വിവാഹത്തിന് നാണം കുണുങ്ങി വധു വേദിയിലെത്തുന്ന കാലമൊക്കെ കഴിഞ്ഞു. ഇപ്പോള്‍ സൂപ്പര്‍ കൂളായാണ് പെണ്‍കുട്ടികള്‍ വിവാഹവേദിയിലേക്കെത്തുന്നത്. വിവാഹ വസ്ത്രത്തില്‍ അസ്സല്‍ ഡപ്പാംകൂത്ത് നൃത്തവും ചെയ്ത് വേദിയിലേക്കെത്തുന്ന നിരവധി വധുക്കളുടെ വീഡിയോകളും വൈറലായിരുന്നു. അക്കൂട്ടത്തിലേക്കിതാ മറ്റൊന്നുകൂടി. ഇക്കുറി മഹാരാഷ്ട്രയില്‍ നിന്നുള്ള വധുവാണ് സമൂഹമാധ്യമത്തില്‍ താരമായിരിക്കുന്നത്. 

ഏക് പഹേലി ലീലാ എന്ന ചിത്രത്തിലെ മേരാ സയ്യാന്‍ സൂപ്പര്‍ സ്റ്റാര്‍ എന്ന ഗാനത്തിനൊപ്പമാണ് തകര്‍പ്പന്‍ ചുവടുകളുമായി യുവതി വേദിയിലെത്തുന്നത്. പട്ടുടയാടകള്‍ ധരിച്ച് മുല്ലപ്പൂവും ആഭരണങ്ങളും അണിഞ്ഞെത്തിയ വധു കൂളിങ് ഗ്ലാസും ധരിച്ചാണ് ആടിപ്പാടി വേദിയിലെത്തുന്നത്. വേദിയിലേക്ക് വരുന്ന നിമിഷം തൊട്ട് തെല്ലും കൂസാതെ നൃത്തം ചെയ്യുന്നതും വീഡിയോയില്‍ കാണാം. 

മനോഹരമായ ചുവടുകള്‍ക്കൊടുവില്‍ വേദിയിലെക്കത്തുന്ന വധു വരന്റെ കൈകളില്‍ ചുംബിക്കുന്നതും ശേഷം നൃത്തം അവസാനിപ്പിക്കുന്നതുമാണ് വീഡിയോയിലുള്ളത്. നിരവധിപേരാണ് വധുവിനെ അഭിനന്ദിച്ച് കമന്റ് ചെയ്തിരിക്കുന്നത്. 

സാരിയും ആഭരണങ്ങളും ധരിച്ച് ഇത്ര ആത്മവിശ്വാസത്തോടെ ചുവടുകള്‍ വെച്ച യുവതിയെ അഭിനന്ദിച്ചേ മതിയാവൂ എന്നും സ്വന്തം വിവാഹത്തിനല്ലെങ്കില്‍ പിന്നെപ്പോഴാണ് ഇത്രയും സന്തോഷം പ്രകടിപ്പിക്കേണ്ടത് എന്നുമൊക്കെ പോകുന്നു കമന്റുകള്‍. 

Content Highlights: Maharashtrian Bride Dances To ‘Saiyaan Superstar Viral Video