വിവാഹശേഷമുള്ള ഫോട്ടോഷൂട്ട് ഒരു സംഭവം തന്നെയാണ്. ഫോട്ടോഗ്രാഫര്‍മാരുടെ ഭാവനയ്ക്കും സങ്കല്പങ്ങള്‍ക്കുമനുസരിച്ച് നിന്നും ഇരുന്നും ചാഞ്ഞും ചെരിഞ്ഞുമൊക്കെ പോസ് ചെയ്യാന്‍ നവദമ്പതികള്‍ മടിക്കാറുമില്ല. അങ്ങനെയൊക്കെ പോസ് ചെയ്താലെ നല്ല മികവുറ്റ വെഡ്ഡിംഗ് ആല്‍ബം തയ്യാറാക്കാനാവൂ എന്ന് അറിയാത്തവരല്ല ഇന്നത്തെ തലമുറ. 

ഈ ഫോട്ടോഷൂട്ട് സംരംഭം വിജയിപ്പിക്കാന്‍ പലപ്പോഴും നവദമ്പതികള്‍ക്ക് മറ്റാരുടെയെങ്കിലും സഹായം കൂടിയേ തീരു. വധുവിന്റെ ശിരോവസ്ത്രം പിടിച്ചുകൊടുക്കാനോ ഇരുവരെയും കുട ചൂടിക്കാനോ ഒക്കെ സുഹൃത്തുക്കളാണ് കൂടെയെത്തുക. അങ്ങനെ കൂട്ടിനെത്തിയ പ്രിയപ്പെട്ട കൂട്ടുകാരി നവദമ്പതികളുടെ ഫോട്ടോഷൂട്ട് അവിസ്മരണീയമാക്കിയതെങ്ങനെയാണെന്ന് ഈ ചിത്രങ്ങള്‍ തെളിയിച്ചുതരും!

photo
image:ashleyhempel

കാനഡയിലെ വിവാഹഫോട്ടോഷൂട്ടാണ് സമൂഹമാധ്യമങ്ങളില്‍ ചിരിപടര്‍ത്തി വൈറലായത്. വെഡ്ഡിംഗ് ഫോട്ടോഗ്രാഫറായ ആഷ്‌ലി ഹെംപലാണ് ഫോട്ടോകള്‍ പോസ്റ്റ് ചെയ്തത്. റെബേക്കയുടെ ജയിംസിന്റെയും വിവാഹശേഷമുള്ള ഫോട്ടോകളെടുക്കാന്‍ ആഷ്‌ലി കൂടെവിളിച്ചത് റെബേക്കയുടെ കൂട്ടുകാരി ഷെറിലിനെ. സാധാരണഗതിയില്‍ ഫ്രെയിമില്‍ നിന്നൊഴിഞ്ഞ് മാറി പതുങ്ങിനില്‍ക്കുന്നവരാണ് ഇത്തരം സഹായികള്‍. പക്ഷേ, ഷെറില്‍ ആഷ്‌ലിയുടെ ധാരണകളെയാകെ തകിടംമറിച്ചു.

photo
image:ashleyhempel

കിട്ടിയ അവസരം നന്നായിത്തന്നെ ഷെറില്‍ വിനിയോഗിച്ചു. നവദമ്പതികള്‍ക്കൊപ്പം ഓരോ ഫ്രെയിമിലും ഷെറില്‍ കയറിക്കൂടി. അതും ഏറ്റവും മികച്ച ചില ഭാവാഭിനയങ്ങളുമായി. ഫോട്ടോഗ്രാഫര്‍ ശരിക്കും കുഴങ്ങി. വധുവിന് യാതൊരു ഭാവവ്യത്യാസവുമില്ല. വരനാവട്ടെ ഇതൊക്കെ ആസ്വദിക്കുന്ന മട്ടിലുമാണ്. എന്താണ് സംഭവിക്കുന്നതെന്ന അമ്പരപ്പ് മുഖത്തുണ്ടെങ്കിലും ചില അവസരങ്ങളില്‍ ചിരി പിടിച്ചുനിര്‍ത്താന്‍ നന്നേ കഷ്ടപ്പെടുന്നുമുണ്ട്. 

photo
image:ashleyhempel

ഫോട്ടോഷൂട്ട് പുരോഗമിക്കുന്തോറും വരന്റെ മുഖം ഗൗരവം നിറഞ്ഞതാവാന്‍ തുടങ്ങി. ഇതെന്ത് അസംബന്ധമാണ് സംഭവിക്കുന്നതെന്ന മട്ടിലായി നോട്ടവും പെരുമാറ്റവും. അതോടെ ഷെറില്‍ ആ സത്യം തുറന്നു പറഞ്ഞു. ഇതൊക്കെ റെബേക്കയുടെ പ്ലാനായിരുന്നു, തന്റെ പ്രിയതമനെ ഒന്ന് വട്ടംചുറ്റിക്കാന്‍ വേണ്ടി മാത്രമെന്ന്. കുറേനാള്‍ മുമ്പ് കണ്ട ഒരു വിവാഹഫോട്ടോയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടായിരുന്നു കൂട്ടുകാരികളുടെ തമാശ.

എന്തായാലും വരന്‍ ജയിംസും ഫോട്ടോഗ്രാഫര്‍ ആഷ്‌ലിയും ലോകത്തുള്ള സകല പുരുഷന്മാര്‍ക്കും മുന്നറിയിപ്പ് നല്കുകയാണ്, വിവാഹസമയത്ത് വധുവിന്റെ കൂട്ടുകാരിയെ അടുത്ത് നിര്‍ത്തുമ്പോള്‍ ഇങ്ങനെയുള്ള പണികള്‍ വരാന്‍ സാധ്യതയുണ്ടെന്ന്!!