ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ബോളിവുഡ്താരം വരുണ്‍ ധവാനും കാമുകി നടാഷ ദലാലും വിവാഹിതരായത്. ആലിബാഗില്‍ ജനുവരി ഇരുപത്തിനാലിന് നടന്ന വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. കോവിഡ് മുന്‍കരുതലുകള്‍ പാലിച്ച് നടത്തിയ വിവാഹത്തില്‍ നിന്നുള്ള ചിത്രങ്ങളും പുറത്തുവന്നിരുന്നു. ഒറ്റനോട്ടത്തില്‍ തന്നെ ലളിതവും മനോഹരവുമെന്നാണ് നടാഷയുടെ വിവാഹവസ്ത്രത്തിന് ഫാഷനിസ്റ്റകള്‍ നല്‍കിയിരിക്കുന്ന കമന്റ്.
ഫാഷന്‍ ഡിസൈനര്‍ കൂടിയായ നടാഷ തന്റെ വെഡ്ഡിങ് ഔട്ട്ഫിറ്റിലും പുതുമ കൊണ്ടുവന്നിരുന്നു. പെയില്‍ ഗോള്‍ഡ് നിറത്തിലുള്ള ലെഹംഗയാണ് നടാഷ ധരിച്ചിരുന്നത്. വെള്ളി, സ്വര്‍ണ നിറത്താല്‍ തുന്നിയ എംബ്രോയ്ഡറി വര്‍ക്കിനാല്‍ സമൃദ്ധമായിരുന്നു ലെഹംഗ. വി ആകൃതിയിലുള്ള കഴുത്തും ഷീര്‍ സ്ലീവുമാണ് ബ്ലൗസിന്റെ പ്രത്യേകത. വെള്ളിനിറത്തിലുള്ള സീക്വന്‍സുകള്‍ കൊണ്ടുള്ള വര്‍ക്കുകളാണ് ബ്ലൗസിലുള്ളത്. ഫ്‌ളോറല്‍ സീക്വന്‍സുകളും സ്റ്റോണ്‍ വര്‍ക്കുകളും നിറഞ്ഞ ദുപ്പട്ട കൂടിയായപ്പോള്‍ നടാഷ കൂടുതല്‍ സുന്ദരിയായി.
വസ്ത്രത്തിന്റെ നിറത്തോടും ഡിസൈനിനോടും ചേര്‍ന്നു നില്‍ക്കുന്ന ആഭരണങ്ങളാണ് നടാഷ ധരിച്ചത്. കാതിലും കഴുത്തിലുമെല്ലാം അമിതാഭാര്‍ഭാടങ്ങളില്ലാത്ത ഡയമണ്ട് ആഭരണങ്ങളാണ് നടാഷ ധരിച്ചത്. മേക്അപ്പും അമിതമാവാതിരിക്കാന്‍ നടാഷ ശ്രദ്ധിച്ചിരുന്നു. ഷിമ്മറി ഐഷാഡോയും ഗ്ലോസി പിങ്ക് ലിപ്സ്റ്റിക്കും ബ്ലഷ് ചെയ്ത കവിള്‍ത്തടങ്ങളുമൊക്കെ താരത്തിന്റെ മാറ്റുകൂട്ടി.
സ്വന്തം ലേബലില്‍ നിന്നുള്ള വസ്ത്രമാണ് നടാഷ വിവാഹത്തിനായി തിരഞ്ഞെടുത്തത്. നടാഷയുടെ വസ്ത്രത്തോടു ചേര്‍ന്നുനില്‍ക്കുന്ന ഓഫ് വൈറ്റ് ബാന്ദ്ഗാല ഷെര്‍വാണിയാണ് വരുണ്‍ ധവാന്‍ ധരിച്ചത്. ഗോള്‍ഡ്, ഫ്‌ളോറല്‍ വര്‍ക്കിനാല്‍ സമൃദ്ധമായിരുന്നു വരുണിന്റെ വസ്ത്രം. ബോളിവുഡിലെ പ്രശസ്ത ഡിസൈനര്‍ മനീഷ് മല്‍ഹോത്രയുടെ ലേബലില്‍ നിന്നുള്ള വസ്ത്രമാണ് വരുണ്‍ തിരഞ്ഞെടുത്തത്.
Content Highlights: Natasha Dalal looks gorgeous in her Wedding Outfit