സ്വര്‍ലോക സുന്ദരിമാരായി കല്യാണ പന്തലില്‍ നില്‍ക്കാനാണ് ഓരോ മണവാട്ടിയും ആഗ്രഹിക്കുന്നത്. പക്ഷെ ചൂടും ലൈറ്റും കൊണ്ടും കുറച്ച് നേരം കഴിയുമ്പോഴേക്കും മണവാട്ടി നാഗവല്ലിമാരായി മാറുന്ന അവസ്ഥയും വരാറുണ്ട്. വിയര്‍ത്തൊലിക്കാതെ മേക്കപ്പ് ദീര്‍ഘനേരം നിലനിര്‍ത്താന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. 

  • ചര്‍മം നന്നായാല്‍ എല്ലാം നന്നായി 

ചിത്രം വരയ്ക്കാന്‍ വൃത്തിയും തെളിഞ്ഞതുമായ പ്രതലം ആവശ്യമുള്ളതുപോലെ നിങ്ങളുടെ മേക്കപ്പ് ദീര്‍ഘനേരം നിലനിര്‍ത്തുന്നതില്‍  നിങ്ങളുടെ ചര്‍മത്തിനുള്ള പ്രാധാന്യം മറ്റൊന്നിനുമില്ല. കാര്യമായ പ്രശ്‌നങ്ങളൊന്നുമില്ലാത്ത തെളിഞ്ഞ ചര്‍മമാണെങ്കില്‍ മേക്കപ്പ് ചെയ്യുന്നത് സ്വാഭാവികമായി നിലനില്‍ക്കും. അതിനാല്‍ കല്യാണത്തിന് രണ്ടു മാസം മുന്‍പെങ്കിലും ചര്‍മത്തിന് വേണ്ട പരിചരണം നല്കാന്‍ ശ്രദ്ധിക്കുക.

  • എന്തിനും മുന്‍പ് പ്രൈമര്‍ ഉപയോഗിക്കുക

പുട്ടിയടിച്ചതിന് ശേഷമല്ലേ പെയിന്റിംഗ് തുടങ്ങുക. ഒരു തരത്തില്‍ പറഞ്ഞാല്‍ ഈ പുട്ടിയുടെ അതെ പ്രാധാന്യം തന്നെയാണ് പ്രൈമറിനും ഉള്ളത്. പ്രൈമറിന് ശേഷം ഫൗണ്ടേഷന്‍ ഇട്ടാല്‍ അത് ദീര്‍ഘനേരം നിലനില്‍ക്കും. അത്‌പോലെ തന്നെ ചര്‍മത്തിന് യോജിച്ച ഫൗണ്ടേഷന്‍ വേണം ഉപയോഗിക്കാന്‍. ഓയിലി സ്‌കിന്‍ ഉള്ളവര്‍ മാറ്റ് ഫിനിഷില്‍ ഉള്ള ഫൗണ്ടേഷനും, ഡ്രൈ സ്‌കിന്‍ ഉള്ളവര്‍ ക്രീം ബേസ്ഡ് ഫൗണ്ടേഷനും തിരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. തിളക്കം കൂടുതലുള്ള ഷിമ്മര്‍ ടൈപ്പ് മേക്കപ്പ്‌ പ്രോഡക്ട്‌സ് തീര്‍ത്തും ഒഴിവാക്കണം. കണ്ണിനും പ്രൈമര്‍ വച്ച് ബേസ് കൊടുക്കേണ്ടത് അത്യാവശ്യമാണ്. എത്ര ലോങ്ങ് ലാസ്റ്റിംഗ് ആണെന്ന് പറഞ്ഞാലും ഐലൈനര്‍, മസ്‌ക്കാര ,ഐഷാഡോ എന്നിവ പരക്കാനുള്ള സാധ്യത ഏറെയാണ്. 

  • സെറ്റിങ് സ്‌പ്രേ 

ഫൗണ്ടേഷന്‍, കോംപാക്ട്‌, ബ്ലഷ് അങ്ങനെ നിരവധി ലെയര്‍ മേക്കപ്പ് ഇട്ടതിനു ശേഷം നിര്‍ബന്ധമായും മേക്കപ്പ് സെറ്റിങ് സ്‌പ്രേ ഉപയോഗിച്ചിരിക്കണം. മിതമായ അളവില്‍ വേണം എന്ന് മാത്രം കാരണം സെറ്റിങ് സ്‌പ്രേ കൂടുതലായാല്‍ ചര്‍മം ഒട്ടുവാന്‍ തുടങ്ങും.

  • ലിപ്സ്റ്റിക്കിന് ടിഷ്യൂ 

അല്‍പം വെള്ളം കുടിച്ചാലോ ഭക്ഷണം കഴിച്ചാലോ ലിപ്സ്റ്റിക് ഇളകി പോകാനുള്ള സാധ്യത തള്ളി കളയാനാകില്ല. അത് കൊണ്ട് ലിപ്സ്റ്റിക് രണ്ട്-മൂന്ന് ലെയറുകളായി ധരിക്കുക. ഓരോ ലെയര്‍ ഇടുമ്പോഴും ചുണ്ടിനു മീതെ ഒരു ടിഷ്യു വച്ച് കുറച്ച് പൗഡര്‍ ഇടുക. ഇങ്ങനെ ചെയ്യുന്നത് ലിപ്സ്റ്റിക് ദീര്‍ഘനേരം നില്ക്കാന്‍ സഹായിക്കും 

  • ടച്ച് അപ്പിന്  ബ്ലോട്ടിങ് പേപ്പര്‍

മുഖത്തെ അമിതമായ എണ്ണമയം കളയാന്‍  കോംപാക്ട് പൗഡര്‍ കൊണ്ട് ടച്ചപ്പ് നല്‍കുന്നതിന് പകരം ബ്ലോട്ടിങ് പേപ്പര്‍ ഉപയോഗിക്കുക . ഇടയ്ക്കിടെ കോംപാക്ട് പൗഡര്‍ ഉപയോഗിക്കുന്നത് വെള്ള പൂശിയതു പോലെ ആകാന്‍ കാരണമാകും. എന്നാല്‍ ബ്ലോട്ടിങ് പേപ്പര്‍ മുഖത്തെ അമിത എണ്ണമയം വലിച്ചെടുക്കുന്നതോടൊപ്പം മേക്കപ്പ് മാറ്റ് ഫിനിഷില്‍ നിര്‍ത്താനും സഹായികും.

  • ലെസ്സ് ലഗ്ഗേജ് മോര്‍ കംഫര്‍ട്ട്

യാത്ര പോകുമ്പോള്‍ സ്ഥിരം കേള്‍ക്കുന്ന ഡയലോഗ് ആണിത്‌. മേക്കപ്പിലും ഈ കാര്യം ഓര്‍ത്താല്‍ അത്രേം ടെന്‍ഷന്‍ കുറയും. ഓവറായുള്ള മേക്കപ്പ് ആരെയും കോണ്‍ഷ്യസ് ആക്കും. അത്തരം മേക്കപ്പ് ദീര്‍ഘനേരം നില്‍ക്കാന്‍ ഇടയ്ക്കിടെ ടച്ചപ്പും വേണ്ടി വരും. കുറെ ലെയര്‍ മേക്കപ്പ് ഇടുന്നതിനേക്കാള്‍ ഉള്ള മേയ്ക്കപ്പ് ഭംഗിയായും വൃത്തിയായും ബ്ലെന്‍ഡ് ചെയ്‌തെടുക്കുന്നതിലാണ് കാര്യം.