ട്രോളുകളും ഇറക്കുന്നവരെ കുറ്റപ്പെടുത്തരുതെന്നും അതിലൂടെ അവർക്ക് സന്തോഷം ലഭിക്കുന്നെങ്കിൽ അങ്ങനെ ചെയ്യാൻ അനുവദിക്കൂ എന്നുമാണ് നേഹ പറഞ്ഞത്.

Content Highlights: Neha Kakkar’s wedding looks inspired by Priyanka Chopra, Deepika Padukone, Anushka bridal outfits