കല്പറ്റ: അയല്‍ജില്ലകളിലെ പെണ്ണുകിട്ടാത്ത യുവാക്കള്‍ വധുവിനെത്തേടി വയനാട്ടിലെ ആദിവാസി കോളനികളിലേക്ക്. ജില്ലയിലെ വിവിധ കോളനികളില്‍നിന്ന് നാലുവര്‍ഷത്തിനിടെ എണ്‍പതോളം പെണ്‍കുട്ടികളാണ് കോഴിക്കോട്, കുറ്റ്യാടി, വടകര, കണ്ണൂര്‍ ഭാഗങ്ങളിലേക്ക് വിവാഹിതരായി പോയത്.

മാനന്തവാടി, തിരുനെല്ലി ഭാഗങ്ങളിലുള്ളവരാണ് ഇവരിലേറെയും. ഏറ്റവുമധികം വിവാഹങ്ങള്‍ നടക്കുന്നത് കുറ്റ്യാടി ഭാഗത്തേക്കായതിനാല്‍ പൊതുവേ 'കുറ്റ്യാടി കല്യാണ'മെന്നാണ് കോളനി നിവാസികള്‍ ഇത്തരം വിവാഹങ്ങളെ വിളിക്കുന്നത്.

നാട്ടില്‍ പെണ്ണുകിട്ടാത്ത ചെറുപ്പക്കാരും അവരുടെ വീട്ടുകാരും ജാതകം, ജാതി എന്നിവ നോക്കാതെ അടിയ, പണിയ, കാട്ടുനായ്ക്ക വിഭാഗങ്ങളില്‍നിന്ന് പെണ്‍കുട്ടികളെ സ്വീകരിക്കാന്‍ തയ്യാറാണ്. 90 ശതമാനം വിവാഹങ്ങളിലും സ്വര്‍ണംമുതല്‍ വണ്ടിവാടകയടക്കം ചെലവുനോക്കുന്നത് വരന്മാരാണ്.

പിന്നാക്കാവസ്ഥ, കോളനിയിലെ പുരുഷന്മാരുടെ മദ്യപാനം, പുറംലോകമെന്ന സ്വപ്നം, മെച്ചപ്പെട്ട ജീവിതസാഹചര്യം, മുമ്പ് വിവാഹിതരായവരുടെ നല്ല കഥകള്‍... 'കുറ്റ്യാടിക്കല്യാണ'ത്തിന് പെണ്‍വീട്ടുകാരെ പ്രേരിപ്പിക്കുന്ന കാരണങ്ങളിവയാണ്. 'മകളുടെ കല്യാണം കഴിഞ്ഞിട്ട് രണ്ടുമാസമായി, ഇപ്പോഴും വിരുന്നിന്റെ തിരക്കാണെന്ന് അവള്‍ വിളിച്ചാല്‍ പറയും. അവള്‍ക്കവിടെ നല്ല സുഖമാണ്'. കുറ്റ്യാടിയിലേക്ക് വിവാഹിതയായ മാനന്തവാടിക്കാരി ശാലിനിയുടെ അമ്മ കൂരി പറയുന്നു.

ചില അപവാദങ്ങളുമുണ്ട്. കേസില്‍പെട്ടവരും മറ്റും സ്വന്തംനാട്ടില്‍ പെണ്ണുകിട്ടാതെ വയനാട്ടിലേക്ക് വരുന്നുണ്ടെന്ന് ചില കോളനിനിവാസികള്‍ പറയുന്നു. ചില വീടുകളിലെങ്കിലും ജാതീയമായ അധിക്ഷേപങ്ങളുണ്ടാകുന്നുണ്ട്. വിവാഹശേഷം ഭാര്യവീട്ടിലേക്ക് പോവാത്ത ഭര്‍ത്താക്കന്മാരുണ്ട്. മാറിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനാവാതെ ഭര്‍ത്താവിന്റെ വീട്ടില്‍നിന്ന് മടങ്ങിവരുന്ന െപണ്‍കുട്ടികളുമുണ്ട്.

അവധി ദിവസങ്ങളില്‍ മിക്ക കോളനികളിലും പെണ്ണന്വേഷിച്ച് വരുന്നവരുടെ തിരക്കാണ്. ഒരുദിവസംകൊണ്ട് ഇവര്‍ ബ്രോക്കര്‍മാരുടെകൂടെ മൂന്നോ നാലോ കോളനികളിലെത്തി പെണ്ണുകാണും.

'അഞ്ചുപവനില്‍ കുറയാതെ സ്വര്‍ണം തരാമെന്നാണ് പുറമേനിന്ന് വരുന്നവര്‍ പറയുന്നത്. അതുകൊണ്ട് ഇവിടത്തെ ചെറുപ്പക്കാര്‍ക്ക് പെണ്ണുകിട്ടാത്ത സ്ഥിതിയായി'- കൊയിലേരിയിലെ മുരളി പറഞ്ഞു.

കമ്മിഷന്‍ 20,000 രൂപവരെ

വിവാഹം നടക്കുന്നത് വരന്റെ നാട്ടിലാണ്. പെണ്‍കുട്ടിയുള്ള ഒരു കോളനി കാണിച്ചുകൊടുത്താല്‍ 20,000 രൂപ കമ്മിഷന്‍ തരാമെന്ന് പറഞ്ഞവരുണ്ടെന്ന് ഒരു ട്രൈബല്‍ പ്രൊമോട്ടര്‍ പറഞ്ഞു. ബ്രോക്കര്‍മാരുടെ കമ്മിഷന്‍ ഇതിലും കൂടുതലാണ്.

Content Highlights: Kuttyadi Wedding